നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയെ ഒരുക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള യാത്ര നടത്തുന്നു. 11ന് ചേരുന്ന മുന്നണി നേതൃയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലുടെയും ജാഥ കടന്നു പോകും. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതോടെ തുടക്കമാകും.
11ന് ചേരുന്ന നേതൃയോഗത്തിൽ ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ചയുടെ തീയതികളും നിശ്ചയിക്കപ്പെടും. ജനുവരിയിൽ തന്നെ സീറ്റ് വിതരണം ചെയ്യാനും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുമാണ് ധാരണ.
കഴിഞ്ഞ തവണ കോൺഗ്രസ് 87 സീറ്റിൽ മത്സരിച്ചിരുന്നു. ലീഗ് ആകട്ടെ 24 സീറ്റിലും. കേരള കോൺഗ്രസ് എമ്മിന് 15 സീറ്റ് നൽകിയിരുന്നത്. ജെഡിയു ഏഴ് സീറ്റിൽ മത്സരിച്ചു. കഴിഞ്ഞതവണ യുഡിഎഫ് ആർഎസ്പിയ്ക്ക് അഞ്ച് സീറ്റ് നൽകി. കേരള കോൺഗ്രസ് ജേക്കബിനും സിഎംപിയ്ക്കും ഓരോ സീറ്റ് വീതം നൽകി.
ജോസഫ് ഗ്രൂപ്പിന് അധികമായി നൽകിയാലും മാണി ഗ്രൂപ്പിന്റെ കുറച്ചു സീറ്റ് ബാക്കി വരും. ജെ ഡി യുവിന്റെ സീറ്റുകൾ ഇക്കുറി ഒഴിവാണ്. അതായത് അധികമായി 12 മുതൽ 14 വരെ സീറ്റുകൾ ഉണ്ടാകും എന്നർത്ഥം. എൻസിപി മുന്നണിയിലേക്ക് വന്നാലും സീറ്റ് വിഭജനത്തിൽ പ്രശ്നം ഉണ്ടാകില്ലെന്ന് യുഡിഎഫ് കരുതുന്നു.ഒഴിവു വരുന്ന സീറ്റുകളിൽ വിവിധ ഘടകകക്ഷികൾ അവകാശവാദമുന്നയിക്കുന്നുണ്ട്.