ഇത് വേറെ ലെവൽ സമരം, കർഷകപ്രക്ഷോഭത്തിനിടെ സമര വേദിക്കടുത്ത് വ്യായാമത്തിന് മിനി ജിം
പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് പിന്തുണ ലഭിക്കുന്നത്. ഇതിൽ മികച്ച പിന്തുണ നൽകുന്ന ഒരു വിഭാഗമാണ് കായികതാരങ്ങൾ, പ്രത്യേകിച്ചും പഞ്ചാബിൽ നിന്നുള്ള കായികതാരങ്ങൾ.
കബഡി താരങ്ങളും ഭാരോദ്വഹകരും ഗുസ്തി താരങ്ങളുമൊക്കെ സമരരംഗത്ത് ഉണ്ട്. കായികമത്സരങ്ങൾ ഇവരുടെ പ്രൊഫഷൻ ആയതിനാൽ ശാരീരികക്ഷമത സമരരംഗത്തും നിലനിർത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സമരവേദിയിൽ ഒരു മിനി ജിം സെറ്റ് ചെയ്തിരിക്കുകയാണ് ഇവർ.
“കേന്ദ്രസർക്കാർ പറയുന്നത് പഞ്ചാബിൽ മുഴുവൻ ലഹരി ഇടപാടുകൾ ആണെന്നാണ്. അവിടുത്തെ ചെറുപ്പക്കാർ ലഹരിക്ക് അടിമകൾ ആണെന്നാണ്. എന്നാൽ അതല്ല സത്യം എന്ന് തെളിയിക്കണം”- കബഡി താരം ബിട്ടു സിംഗ് ഒരു ദേശീയ ചാനലിനോട് പറഞ്ഞു.
കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിന് ഒപ്പം രണ്ടുമണിക്കൂർ ജിമ്മിലും ചെലവഴിക്കുന്നുണ്ട് ഇവർ. വ്യായാമത്തിന്റെ പ്രാധാന്യം എല്ലാവരെയും ബോധ്യപ്പെടുത്താനും ഈ ഉദ്യമം ഗുണം ചെയ്യുമെന്ന് ഇവർ കരുതുന്നു.
സമരരംഗത്തുള്ള കർഷകരും ജിമ്മിൽ വരുന്നുണ്ട് എന്നാണ് ഇവർ പറയുന്നത്. അവരെ ശരിയായ വ്യായാമം ചെയ്യാൻ ഇവർ പരിശീലിപ്പിക്കുന്നു.