ഒടുവില്‍ സഖ്യ കക്ഷിയും കൈവിട്ടു; ഇമ്രാന്റെ കസേര തെറിക്കുമോ ? അവിശ്വാസ പ്രമേയം ചര്‍ച്ച ഇന്ന്
കറാച്ചി: പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരായ അവിശ്വാസ പ്രമേയം നാഷണല്‍ അസംബ്ലി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെ പാകിസ്ഥാനില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഭരണകക്ഷിക്കൊപ്പമുണ്ടായിരുന്ന എംക്യൂഎംപി സഖ്യം വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു. ഇതോടെ ഇമ്രാന് ഖാന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ല. ഏഴ് അംഗങ്ങളുള്ള എംക്യൂഎംപി സഖ്യം വിട്ടതോടെ ഇമ്രാനൊപ്പം 164 പേര് മാത്രമായി. പ്രതിപക്ഷത്തിനൊപ്പം 177 പേര് ഉണ്ടെന്നാണ് നിലവിലെ കണക്ക്. ഇതിനിടെ പാകിസ്ഥാനില്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. എന്നാല്‍ അവിശ്വാസ പ്രമേയത്തിലേക്ക് പോകും മുന്‍പെ ഇമ്രാന് ഖാന് രാജി വെക്കുമെന്ന അഭ്യൂഹം തള്ളി പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് രംഗത്തെത്തി.
ഇമ്രാന്റെ പാര്‍ട്ടിയിലെ 24 പേരാണ് വിമത നിലപാടെടുത്ത് സര്‍ക്കാരിനെതിരെ പ്രഖ്യാപനം നടത്തി പുറത്ത് പോയത്. 342 അംഗദേശീയ അസംബ്ലിയില്‍ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന് ഖാന് 2018-ല്‍ അധികാരത്തിലേറിയത്. അതില്‍ 24 വിമതര്‍ക്ക് പിന്നാലെ എംക്യൂഎംപി കൂടി സഖ്യം വിട്ടതോടെ ഇമ്രാനൊപ്പം 164 പേര് മാത്രമാണിപ്പോഴുള്ളത്. പ്രതിപക്ഷകക്ഷിയായ പിഎംഎല്‍-നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാര്‍ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്.
തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിക്ക് 155 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ്, പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്മാന് ബിലാവല്‍ ഭൂട്ടോ, സഹ ചെയര്മാന് ആസിഫ് അലി സര്‍ദാരി എന്നിവരുടെ സംയുക്തനീക്കത്തിലാണ് ഇമ്രാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നത്. സൈന്യത്തിന്റെ പിന്തുണയില്ല ഇമ്രാന് ഖാന് എന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാന്റെ ചരിത്രത്തില്‍ ഇതേവരെ ഒരു പ്രധാനമന്ത്രിയും അഞ്ചുവര്‍ഷം തികച്ച് ഭരിച്ചിട്ടില്ല. അതേസമയം, അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രിയെ നീക്കം ചെയ്ത ചരിത്രവും പാകിസ്ഥാന് ഇല്ല.
ഇമ്രാന് വീണാലും പകരം ആര്? 75 കൊല്ലമായിട്ടും ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ ഉറയ്ക്കാത്ത പാക് രാഷ്ട്രീയത്തില്‍ ഈ ചോദ്യത്തിന് ഉത്തരമില്ല. 1999-ല്‍ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിലിലാക്കി പട്ടാളം അധികാരം പിടിച്ചത് ഒറ്റ രാത്രി കൊണ്ടാണ്. ഇരുട്ടി വെളുത്തപ്പോഴേയ്ക്കും രാജ്യത്തിന്റെ പരമാധികാരി ആയി അന്നത്തെ സൈനികമേധാവിയായി പര്‍വേസ് മുഷറഫ് മാറി. ഏതു കാലത്തും അധികാരത്തിലേക്ക് അവസരം കാത്തിരിക്കുന്ന പാക് പട്ടാളം ഇത്തവണയും ഇറങ്ങി കളിക്കുമോ എന്ന ആശങ്കയുണ്ട്.
അഴിമതിയും അധികാര ദുര്‍വിനിയോഗവും അരങ്ങുവാഴുന്ന പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏതിനെങ്കിലും ഉറച്ച സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. പാകിസ്ഥാനില്‍ പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കള്‍ മൂന്നു പേരാണ്. പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ, പാകിസ്ഥാന് മുസ്ലിം ലീഗ് നവാസ് അധ്യക്ഷന്‍ ഷഹബാസ് ഷരീഫ്, പാകിസ്ഥാന് ഡെമോക്രാറ്റിക് മൂവ്മെന്റ് അധ്യക്ഷന്‍ മൗലാനാ ഫസലുറഹ്മാന്. രാജ്യത്തെ നയിക്കാനുളള പാകതയോ വീക്ഷണമോ ഇവര്‍ക്ക് ആര്‍ക്കെങ്കിലും ഉണ്ടെന്ന് ആരും കരുതുന്നില്ല. ഭൂതകാലത്തിലെ അഴിമതിക്കഥകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഒരുപോലെ തലവേദനയാണ്. ചുരുക്കത്തില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഇമ്രാന് സര്‍ക്കാരിനെ മാത്രം ബാധിക്കുന്നതല്ല. പാകിസ്ഥാനെ ആകെ ചൂഴ്ന്നു നില്ക്കുന്ന അനിശ്ചിതത്വം ആണത്.