LIFE

നാലാമങ്കത്തിന് കൈകോര്‍ത്ത് വിജയിയും മുരുഗദോസും-തിരക്കഥയൊരുക്കുന്നത് പുലികള്‍

ലോകസിനിമയില്‍ ഇന്നേറ്റവുമധികം മാര്‍ക്കറ്റ് വാല്യുയുള്ള താരമാണ് ദളപതി വിജയ്. മോശം അഭിപ്രായം ലഭിച്ച വിജയ് ചിത്രങ്ങള്‍ പോലും റെക്കോര്‍ഡ് തുകയ്ക്കാണ് കച്ചവടം നടക്കുന്നത്. മാസ്സ് ഓഡിയന്‍സിനെ ലക്ഷ്യം വെച്ച് പുറത്തിറങ്ങുന്ന വിജയ് ചിത്രങ്ങളില്‍ ശക്തമായ പൊളിറ്റികല്‍ വിമര്‍ശനങ്ങളും കാണാറുണ്ട്. മുന്‍നിരയിലെ മറ്റ് പല താരങ്ങളും പറയാന്‍ മടിക്കുന്ന പ്രശ്‌നങ്ങള്‍ താരം തന്റെ ചിത്രത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു. കാര്‍ത്തിയെ നായകനാക്കി കൈതി എന്ന ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ സിനിമയാണ് വിജയിയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മാസ്റ്റര്‍ സിനിമയ്ക്ക് ശേഷം വിജയ് അഭിനയിക്കുന്നത് ഹിറ്റ് മേക്കര്‍ എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമെന്നാണ്. തമിഴിലെ ഒരു മുന്‍നിര പ്രൊഡക്ഷന്‍ കമ്പിനിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത ഈ ചിത്രത്തില്‍ മുരുഗദാസിനൊപ്പം തിരക്കഥയൊരുക്കാന്‍ മറ്റൊരാള്‍ കൂടിയുണ്ടാവും എന്നാണ്. ആര്‍.സെല്‍വരാജാണ് ചത്രത്തിന്റെ തിരക്കഥയൊരുക്കാന്‍ എത്തിയിരിക്കുന്നത്.

തമിഴ് സിനിമയിലെ ഏറ്റവും പ്രഗത്ഭനായ തിരക്കഥാകൃത്തായ ആര്‍.സെല്‍വരാജ് 1974 ല്‍ പുറത്തിറങ്ങിയ എങ്കമ്മ സമ്പന്തം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് അദ്ദേഹം തമിഴ് സിനിമയിലെത്തിയത്. പിന്നീട് 45 വര്‍ഷത്തോളം അദ്ദേഹം തിരക്കഥാകൃത്തായി നിറഞ്ഞ് നിന്നു. ഭാരതി രാജയുടെ മിക്ക ചിത്രങ്ങളുടെയും തിരക്കഥയൊരുക്കിയത് ഇദ്ദേഹമായിരുന്നു. ഇപ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം മുരുഗദോസിനൊപ്പം ചേര്‍ന്ന് തിരികെയെത്തുകയാണ്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷ ഇരട്ടിയായിരിക്കുകയാണ്.

എ.ആര്‍.മുരുഗദോസ്-വിജയ് കൂട്ടുകെട്ടില്‍ മുന്‍പ് മൂന്ന് സിനിമകള്‍ പുറത്ത് വന്നിരുന്നു. ഇതില്‍ തുപ്പാക്കി, കത്തി എന്നീ ചീത്രങ്ങള്‍ സാമ്പത്തികമായി വലിയ വിജയം നേടുകയും എല്ലാത്തരം പ്രേക്ഷകരെ തൃപ്ത്തിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കൂട്ടുകെട്ടില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ എന്ന ചിത്രം സാമ്പത്തികമായി വിജയം നേടിയപ്പോഴും ഒരു വിഭാഗം പ്രേക്ഷകര്‍ ചിത്രത്തെ കൈവിട്ടിരുന്നു. പിന്നീട് മുരുഗദോസ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ നായകനാക്കി സംവിധാനം ചെയ്ത ദര്‍ബാര്‍ എന്ന ചിത്രവും സമ്മിശ്ര പ്രതികരണങ്ങളോടെയാണ് തീയേറ്റര്‍ വിട്ടത്. സാമ്പത്തികമായി പടങ്ങളെല്ലാം വിജയിക്കുമ്പോളും പണ്ട് മുരുഗദോസ് ചിത്രങ്ങളില്‍ കണ്ടിരുന്ന മാജിക് നഷ്ടപ്പെട്ടന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ വിജയ്-65 മുരുഗദോസിന് മുന്നില്‍ ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടര്‍ച്ചയായി പരാജയങ്ങളേറ്റ് വാങ്ങിയിരുന്ന സമയത്താണ് മുരുഗദോസ് ചിത്രം തുപ്പാക്കി വിജയിയുടെ കരിയര്‍ ബ്രേക്ക് ആവുന്നത്. ഇപ്പോള്‍ ദശാനന്ധിയില്‍ പെട്ടിരിക്കുന്നത് മുരുഗദോസാണ്. തനിക്കൊരു ബ്രേക്ക് ഉണ്ടാക്കിയ സംവിധായകനെ വിജയ് എന്ന മനുഷ്യന്‍ മറന്നിട്ടില്ല എന്നതിന്റെ തെളിവാണ് വിജയ് 65. കാത്തിരിക്കാം ഇടക്കാലത്ത് നഷ്ടപ്പെട്ട എ.ആര്‍.മുരുഗദോസ് മാജിക് തിരികെ വരുമോയെന്ന്.

Back to top button
error: