‘പെണ്‍കെണി’; സോഷ്യല്‍ മീഡിയ വഴി പുതിയ തട്ടിപ്പ്
ലോകം ഇന്ന് ഇന്റര്‍നെറ്റ് കാലഘട്ടത്തിലായതിനാല്‍ ഗുണദോഷസമ്മിശ്രമാണ്. ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, യുട്യൂബ് ഒക്കെ ധാരാളം ഗുണത്തിന് കാരണമാകുമെങ്കിലും അവയ്ക്കിടയില്‍ പതുങ്ങിയിരിക്കുന്ന ചതിക്കുഴികളെ പലപ്പോഴും ആരും തിരിച്ചറിയാറില്ല. അത്തരത്തില്‍ പൊലീസുകാരും ഡോക്ടര്‍മാരും വന്‍കിട ബിസിനസുകാരും ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്കില്‍ ‘പെണ്‍കെണി’ എന്നൊരു ഗ്രൂപ്പ് വ്യാപകമായിരിക്കുന്നതായി സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഇതില്‍പ്പെട്ട് 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ സംസ്ഥാനത്തുണ്ടെന്ന് സൈബര്‍ വിഭാഗം പറയുന്നു. ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട ശേഷം വീഡിയോ ചാറ്റ് നടത്തി ഇരയെ വീഴ്ത്തും. തുടര്‍ന്നു ചാറ്റ് ചെയ്ത സ്ത്രീ അപ്രത്യക്ഷയി പുരുഷന്മാരാണ് വിലപേശുക. ചാറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇവര്‍ വന്‍ തുക ആവശ്യപ്പെടുക.
ഇത്തരത്തില്‍ ധാരാളം പേര്‍ വീണിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ഉന്നത ഉദ്യോഗസ്ഥരുടേയും മറ്റും പേരുകളില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചാണ് ഇവരുടെ ഈ പ്രവര്‍ത്തനം.
രാജസ്ഥാന്‍, ബിഹാര്‍, അസം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് അക്കൗണ്ടുകള്‍ നിര്‍മിച്ചതെന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ജാര്‍ഖണ്ഡിലെ ജംതാരയില്‍ ഇത്തരം തട്ടിപ്പുകാര്‍ ഒട്ടേറെയാണ്. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞാലും പണം തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്ന് പോലീസ് പറയുന്നു.