NEWSWorld

ഉറക്കത്തിനിടെ തൊണ്ടയില്‍ അസ്വസ്ഥത; 58-കാരന്റെ ശ്വസകോശത്തില്‍ പാറ്റയെ കണ്ടെത്തി

ബെയ് ജിങ്: 58-കാരന്റെ ശ്വസകോശത്തില്‍ നിന്ന് പാറ്റയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വായില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാറ്റയെ കണ്ടെത്തിയത്. ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ ഹൈകോ നഗരത്തിലാണ് സംഭവം.

ഉറക്കത്തിനിടെ തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് തൊണ്ടിയില്‍ നിന്ന് ഉള്ളിലേക്ക് എന്തോ ഒന്ന് നീങ്ങുന്നതായും ഇദ്ദേഹത്തിന് തോന്നി. ചുമച്ച് നോക്കിയെങ്കിലും പുറത്തേക്ക് ഒന്നും വരാത്തതിനെ തുടര്‍ന്ന് ഉറക്കം തുടര്‍ന്നു. എന്നാല്‍ മൂന്ന് ദിവസത്തിനുശേഷം ശ്വാസത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടു.

Signature-ad

പല്ലു തേക്കുകയും വായ കഴുകുകയും ചെയ്തിട്ടും ദുര്‍ഗന്ധത്തിന് മാറ്റമുണ്ടായില്ല. പിന്നീട് ചുമക്കുമ്പോള്‍ മഞ്ഞ നിറത്തിലുള്ള കഫം വരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇയാള്‍ വൈദ്യസഹായം തേടി. തുടര്‍ന്ന് പ്രദേശത്തെ ഇ.എന്‍.ടി വിദഗ്ധനെ സന്ദര്‍ശിച്ചു.

പരിശോധനയില്‍ ശ്വാസനാളത്തിന്റെ മുകള്‍ ഭാഗത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ശ്വാസകോശ വിദഗ്ധന്‍ നടത്തിയ സി.ടി സ്‌കാനില്‍ ശ്വാസകോശത്തിന്റെ ഉള്ളില്‍ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഇദ്ദേഹത്തെ ബ്രോങ്കോസ്‌കോപ്പിക്ക് വിധേയനാക്കി. പരിശോധനയില്‍ ശ്വാസകോശത്തിനുള്ളിലെ കഫത്തിന്റെയുള്ളില്‍ കുടുങ്ങിക്കിടക്കുന്ന വസ്തു പാറ്റയാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പാറ്റയെ പുറത്തെടുത്ത് ശ്വാസനാളം വൃത്തിയാക്കി. ഉടന്‍ തന്നെ രോഗിയുടെ ശ്വാസത്തില്‍ അനുഭവപ്പെട്ടിരുന്ന ദുര്‍ഗന്ധം മാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിന്റെ ഉള്ളിലേക്ക് പുറത്തുനിന്നുള്ള എന്തെങ്കിലും ജീവികള്‍ കയറിയതായി അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

 

Back to top button
error: