NEWS

ലൈഫ് മിഷന്‍ വിവാദം; റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദത്തില്‍ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് ഇത്തരത്തില്‍ മുഖ്യമന്ത്രി ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ലൈഫ് മിഷന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കില്‍ക്കൂടി ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടുവകുപ്പുകളില്‍ നിന്നും മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചത്.

വടക്കാഞ്ചേരിയിലെ ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടിരുന്നത്. ലൈഫ്മിഷന്‍ സി.ഇ.ഒ യു.വി.ജോസാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നത്. അതിനാല്‍ യു.വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും എന്‍ ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് വിളിച്ചുവരുത്തും.

ലൈഫ് മിഷന്‍ ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജോസിനെ ഇഡി ചോദ്യം ചെയ്യുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ധാരാണാപത്രം തയ്യാറാക്കിക്കൊണ്ടുവന്നത് റെഡ്ക്രസന്റാണ്.

ഏകപക്ഷീയമായി റെഡ്ക്രസന്റ് തയ്യാറാക്കിയ ധാരണാപത്രം നടപടിക്രമം പാലിക്കാതെ തിടുക്കത്തില്‍ ഒപ്പിടുകയാണ് ഉണ്ടായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അത് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മുഖ്യമന്ത്രി വിളിപ്പിച്ചത്. തദ്ദേശഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീനും സമാനമായ രീതിയില്‍ ഫയലുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം എല്ലാം കയ്യോടെ പിടികൂടിയപ്പോള്‍ പിടിച്ചുനില്‍ക്കാനുളള അവസാനത്തെ ശ്രമമായിട്ടാണ് മുഖ്യമന്ത്രിയുടെ നടപടിയെ കാണുന്നതെന്ന് എംഎല്‍എ അനില്‍ അക്കര പറഞ്ഞു. ഫയല്‍ വിളിപ്പിച്ച് ഇത് എങ്ങനെയെങ്കിലും അട്ടിമറിക്കാനുളള അവസാനത്തെ ശ്രമം നടത്തുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്ന് അനില്‍ അക്കര പറഞ്ഞു. ഹാബിറ്റാറ്റിനെ മറയാക്കി ശിവശങ്കറും സ്വപ്നയും നടത്തിയ തട്ടിപ്പാണ്. മന്ത്രിയെ രക്ഷപ്പെടുത്താനുളള അവസാനത്തെ ശ്രമമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തദ്ദേശഭരണ വകുപ്പ് അറിഞ്ഞിട്ടില്ല, മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല എന്നെല്ലാം ഇപ്പോള്‍ പറയുന്നത് ശുദ്ധകളവാണെന്നും അദ്ദേഹം ആരോപിച്ചു.

Back to top button
error: