NEWS

40 കിലോ വെള്ളി ശില പാകി; ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിട്ട് മോദി

യോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിട്ടത്. 175 പേര്‍ക്കായിരുന്നു ചടങ്ങിലേക്ക് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും 1500 ഇടങ്ങളില്‍ നിന്ന് വെള്ളവും ഭൂമി പൂജക്കായി എത്തിച്ചിരുന്നു. അയോധ്യയിലെ ശ്രീരാമ വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തിലെത്തി മോദി പൂജ നടത്തി. രാവിലെ 11.30ന് തന്നെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.

കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തില്‍ കോവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

Signature-ad

വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവര്‍ ഭൂമി പൂജ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 135 സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ക്ഷണിതാക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു.

അതേസമയം, ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ലക്‌നൗവില്‍ എത്തിയത്. ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ അയോധ്യയിലും എത്തുകയായിരുന്നു.

ആദ്യം ഹനുമാന്‍ ഗഡി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം രാം ലല്ല വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തില്‍ പൂജയ്ക്കും ദര്‍ശനത്തിനും ശേഷമാണ് ഭൂമിപൂജയില്‍ പങ്കുകൊണ്ടത്.

Back to top button
error: