ന്യൂഡല്‍ഹി: മൂന്നോ അതിലധികമോ മാസം ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ബാങ്കിൽ നിയമനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ പുതിയ നിയമന മാര്‍ഗനിര്‍ദേശങ്ങള്‍ ഉടൻ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ (ഡി.സി.ഡബ്ല്യു.) ഇന്ത്യന്‍ ബാങ്കിന് നോട്ടീസ് അയച്ചു.
‘ദി കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി, 2020’ പ്രകാരം ഗര്‍ഭിണികള്‍ക്ക് അവകാശമുള്ള ആനുകൂല്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഇന്ത്യന്‍ ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് കമ്മിഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമേ, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ ലൈംഗികതയുടെ അടിസ്ഥാനത്തിലും നടപടി വിവേചനമാണെന്നും നോട്ടീസിലുണ്ട്.
ഇന്ത്യന്‍ ബാങ്ക് അടുത്തിടെ പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പ്രകാരം 12 ആഴ്ചയോ അതില്‍ക്കൂടുതലോ ഉള്ള ഗര്‍ഭാവസ്ഥയാണെന്ന് കണ്ടെത്തിയാല്‍ പ്രസവം കഴിഞ്ഞ് ആറുമാസം കഴിയുന്നതുവരെ നിയമനത്തിന് താത്കാലികമായി അയോഗ്യയായി പ്രഖ്യാപിക്കും. ഇവര്‍ പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കുശേഷം വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. രജിസ്റ്റര്‍ചെയ്ത ഡോക്ടര്‍ നല്‍കുന്ന ഫിറ്റ്‌നസ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനു ശേഷമേ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിപ്പിക്കൂ.
പുതുതായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിക്കാനും നയം എങ്ങനെ രൂപവത്കരിച്ചു എന്നതിനെക്കുറിച്ചുള്ള പൂര്‍ണമായ വിശദാംശങ്ങള്‍ നല്‍കാനും അതിന്റെ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടുവെന്ന് കമ്മിഷന്‍ പറഞ്ഞു. ജൂണ്‍ 23നകം വിശദമായ റിപ്പോര്‍ട്ട് നല്‍കണം. വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കും കത്തെഴുതിയതായി ഡല്‍ഹി വനിതാ കമ്മിഷന്‍ അറിയിച്ചു. സ്ത്രീകളോട് വിവേചനം കാണിക്കുന്ന നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിയമങ്ങള്‍ ഉണ്ടാക്കുന്നതിനെതിരേ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കാനും വിഷയത്തില്‍ ഇടപെടാനും ആര്‍.ബി.ഐ. ഗവര്‍ണറോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ജനുവരിയില്‍ സമാനമായ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു.പല മേഖലകളില്‍നിന്നുള്ള വിമര്‍ശനത്തെത്തുടര്‍ന്ന്, ഗര്‍ഭിണികളുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു എസ്.ബി.ഐ.