തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സംവരണം; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ അദ്ധ്യക്ഷ പദവിയില്‍ സംവരണത്തിനുള‌ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം മൂന്നാംതവണയും അദ്ധ്യക്ഷസ്ഥാനം സംവരണമായാല്‍ പൊതുവിഭാഗമാക്കേണ്ട എന്ന നിലപാടിലാണ്.

തുടര്‍ച്ചയായി സംവരണം ചെയ്യപ്പെട്ട അധ്യക്ഷ പദവി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

മുന്‍ ഉത്തരവ് പഞ്ചായത്ത്,മുനിസിപ്പാലി‌റ്റി ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് മാ‌റ്റങ്ങള്‍ ബുദ്ധിമുട്ടാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ എതിര്‍ത്ത് കോടതിയെ അറിയിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന 20 ഹര്‍ജികളിലും കക്ഷിയായിരുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സിംഗിള്‍ ബെഞ്ച് ഉത്തരവ് മൂലം കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലെയും അദ്ധ്യക്ഷപദം പുനപരിശോധിക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *