തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസുകള്‍ക്കു മാത്രമായി ആരംഭിച്ച കെ.എസ്.ആര്‍.ടി.സി സ്വിഫ്ടിനെ സ്വതന്ത്രകമ്പനി പദവിയില്‍ നിന്നു മാറ്റാന്‍ ഗതാഗതവകുപ്പില്‍ ആലോചന. പുതുതായി വാങ്ങുന്ന ബസുകളുടെ ആദ്യ ബാച്ച് സ്വിഫ്ടിനു നല്‍കുന്നതിനു പകരം കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാനാണ് തീരുമാനം.
2023 ലെ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം ലാഭത്തിലുള്ള ഏക പൊതുമേഖല ഗതാഗത സംവിധാനം ‘സ്വിഫ്ട്’ ആണ്. കെ.എസ്.ആര്‍.ടി.സി വലിയ കടബാദ്ധ്യതയിലായിരുന്നതുകൊണ്ടുകൂടിയാണ് കിഫ്ബി വായ്പ ഉള്‍പ്പെടെ നേടിയെടുക്കുന്നതിന് സ്വിഫ്ട് എന്ന സ്വതന്ത്രകമ്പനി രൂപീകരിച്ചത്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഇപ്പോള്‍ റിവേഴ്‌സ് ഗിയറിലാണ്. തിരഞ്ഞെടുപ്പിനുശേഷം ‘സ്വിഫ്ട്’ അഴിച്ചുപണിയുന്നതു സംബന്ധിച്ച പദ്ധതിക്ക് അന്തിമരൂപം നല്‍കും.
2022 ഫെബ്രുവരിലാണ് സ്വിഫ്ട് തുടങ്ങിയത്. ഇതിന്റെ രൂപീകരണത്തിന് തൊഴിലാളി സംഘടനകള്‍ എതിരായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ നീക്കത്തിന് പിന്തുണ ലഭിക്കും.
കെ.എസ്.ആര്‍.ടി.സിയിലെ സേവന വേതന വ്യവസ്ഥകളില്‍ ദീര്‍ഘദൂര ബസുകള്‍ ഓടിക്കുമ്പോള്‍ പ്രവര്‍ത്തനച്ചെലവ് കൂടും. ഇതൊഴിവാക്കാന്‍ കരാര്‍ ജീവനക്കാരെയാണ് സ്വിഫ്ടില്‍ നിയോഗിച്ചിട്ടുള്ളത്. ബസുകളുടെ അറ്റകുറ്റപ്പണിക്ക് നിര്‍മ്മാതാവിന് തന്നെ കരാര്‍ നല്‍കുക വഴി ചെലവ് കുറയ്ക്കുകയും ചെയ്തു.
പരിഷ്‌കരണനീക്കം ഇങ്ങനെ:
- ജീവനക്കാരെ സ്വിഫ്ടില്‍ നിന്നു കെ.എസ്.ആര്‍.ടി.സിയിലേക്കും തിരിച്ചും മാറ്റും
- ദീര്‍ഘദൂര ബസുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് പഴയപടി കെ.എസ്.ആര്‍.ടി.സിക്ക്
- കണ്ടക്ടര്‍ കം ഡ്രൈവര്‍ സംവിധാനത്തിലും മാറ്റം
അതേസമയം, പുതിയ ബസുകളും, ദീര്‍ഘദൂര ട്രിപ്പുകളും കൈമാറിയതാണ് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകള്‍ക്ക് സ്വിഫ്ടിനനോടുള്ള എതിര്‍പ്പിന് പ്രധാന കാരണം. ദീര്‍ഘദൂര ബസുകളില്‍ ഡബിള്‍, ട്രിപ്പിള്‍ ഡ്യൂട്ടി സംവിധാനമാണുള്ളത്. സ്വിഫ്ട് വന്നതോടു കൂടി കെ.എസ്.ആര്‍.ടി.സിയില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കു പോയിരുന്ന ജീവനക്കാരില്‍ നല്ലൊരു പങ്കിനും അത് നഷ്ടമായി. സ്വിഫ്ടിലെ ജീവനക്കാര്‍ സംഘടിതരല്ലാത്തതിനാല്‍ അവരും പ്രത്യക്ഷമായി എതിര്‍ക്കില്ല. 1300 താത്കാലിക ജീവനക്കാരാണ് സ്വിഫ്ടിലുള്ളത്. ഇവര്‍ക്ക് പ്രത്യേക യൂണിഫോമാണ് നിലവില്‍.