ഇന്നത്തെ ആധുനിക ലോകത്ത് തെരുവുകൾ നിരീക്ഷണ ക്യാമറകളാൽ നിറഞ്ഞിരിക്കുകയും, ഓരോ വ്യക്തിയുടെയും കൈകളിലുള്ള സ്മാര്‍ട്ട് ഫോണുകൾ വഴി അന്യർ എപ്പോഴും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുക എന്നത് അല്ലെങ്കിൽ തന്നെ നമ്മുടെ ഒരു ഇഷ്ടവിനോദമാണല്ലോ! ഇന്ന് പൊതുസ്ഥലത്ത് നടക്കുന്ന ഏതൊരു സംഭവവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാന്‍ അധികം സമയമൊന്നും വേണ്ട.ഇത് കാരണം ജീവനൊടുക്കേണ്ടി വന്നവരും ജീവൻ തിരിച്ചുകിട്ടിയവരും ധാരാളം.അപകടസമയത്തും മറ്റും ഇത് ഗുണകരമാണ്.എന്നാൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിച്ച വ്യാജവാർത്തകളുടെ പേരിൽ എത്രയോ പേർക്ക് ജീവനൊടുക്കേണ്ടി വന്നിട്ടുണ്ടെന്നത് ഇതിന്റെയൊരു മറുവശം കൂടിയാണ്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.വാട്സാപ്പിന് ഏകദേശം 60 കോടി ഉപഭോക്താക്കൾ ഇന്ത്യയിലുണ്ട്.അതിനാൽ ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതും വാട്സാപ്പ് വഴിയാണ്.വാട്സാപ്പ് വഴി വരുന്ന എന്തും വിശ്വസിക്കുന്നതും അത് മുന്നും പിന്നും നോക്കാതെ ഷെയർ ചെയ്യുന്നതും ബഹുഭൂരിപക്ഷം ആളുകളുടെയും പ്രവണതയാണ്.അണുശക്തിയെപ്പോലെയാ
അതേപോലെ ജീവിച്ചിരിക്കുന്നവരെ വെറുതെ `കൊല്ലുക’ എന്നത് സമൂഹമാധ്യമങ്ങളിൽ ചിലരുടെ വിനോദമാണ്.മലയാള സിനിമ നടന്മാരായ മധുവും ഇന്നസന്റും ജഗതി ശ്രീകുമാറും വിജയരാഘവനും സലിംകുമാറും ശ്രീനിവാസനുമൊക്കെ ഇത്തരം ‘വെർച്വൽ’ മരണത്തിനു ഇരയായവരാണ്.അവരിൽ പലർക്കും പത്രമാഫീസുകളിൽ വിളിച്ചു തങ്ങളുടെ `മരണ വാർത്ത’ സ്വയം നിഷേധിക്കേണ്ടതായും വന്നിട്ടുണ്ട്.
സമൂഹമാധ്യമ പ്ലാറ്റുഫോമുകളിൽ പ്രമുഖ വ്യക്തികളുടെ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുക എന്നതാണ് മറ്റു ചിലരുടെ വിനോദം.ചന്ദ്രയാൻ – 2ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങി എന്ന സന്ദേശം ഐ എസ് ആർ ഓ ചെയർമാൻ ഡോ. കെ.ശിവന്റെ വ്യാജ ട്വിറ്റെർ പ്രൊഫൈലിൽ പ്രചരിക്കുകയുണ്ടായി.എന്നാൽ തനിക്കു ട്വിറ്ററിലോ മറ്റു സമൂഹമാധ്യമങ്ങളിലോ അക്കൗണ്ട് ഇല്ല എന്ന് അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വന്നു.
കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരുന്ന വിജയ് സാകറേയുടെ ഉൾപ്പടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും മുതലെടുപ്പ് നടത്തുകയും ചെയ്തവരുണ്ട്.എന്തിനേറെ ഈ അടുത്തകാലത്ത് ഡിജിപിയുടെ പേരിൽ പോലും!
ഇന്ത്യയിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ നിലവിലുള്ള നിയമങ്ങളിൽ തന്നെ ശക്തമായ വകുപ്പുകളുണ്ട്.ഇന്ത്യൻ പീനൽ കോഡ്, ഐ ടി ആക്ട്, ഡിസാസ്റ്റർ മാനേജ്മന്റ് ആക്ട്, എപ്പിഡെമിക് ഡിസീസ് ആക്ട് തുടങ്ങിയവ ഇതിൽ പെടുന്നു.സാമൂഹ്യ സ്പർദ്ധ വളർത്തുന്ന വ്യാജ വാർത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കുന്നവർക്ക് 6 വർഷം വരെ തടവോ പിഴയോ നൽകുന്നതിനുള്ള വകുപ്പ് ഇന്ത്യൻ പീനൽ കോഡിലുണ്ട്.