എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വർധിക്കുന്നതായി കാണുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കണം. ഡെങ്കി ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കാൻ നിർദേശം നല്‍കിയിട്ടുണ്ടെന്നും മഴയുണ്ടായാല്‍ ഡെങ്കിപ്പനി കേസുകള്‍ വർധിക്കാൻ സാധ്യതയുള്ളതിനാല്‍ മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. വേനല്‍ക്കാല രോഗങ്ങളുടെ പൊതുസ്ഥിതി വിലയിരുത്തുന്നതിന് കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളില്‍ പൊതുവേ പനിയും ചുമയും തുടങ്ങി ഇൻഫ്‌ളുവൻസയും കാണുന്നുണ്ട്. രോഗം ബാധിച്ചാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. ശ്വാസതടസമുണ്ടായാല്‍ ഉടൻ ചികിത്സ ലഭ്യമാക്കണം. വെള്ളത്തിന് ക്ഷാമം വരുന്നതിനാല്‍ ഏറെ ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.
ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കില്‍ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ചൂടുകൂടിയ സാഹചര്യമായതിനാല്‍ ഭക്ഷണം വേഗത്തില്‍ കേടാകാൻ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. ഉത്സവങ്ങളോടനുബന്ധിച്ച് ഭക്ഷണം വിതരണം നടത്തുന്നവരും ശീതള പാനീയങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയവ വിതരണം നടത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. വാട്ടർ തീം പാർക്കുകളില്‍ പകർച്ചവ്യാധികളുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം- മന്ത്രി പറഞ്ഞു.
ഉയർന്ന ചൂട് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ശ്രദ്ധിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. വയറിളക്കമോ ഛർദിയോ ഉണ്ടായാല്‍ ചൂട് കാലമായതിനാല്‍ നിർജലീകരണം പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ഭക്ഷണവും മൂടിവയ്ക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്.
ഹെപ്പറ്റൈറ്റിസ് എ കേസുകളുടെ പ്രതിരോധത്തിനു ആരോഗ്യവകുപ്പ് ശക്തമായ ഇടപെടല്‍ നടത്തി വരുന്നുണ്ട്. വേനല്‍ക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധനകള്‍ ശക്തമാക്കി കർശന നടപടി സ്വീകരിക്കാൻ നിർദേശം നല്‍കിയിട്ടുണ്ടെന്നും ജ്യൂസ് കടകളില്‍ ഉപയോഗിക്കുന്ന ഐസ് പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.