NEWS

കിഫ്ബിയും വിവാദങ്ങളും :ധനമന്ത്രിയ്ക്ക് നേരെ ചൂണ്ടപ്പെടുന്ന വിരലുകൾ

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കിഫ്ബിയ്ക്ക് തുടക്കമിട്ടത് .കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിയമം അനുസരിച്ചാണ് കിഫ്‌ബി നിലവിൽ വന്നത് .1999 നവംബർ 11 നാണ് കിഫ്‌ബിയുടെ ജനനം .

2016 ൽ എൽഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്തു .കിഫ്‌ബി ചട്ടങ്ങൾ പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു .സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കലും സാമ്പത്തിക മാന്ദ്യം മറികടക്കലും ആയിരുന്നു ഉദ്യേശം .വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും പണം കടം വാങ്ങി വികസന പ്രവർത്തനങ്ങൾ നടത്തുക എന്നതായിരുന്നു ലക്‌ഷ്യം .

Signature-ad

കടം വാങ്ങുന്ന പണം തിരിച്ചടക്കാൻ സർക്കാർ രണ്ടു വഴികൾ ആണ് കണ്ടത് . മോട്ടോർ വാഹന നികുതിയിൽ നിന്ന് ഒരു നിശ്ചിത ശതമാനവും പെട്രോൾ സെസ് വരുമാനത്തിന്റെ നിശ്ചിത ശതമാനവുമാണ് സർക്കാർ തിരിച്ചടവിനായി കണ്ടത് .മോട്ടോർ വാഹന നികുതി 10 %വും പിന്നീട് 50 %വും കിഫ്ബിയ്ക്ക് നൽകും .വിദേശ വിപണിയിൽ മസാല ബോണ്ടിറക്കുമ്പോൾ സർക്കാർ നൽകിയ ഉറപ്പും
ഇതാണ് .

ഇന്ത്യയുടെ രുചിവൈവിധ്യത്തെ അന്താരാഷ്ട്ര വിപണിയിൽ ഓർമ്മിപ്പിക്കാൻ തന്നെയാണ് പേരിൽ മസാല ചേർത്തത് .ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നവയാണ് മസാല ബോണ്ടുകൾ .രൂപയുടെ മൂല്യം ഇടിഞ്ഞാൽ നഷ്ടം നിക്ഷേപകർ സഹിക്കണം .2150 കോടി രൂപ 25 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ കിഫ്‌ബി മസാല ബോണ്ടിലൂടെ സമാഹരിച്ചു .9 .75 % ആണ് പലിശ .ഇത്തരത്തിൽ ധനസമാഹരണം നടത്തിയ ആദ്യ സംസ്ഥാനവും ആണ് കേരളം .

മസാല ബോണ്ടുകൾ കിഫ്‌ബി ലണ്ടൻ ,സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് .ഇതിൽ സിങ്കപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇറക്കിയ ബോണ്ടുകൾ വഴി കിഫ്‌ബി 2150 കോടി രൂപ സമാഹരിച്ചു .

വിദേശത്ത് നിന്ന് പണമെടുത്തതിന്റെ പലിശ നിരക്കാണ് കിഫ്ബിയെ വിവാദ നിഴലിൽ നിർത്തുന്നത് .ആഭ്യന്തര വിപണിയിൽ 6 .70 % പലിശയിൽ പണം ലഭ്യമാകും എന്നിരിക്കെ എന്തിനാണ് 9 .75 % പലിശയിൽ വിദേശത്ത് നിന്ന് പണം കടമെടുത്തത് എന്നാണ് ഉയരുന്ന ചോദ്യം .വായ്പ തിരിച്ചടവ് ഡോളറിൽ ആയതു സംസ്ഥാനത്തിന് ബാധ്യത കൂട്ടുമെന്നാണ് പ്രതിപക്ഷ ആരോപണം .

മറ്റൊന്ന് മസാല ബോണ്ടിൽ ലാവ്‌ലിൻ ബന്ധമുള്ള കമ്പനി നിക്ഷേപം ഇറക്കി എന്നുള്ളതാണ് .
ലാവ്ലിന്റെ 20 % ഓഹരികൾ ആണ് സി ഡി പി ക്യൂ വിൽ ഉള്ളത് .ലാവ്‌ലിൻ രാജ്യാന്തര തലത്തിൽ തന്നെ നിരവധി ആരോപണങ്ങൾ നേരിടുന്നുണ്ട് .മസാല ബോണ്ട് ആർക്കും വാങ്ങാമെങ്കിലും ലാവ്ലിന് ബന്ധമുള്ള കമ്പനിയുടെ സാന്നിധ്യം പലരുടെയും നെറ്റിചുളിപ്പിക്കുന്നു .

രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തിൽ വൻതുക സംസ്ഥാനം തിരിച്ചടക്കേണ്ടി വരുമോ എന്നതാണ് മറ്റൊരു ആശങ്ക .എന്നാൽ ഈ ആശങ്ക സർക്കാർ തള്ളിക്കളഞ്ഞു .രൂപയുടെ മൂല്യം ഇടിഞ്ഞുണ്ടാകുന്ന നഷ്ടം സഹിക്കേണ്ടത് നിക്ഷേപകർ ആണ് .പക്ഷെ ആഭ്യന്തരമായി ചെറിയ പലിശയ്ക്ക് പണം തേടാതെ വിദേശത്ത് നിന്ന് കടമെടുക്കുന്നതിലെ സാംഗത്യമാണ് പലരും ചോദ്യം ചെയ്യുന്നത് .

കേരളത്തിൽ കിഫ്‌ബി വലിയ തോതിൽ പണമിറക്കുന്നു എന്നത് യാഥാർഥ്യമാണ് .സ്‌കൂളുകൾ ,ആശുപത്രികൾ ,റോഡുകൾ തുടങ്ങിയവയിലൊക്കെ ഇതിന്റെ പ്രതിഫലനം ഉണ്ട് .സർക്കാരിൻെറ പ്രമുഖ പദ്ധതിയായ കെ ഫോൺ അടക്കം കിഫ്ബിയുടെ കീഴിൽ വരുന്നവയാണ് .54391 .47 കോടി രൂപ ചെലവ് വരുന്ന 679 പദ്ധതികൾക്കാണ് കിഫ്‌ബി അനുമതി നൽകിയിരിക്കുന്നത് .ഇതിൽ 364 പദ്ധതികൾ ടെൻഡർ ചെയ്തു .14133 .42 കോടി രൂപയാണ് ടെൻഡർ ചെയ്തത് .

ഇങ്ങനെ മുന്നോട്ട് പോകവേ ആണ് സി എ ജി റിപ്പോർട്ടിലെ പരാമർശം ചർച്ചയാവുന്നത് .മസാല ബോണ്ട് വഴിയുള്ള കടമെടുക്കൽ വഴി സംസ്ഥാനത്തിന് 3100 കോടി രൂപ നഷ്ടം ഉണ്ടായി എന്നാണ് സി എ ജി പരാമർശം .കേന്ദ്രത്തിൽ നിന്നുള്ള വായ്പ തിരിച്ചടക്കാൻ ഉണ്ടെങ്കിൽ ആഭ്യന്തര കടമെടുപ്പിനു പോലും കേന്ദ്രാനുമതി വാങ്ങണമെന്നിരിക്കെ കിഫ്‌ബി വഴി വിദേശ കടം വാങ്ങി എന്നതാണ് മറ്റൊരു വിഷയമായി സി എ ജി ഉയർത്തിക്കാണിക്കുന്നത് .എന്നാൽ കിഫ്‌ബി കോര്പറേറ്റ് സ്ഥാപനം ആണെന്നാണ് സർക്കാർ പറയുന്നത് .അങ്ങിനെയെങ്കിൽ സർക്കാർ പണം ഉപയോഗിച്ച് എങ്ങനെ കോര്പറേറ്റ് സ്ഥാപനത്തിന്റെ വായ്പ അടക്കും എന്ന് വിമർശകർ ചോദിക്കുന്നു .

സി എ ജി നിയമത്തിലെ സെക്ഷൻ 14 (1 ) പ്രകാരം കിഫ്ബിയിൽ ഓഡിറ്റ് നടക്കുന്നുണ്ട് .സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഓഡിറ്റ് ചുമതല .കിഫ്ബിയുടെ 2018 -19 വർഷത്തിലെ ഓഡിറ്റ് നടന്നു വരികയാണ് .

Back to top button
error: