നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനും ഇതുവരെയുള്ള തയ്യാറാടെപ്പുകളെപ്പറ്റി ചര്‍ച്ച ചെയ്യാനുമായി കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ നാളെ ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തെപ്പറ്റിയും നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ സ്വീകരിക്കേണ്ട വഴികളെപ്പറ്റിയും ചര്‍ച്ചയുണ്ടാവും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. പ്രതിപക്ഷ നേതാവ് ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് വൈകിട്ട് എത്തും. ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയേയും സംസ്ഥാന നേതാക്കള്‍ കണ്ട് ഇലക്ഷനെപ്പറ്റിയും ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യും.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയും നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായിരിക്കും മുഖ്യമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍. മോശം പ്രകടനം കാഴ്ചവെച്ച നേതാക്കളെയെല്ലാം മാറ്റി പുതിയ ഭാരവാഹികളെ നിയമിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ ജില്ല തിരിച്ചുള്ള നേതാ്ക്കന്മാരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഹൈക്കമാന്റിന് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. ചര്‍ച്ചയില്‍ കെ.വി തോമസിന്റെ ഇടഞ്ഞ് നില്‍ക്കുന്ന സമീപനത്തെപ്പറ്റിയും ചര്‍ച്ച ചെയ്യപ്പെടും.