കഴിഞ്ഞ അറുപത് വർഷങ്ങൾക്കുള്ളിൽ മലയാളികളുടെ അടുക്കള സംസ്കാരത്തിന് വളരെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പല ഉപകരണങ്ങളും കൊരണ്ടിയോടൊപ്പം അപ്രത്യക്ഷമായി. രാവിലെ അഞ്ചുമണിക്ക് അടുപ്പ് കത്തിക്കുന്നതുമുതൽ രാത്രി വൈകും വരെ അന്ന് അടുക്കള സജീവമായിരിക്കും. തലേദിവസത്തെ ചാരം അടുപ്പിൽനിന്ന് വാരുന്നതുമുതൽ തുടങ്ങും അടുക്കളപ്പണികൾ.
“പൊട്ടിയ ചട്ടുകമോ ചിരട്ട തവിയോ ഉപയോഗിച്ച് അടുപ്പു ചാലിൽ നിന്ന് ചാരം ഒരു പാളയിലേക്കോ അല്ലെങ്കിൽ, അടുത്തു തന്നെ ഉണ്ടാക്കിയ ചെറിയ ചാരക്കുഴിയിലേക്കോ വാരിക്കളയുമ്പോൾ പൊടിയോടൊപ്പം വമിക്കുന്ന ഒരു ക്ഷാരഗന്ധമുണ്ട്. ചിലപ്പോൾ അത് മൂക്കിൽ കയറി ചെറിയ അസ്വാരസ്യം ഉണ്ടാക്കും. ചുണ്ടു നനച്ചാൽ ചാരത്തിന്റെ രുചിയറിയും. കോരിയെടുത്ത ചാരം വിറകുപുരയുടെ ഒരു മൂലയിൽ നിക്ഷേപിക്കാൻ ചെല്ലുമ്പോൾ ആ ചാരക്കുന്നിനു മുകളിൽ ഗാഢസുഷുപ്തിയിലാണ്ട പൂച്ചയുടെ കൂർക്കം വലി കേൾക്കാം. ആ ദിവസാരംഭങ്ങൾ എത്ര സംഭവ ബഹുലമായിരുന്നു “
പര്യം പുറം.. അല്ലെങ്കിൽ പാതകം..
അടുക്കളയിലെ അടുപ്പ് വെച്ചിരുന്ന ഉയരമുള്ള തറകൾക്ക് അങ്ങനെയാണ് പലയിടത്തും പറഞ്ഞു പോന്നിരുന്നത്.
വീടിന്റെ വടക്കേപ്പുറത്താവും എപ്പോഴും അടുക്കള.
ഒരാളുടെ ഏതാണ്ട് അരക്കൊപ്പം
ഉയരത്തിൽ കെട്ടി ഉയർത്തിയ ഒരു തറ.
അതിൽ ഒരു ഭാഗത്തായി ഏതാനും അടുപ്പുകൾ. വെട്ടുകല്ലായിരിക്കും പലപ്പോഴും അടുപ്പുണ്ടാക്കാൻ ഉപയോഗിക്കുക.
മറു ഭാഗത്ത് അടുപ്പിൽ വെന്ത സാധനങ്ങൾ ഇറക്കിവെക്കാനും, കഞ്ഞി വാർക്കാനും, വെള്ളക്കലം, ഉപ്പുഭരണി , പഞ്ചസാരപാത്രം തുടങ്ങിയവ വെക്കാനുള്ള സ്ഥലമാണ്. അവിടെയാണ് കഴുകിയ പാത്രങ്ങൾ അടുക്കുന്നതും.
അടുപ്പുതറയുടെ പിറകിലായി പലപ്പോഴും ഇത്തിരി ഉയർത്തി ഉണ്ടാക്കിയ ഒരു തിട്ടമേൽ ഉരുക്കുപുളി ഉണക്കാൻ ഇട്ടിരിക്കിന്നത് കാണാം. കറിയിൽ ഉപയോഗിച്ചശേഷം ഉണക്കാൻ ഇട്ടിരിക്കുന്ന അവ വിലയ്ക്ക് വാങ്ങാൻ പലരും വന്നിരുന്നു. അന്ന് അമ്മമാരുടെ പോക്കറ്റ് മണി അതൊക്കെയാണ്.
അടുപ്പിന് മുകളിലുള്ള തട്ടാണ് ചേരുംപുറം.
മഴക്കാലത്തേക്ക് വേണ്ട വിറകുകൾ അടുക്കുന്നത് അവിടെയാണ്………. താഴെയുള്ള അടുപ്പിലെ പുകയും കരിയും ചെന്നടിഞ്ഞു അവിടെ എണ്ണമയമുള്ള ഒരുതരം കരികൊണ്ടു നിറയും……. ഒരു യൂണിവേഴ്സൽ ഹീലിംഗ് ഏജന്റ് ആണ് ആ കരി. മൃഗങ്ങൾക്കു പ്രത്യകിച്ചും പശുക്കൾക്ക് എന്തു മുറിവുണ്ടായാലും ആ കരി തേക്കും. പന്നിയെ കപ്പവിട്ട മുറിവിൽ ഇത് എണ്ണയിൽ ചലിച്ച് പുരട്ടും. ഇല്ലത്തും കരി എന്നും ഉള്ളട കരി എന്നും അതറിയപ്പെട്ടു.
അടുപ്പിന് നേരെ മുകളിലായി ഒരു അഡീഷണൽ അട്ടം കൂടിയുണ്ടാകും.
തൂങ്ങിക്കിടക്കുന്ന ഒന്ന് ,ചെറിയ മുളയോ അടക്കാവാരിയോ കൊണ്ട് നിർമ്മിച്ചത്. അതിലാണ് ഇറച്ചി ഉപ്പു പുരട്ടി ഉണങ്ങാൻ തൂക്കി ഇടുന്നത്. കൂടാതെ കുട്ടിപ്പാളയിൽ
കുടം പുളി ,ഉണക്കമീൻ എന്നിവയും, പയർ വഴുതനങ്ങ തൂടങ്ങിയവയുടെ അടുത്തവർഷത്തേക്കുള്ള വിത്തുകളുമൊക്കെ ചുരക്കാ കുടുക്കയിൽ സൂക്ഷിക്കുന്നത് അവിടെയാണ്.
ഒരു മണ്ണെണ്ണ വിളക്ക്,തീപ്പെട്ടി ,തീയുതാനുള്ള ഒരു ഈറ്റക്കുമ്പം എന്നിവ അടുപ്പിൻ തറയിലെ പുറത്തെ സ്ഥിരം സംവിധാനങ്ങളാണ്.തൂങ്ങിയാടുന്ന ഉറികൾ, ഉപ്പു സൂക്ഷിക്കുന്ന മരപ്പാത്രമോ, ഭരണിയോ, ചിരട്ട തവികൾ, മൺകലങ്ങൾ ഇതൊക്കെയാണ് അനുബന്ധ ഉപകരണങ്ങൾ.
അടുക്കളയുടെ ഒരു മൂലക്ക് രാവിലത്തെ കഞ്ഞിക്ക് കറിയുണ്ടാക്കാൻ തേങ്ങ ചുരണ്ടാനുള്ള ചിരവ പതുങ്ങി കിടപ്പുണ്ടാവും. അതിൽനിന്നും ഉയരുന്ന” ക്രാ ക്രാ ” ശബ്ദം വീടു മുഴുവൻ മുഴങ്ങും.
അടുപ്പ് /തീ കൂട്ടുക എന്നാണ് ദിവസവും രാവിലെ അടുപ്പിൽ തീ കത്തിച്ച് തുടങ്ങുന്നതിനെ പറയുക.
സാമാന്യം കഠിനമായ ഒരു ചടങ്ങാണത്.
തലേന്ന് കെടാതെ കിടന്ന ചില കനലുകളിൽ നിന്ന് തീ ഊതിയുണർത്തുകയാണ് ചെയ്യുക. അല്ലെങ്കിൽ വിളക്കിൽ നിന്ന് ചൂട്ടിൻചുളയിൽ തീ കത്തിച്ച് വിറകിൽ പിടിപ്പിക്കും.
ഓലക്കൊടി അല്ലെങ്കിൽ ചൂട്ടിൻ ചുള, കൊതുമ്പ്, കോഞ്ഞാട്ട,ചെറിയ ചുള്ളിവിറകുകൾ എന്നിവ ആ കനലുകൾക്കോ, തീനാമ്പുകൾക്കു മുകളിലോ അകറ്റിയടുക്കി ഊതിയൂതി തീയായി വരുമ്പോഴേക്കും അമ്മമാരുടെ സ്പോഞ്ച് പോലെയൂള്ള ശ്വാസകോശം പുകകൊണ്ട് ഏതാണ്ട് പൂരിതമായിട്ടുണ്ടാവും. കനം കുറഞ്ഞ ചൂട്ടിൻചുള ചാരം കൊണ്ട് മുടിയിഴകളും.
വല്ലാതെ മടുക്കുമ്പോൾ ഒരു സൂത്രപ്പണിയുണ്ട്. വിളക്കിന്റെ മൂടി തുറന്ന് ഇത്തിരി മണ്ണെണ്ണ അടുപ്പിലൊഴിക്കുക.
പക്ഷേ മണ്ണെണ്ണ പെണ്ണുങ്ങളെ ചതിക്കും. അതിന്റെ മണം അടുക്കള കടന്ന് ഉമ്മറത്തിരിക്കുന്ന കാർന്നോമ്മാരിലേക്ക് ചെന്നെത്തും.
അഹങ്കാരിയും, മടിയത്തിയുമായി ആ സാധു മുദ്രചെയ്യപ്പെടും. വിലപ്പെട്ട മണ്ണെണ്ണ ഇങ്ങനെ ഉപയോഗിച്ചവളെ ധാരാളിയായി മുദ്ര കുത്തും.
അടുപ്പിൽ കനലില്ലാത്ത നേരങ്ങളിൽ അയൽ വക്കങ്ങളിൽ നിന്ന് തീ കടം വാങ്ങലും പതിവുണ്ട്
കുട്ടികളാണ് അതിന് നിയോഗിക്കപ്പെടുക
ഉണങ്ങിയ ചകിരിയിലോ ചിരട്ടയിലോ ആണ് തീ പകർത്തിക്കൊണ്ടു വരിക.
പുതിയ തലമുറയിലെ കുട്ടികൾ എന്തറിഞ്ഞു അല്ലേ.
എത്രയോ ചെറുപ്പത്തിലേ തന്നെ തീ കൊണ്ട് കളിച്ചവരാണ് നമ്മൾ…
അടുപ്പിലെ ചാരമെന്താ നിസാരക്കാരനായിരുന്നോ?
എന്തൊക്കെ റോളുകളായിരുന്നു അവന് അന്നത്തെ ജീവിതത്തിൽ .
ഇളംചൂടോടെ അതിനെ വാരി വിതറി അമ്മ കൂട്ടം കൂടാൻ തുടങ്ങിയ ഉറുമ്പുകളെ പായിച്ചു.
ഇലകളിൽ കീടനാശിനിയായും, കടക്കൽ വളമായും കറിവേപ്പില മുതൽ സകല ചെടികളേയും അത് സംരക്ഷിച്ചു.
ഒന്നാന്തരം ഡിഷ്‌വാഷിങ് പൌഡർ കൂടിയായിരുന്നു ആ ചാരം.
നെല്ല് പുഴുങ്ങാനും, തുണി പുഴുങ്ങാനും പുറത്ത് ഒരു അടുപ്പ് കാണും. അന്ന് തുണികൾ നന്നായി വെളുക്കാൻ ചാരമിട്ടോ, അലക്കുകാരമിട്ടോ വെള്ളത്തിൽ പുഴുങ്ങി അലക്കുന്നത് സാധാരണയായിരുന്നു. വെള്ളത്തുണികൾ മിന്നിത്തിളങ്ങാൻ ചാണകത്തിൽ മുക്കി വച്ചും അലക്കിയിരുന്നു.
അലക്കുന്ന ബാർ സോപ്പിനെ വാരസോപ്പ് എന്നാണ് വിളിക്കുക. 501 ആണ് അന്ന് കേമൻ. പലരും ഒരു കട്ട, രണ്ടു കട്ട എന്നിങ്ങനെയായിരുന്നു സോപ്പ് വാങ്ങിയിരുന്നത്. സോപ്പിന്റെ ബാറിൽ പല കഷണങ്ങളായി മുറിക്കാൻ തുല്യ അകലത്തിൽ വരകൾ ഉണ്ടായിരുന്നു. പലർക്കും ഒരു “വാര ” മുഴുവൻ വാങ്ങാൻ ശേഷി ഇല്ലായിരുന്നു.
കുട്ടികളുടെ ആദ്യത്തെ പാചകപരീക്ഷണങ്ങളൊക്കെ തുടങ്ങുന്നത് ഈ അടുപ്പിൽ നിന്നാണ് നിന്നാണ്. കശുവണ്ടി , കപ്പ ഒക്കെ ചുട്ടെടുക്കുന്നതും ആ അടുപ്പിൽ നിന്നു തന്നെ.
പാചകത്തിന് മാത്രമല്ല വാചകത്തിനും ഒരു കുറവുമില്ല അവിടെ.
സന്ധ്യ മുതൽ അത്താഴം വരെയും അവിടെയാണ് സദസ്. ആ അടുക്കള പൊളിക്കും വരേയും.
പലരുടെ മനസിലുമുണ്ട് ഈ അടുക്കളയോർമ്മകൾ എന്ന് തോന്നുന്നു.
അതിന്റെ അടയാളങ്ങൾ അവരുടെ പുതിയ വീടുകളാണ്! ഈ അടുത്തകാലം വരെ ഒരിക്കൽ പോലും ഉപയോഗിക്കാൻ ഇടയില്ല എന്ന് ഉറപ്പുണ്ട് എങ്കിലും ഏതാണ്ട് എല്ലാ പുതിയ വീടുകളിലും
വിറകടുപ്പുകൾ ഉള്ള ഒരടുക്കള ഉണ്ടായിരുന്നു. ഇന്നും കാണും. എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആധുനിക അടുക്കളക്ക് പുറമേയാണത്. നാളിതുവരെ ഉപയോഗിച്ചു കണ്ടിട്ടില്ല എങ്കിലും അത് അവിടെയുണ്ട്.
പണ്ടത്തെ അടുക്കളയുടെ ഏറ്റവും വലിയ ഐശ്വര്യം രാപകലോളം അവിടെകിടന്നു പണിയെടുത്തു വിയർപ്പിൽ മുങ്ങി പുഞ്ചിരിയോടെ ചോറ്റുപാത്രം നീട്ടി സൂക്ഷിച്ചുപോണം എന്നോർമ്മപ്പെടുത്തുന്ന അമ്മമാരാണ്! ഒരിക്കൽപോലും വിവാഹമോചനത്തെ പറ്റിയോ,സ്ത്രീസമത്വത്തെ പറ്റിയോ ഓർക്കാത്തവർ.
മലയാളിയുടെ ജീവിതത്തില്‍നിന്ന് അടുക്കളസംസ്‌കാരത്തിന്റെ മലയാളത്തനിമ പൂര്‍ണ്ണമായും നഷ്ടമായി എന്നുതന്നെ കരുതാം.
പാലും തൈരും മറ്റും സൂക്ഷിച്ചിരുന്ന ഉറികളും തേങ്ങ ചുരണ്ടുന്ന ചിരവയും, പച്ചക്കറികൾ അരിയാനും മീന്‍ വെട്ടാനും ഉപയോഗിച്ചിരുന്ന വിവിധതരം കത്തികളും, നാളികേരം പൊതിക്കാന്‍ ഉപയോഗിച്ചിരുന്ന വെട്ടുകത്തിയും, നെല്ലു പുഴുങ്ങാന്‍ ഉപയോഗിച്ചിരുന്ന ചെമ്പും, പായസവും പ്രത്യേകതയുള്ള കറികളും പാചകം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഉരുളികളും, പുഴുങ്ങിയ നെല്ല്ഉണക്കാനുപയോഗിച്ചിരുന്ന പരമ്പും, ഉരല്‍പ്പുരയും അവിടെയുള്ള പലതരം ഉരലുകളും, ജോലി ചെയ്ത് തളരുമ്പോള്‍ അടുക്കളയുടെ വടക്കേ വരാന്തയില്‍ വിശ്രമിക്കാനായി അടുക്കളക്കാരിയും നെല്ലുകുത്തുന്ന സ്ത്രീകളും ഉപയോഗിച്ചിരുന്ന പുല്‍പ്പായയും തഴപ്പായയും എല്ലാം വിസ്‌മൃതിയിലായി.
അന്ന് അങ്ങനെയൊക്കെയാണെങ്കിലും അടുക്കളയ്ക്കും അടുക്കളക്കാരിക്കും ബഹുമാന്യതയുള്ള ഒരു സ്ഥാനം നാം കല്പിച്ചു കൊടുക്കാറില്ല. അടുത്തകാലം വരെ കേരളത്തിലെ വീടുകളില്‍ അമ്മമാരും ഫലത്തില്‍ അടുക്കളക്കാരികളായിരുന്നു.
ജോലികഴിഞ്ഞു വരുമ്പോൾ അരച്ച പാക്കറ്റ്മാവും, നുറുക്കിയ പച്ചക്കറികളും, ഇൻസ്റ്റന്റ് കറിക്കൂട്ടുമായി വരുന്ന ഭർത്താവ് ഒരു ചായ ചോദിച്ചാൽ “ലൈറ്റ് വരട്ടെ ചേട്ടാ എന്നാലല്ലേ ഇൻഡക്ഷൻ സ്റ്റോവ് വർക്ക് ചെയ്യുള്ളു “എന്നു മൊഴിയുന്ന ഇന്നത്തെ കുടുംബിനികൾക്കു എന്തറിയാം???
“നൊസ്റ്റാൾജിക്” എന്ന ഒറ്റ പദത്തിൽ ഇതെല്ലാം അവർ ഒതുക്കിക്കളയും!!!
അടുക്കളയിലേക്ക് വലതുകാൽ വച്ച് കയറും മുമ്പ് അടുപ്പിലെ കത്തിയാളുന്ന വിറകുപോലെ കുടുംബത്തിനുമുഴുവൻ ഊർജ്ജം പകർന്ന് അവസാനം ഒരുപിടി ചരമായി മാറിയ എല്ലാ വീട്ടമ്മമാർക്കും ആദരം.