പാലത്തായി പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവോ ?ആരോപണം ഉന്നയിച്ച് യൂത്ത് ലീഗ്
പാലത്തായി പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാരോപിച്ച് യൂത്ത് ലീഗ് .ഫേസ്ബുക്കിലൂടെയാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണം .
പി കെ ഫിറോസിന്റെ ഫേസ്ബുക് പോസ്റ്റ് –
പാലത്തായിയിലെ പീഢനക്കേസിൽ പ്രതിയെ സഹായിക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പോക്സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശപ്രകാരമാണെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കൂടാതെ ഇരയായ പെൺകുട്ടി കള്ളം പറയുന്ന ആളാണെന്നും ഹലൂസിനേഷൻ(മതിഭ്രമം) ഉള്ള വ്യക്തിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നത് വിചാരണയിൽ പ്രതിയെ സഹായിക്കാൻ കാരണമാകാവുന്നതാണ്.
അതേ സമയം പെൺകുട്ടി ശാരീരികമായി പീഢിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ടോ പെൺകുട്ടിക്കനുകൂലമായി സഹപാഠികൾ നൽകിയ മൊഴിയോ കോടതിയിൽ സമർപ്പിച്ചിട്ടുമില്ല. കുട്ടികൾക്കെതിരായ അതിക്രമത്തിൽ സ്ഥലമോ സമയമോ പറയുന്നതിൽ കൃത്യതയില്ലെങ്കിൽ പോലും കുട്ടികളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിരവധി കോടതി വിധികളുള്ള ഒരു നാട്ടിലാണ് അക്കാരണം പറഞ്ഞ് പോക്സാ ചാർജ് പോലും ചുമത്താതെ പ്രതിയെ ഈ സർക്കാർ സഹായിക്കുന്നത്.
ശിശുക്ഷേമ മന്ത്രിയുടെ നാട്ടിലെ ഒരു പെൺകുട്ടിയുടെ ഗതിയിതാണെങ്കിൽ മറ്റുള്ളവരുടെ ഗതിയെന്താവും?