പൊതുമേഖലാ ബാങ്കുകളിലെ ഓഹരികളില്‍ ഒരുഭാഗം ഈ സാമ്പത്തികവര്‍ഷംതന്നെ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളിലെ ഓഹരികളില്‍ ഒരുഭാഗം ഈ സാമ്പത്തികവര്‍ഷംതന്നെ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂകോ ബാങ്ക്, ഐ.ഡി.ബി.ഐ. ബാങ്ക് എന്നിവയിലെ ഓഹരികളില്‍ ഒരു ഭാഗം വിറ്റഴിക്കാനാണ് തീരുമാനം. ഈ നാലു ബാങ്കുകളുടെയും ഭൂരിഭാഗം ഓഹരികളും നേരിട്ടോ അല്ലാതെയോ സര്‍ക്കാര്‍ ഉടമസ്ഥതയിലാണുള്ളത്. ഇതുസംബന്ധിച്ച് നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ധനമന്ത്രാലയത്തിന് ഈ മാസമാദ്യം കത്തു നല്‍കിയെന്നാണ് വിവരം.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നികുതിവരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ബജറ്റിലെ ചെലവിനുള്ള പണം കണ്ടെത്തുന്നതിനൊപ്പം ബാങ്ക് സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടിയാണ് തീരുമാനം. നാലു ബാങ്കുകളുടെയും സ്വകാര്യവത്കരണം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയതായാണ് സൂചന.
അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകള്‍ കിട്ടാക്കട ഭീഷണിയിലാണ്. നിഷ്‌ക്രിയ ആസ്തി കൂടുന്ന സാഹചര്യമുണ്ടായാല്‍ കേന്ദ്രസര്‍ക്കാര്‍ ഇവയ്ക്ക് കൂടുതല്‍ മൂലധനം നല്‍കേണ്ടതായി വരും. സ്വകാര്യവത്കരണം വഴി ഇതൊഴിവാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ഈ രീതി ആലോചിക്കുന്നത്.
നിലവില്‍ 12 ബാങ്കുകളാണ് പൊതുമേഖലയിലുള്ളത്. എന്നാല്‍ ഇനി പൊതുമേഖലയില്‍ അഞ്ചു ബാങ്കുകള്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഐ.ഡി.ബി.ഐ. ബാങ്കില്‍ 47.11 ശതമാനം ഓഹരികള്‍ ഇപ്പോഴും സര്‍ക്കാരിന്റെ കൈവശമുണ്ട്. ബാക്കി 51 ശതമാനം പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി.യുടെ കൈവശമാണ്.
കോവിഡ് മൂലമുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ ഓഹരി വിപണിയും ബാങ്ക് ഓഹരികളും മോശം സ്ഥിതിയിലാണുള്ളത്. ഇപ്പോള്‍ ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കുന്നത് സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കും. നിഷ്‌ക്രിയ ആസ്തി ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവയുടെ വില്‍പ്പന എളുപ്പമാകില്ലെന്ന വിലയിരുത്തലുമുണ്ട്.