ദില്ലി: റെസ്റ്റോറന്റുകൾ ഈടാക്കുന്ന സർവീസ് ചാർജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഉപഭോക്തൃ കാര്യ വകുപ്പ് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി യോഗം വിളിച്ചു. ജൂൺ 2 നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ (NCH) ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുള്ള പരാതികളും നിരവധി മാധ്യമ റിപ്പോർട്ടുകളും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്തിനെ തുടർന്നാണ് യോഗം വിളിച്ചത്.
ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിംഗാണ് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റിന് കത്തയച്ച് യോഗ വിവരം അറിയിച്ചത്. റെസ്റ്റോറന്റുകളും ഭക്ഷണശാലകളും ഉപഭോക്താക്കളിൽ നിന്ന് സ്ഥിരമായി സേവന നിരക്ക് ഈടാക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം ചാർജുകൾ ഉപഭോക്താക്കൾ സ്വമേധയാ നൽകുന്നതും ഉപഭോക്താക്കളുടെ വിവേചനാധികാരത്തിൽ ഉള്ളതും നിയമപ്രകാരം നിർബന്ധമല്ലാത്തതുമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉപഭോക്താക്കൾ സർവീസ് ചാർജ് നൽകാൻ നിർബന്ധിതരാകുന്നുവെന്ന സാഹചര്യമാണ് നിലവിലുള്ളത്. പല റെസ്റ്റോറന്റുകളും ഏകപക്ഷീയമായി ഉയർന്ന സേവന നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത്തരം ചാർജുകളുടെ നിയമസാധുത സംബന്ധിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ബിൽ തുകയിൽ നിന്ന് അത്തരം ചാർജുകൾ നീക്കം ചെയ്യാനുള്ള അഭ്യർത്ഥന ഉപഭോക്താക്കൾ നടത്തിയാൽ റെസ്റ്റോറന്റുകൾ അവരെ അപമാനിക്കുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉപഭോക്താക്കളുടെ പരാതികളുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും:
• റെസ്റ്റോറന്റുകൾ സർവീസ് ചാർജ് നിർബന്ധമാക്കുന്നത്
• ബില്ലിൽ മറ്റെന്തെങ്കിലും ഫീസിന്റെയോ ചാർജിന്റെയോ മറവിൽ സർവീസ് ചാർജ് ചേർക്കുന്നത്
• സേവന നിരക്ക് അടയ്ക്കുന്നത് ഐച്ഛികവും സ്വമേധയാ ഉള്ളതുമാണെന്ന് ഉപഭോക്താക്കളിൽ നിന്ന് മറച്ചുവയ്ക്കുന്നത്.
• സേവന നിരക്ക് അടയ്‌ക്കുന്നത് ഉപഭോക്താക്കൾ എതിർക്കുന്ന സാഹചര്യത്തിൽ അവരെ ബുദ്ധിമുട്ടിക്കുന്നത്
ഹോട്ടലുകൾ/റെസ്റ്റോറന്റുകൾ സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് 2017 ഏപ്രിൽ 21 ന് മാർഗ്ഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഒരു ഉപഭോക്താവ് റെസ്റ്റോറന്റിൽ പ്രവേശിക്കുന്നത് സേവന നിരക്ക് നൽകാനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നു.