യുദ്ധത്തിൽ ഇസ്രയേലിന് ഏറ്റവും വലിയ പിന്തുണ നൽകുന്നത് അമേരിക്കയാണ്. ഒക്ടോബർ ഏഴ് ആക്രമണത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡൻ തന്നെ ടെൽ അവീവിൽ നേരിട്ടെത്തി പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. യു എൻ രക്ഷാ കൗൺസിലിൽ ഇസ്രയേലിനെതിരായ ഒരു നീക്കവും വിജയിക്കാത്തതിന് പിന്നിലും മറ്റാരുമല്ല. അമേരിക്കയുടെ ഒറ്റ വീറ്റോയാണ് യു എൻ രക്ഷാ കൗൺസിലിൽ ഇസ്രയേലിനെ രക്ഷിച്ചെടുത്തത്. എന്താണ് ഇതിന് കാരണം? അത് പരിശോധിക്കാം.
അമേരിക്കയുടെ ഏറ്റവും വലിയ സഖ്യകക്ഷികളിൽ ഒന്ന് ഇസ്രയേൽ എന്നതിൽ ആർക്കും തർക്കം ഉണ്ടാകാനിടയില്ല. ചെറിയ ഒരു കണക്ക് കേട്ടാൽ സംശയം ഉള്ളവർക്കും അത് ക്ലിയറാകും. അമേരിക്ക വിദേശ രാജ്യങ്ങൾക്ക് നൽകുന്ന സഹായത്തിന്റെ 5 ശതമാനവും പോകുന്നത് ഇസ്രയേലിലേക്കാണ്. അതായത് ലോക ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ പത്തിലൊന്ന് മാത്രം വരുന്ന ഇസ്രയേലിനാണ് എല്ലാ വർഷവും സഹായം ഒഴുകുന്നത്. അത് പ്രതിരോധ, അടിസ്ഥാന വികസന, നയതന്ത്ര തലത്തിലേക്ക് നീളും.
ഈ സഹായത്തിൻ്റെ കാരണം നോക്കിപ്പോയാൽ അൽപം സങ്കീർണമാണെന്ന് കാണാം. അമേരിക്കയുടെ പശ്ചിമേഷ്യൻ ഇടപെടലും തന്ത്രവുമാണ് ഇതിന്റെ മൂല കാരണങ്ങളിലൊന്ന്. പശ്ചിമേഷ്യയിൽ സോവിയറ്റ് യൂണിയൻ ഇടപെടലിന് അമേരിക്ക ബദൽ കണ്ടത് ഇസ്രായേലിലാണ്. അറബ് രാജ്യങ്ങൾക്കിടെയിൽ സൗഹൃദം കണ്ടെത്തിയ സോവിയറ്റ് യൂണിയന് ബദലായി മേഖലയിൽ അമേരിക്ക ചുവടുറപ്പിക്കുന്നത് ഇസ്രായേൽ വഴിയാണ്. പ്രതിരോധ നയതന്ത്ര ഇടപെടലിലൂടെ ഇസ്രായേലിനെ അമേരിക്ക, സോവിയറ്റ് വിരുദ്ധ ചേരിയിലെത്തിച്ചു. പിന്നീട് പശ്ചിമേഷ്യയിലെ സ്ഥിരത ഉറപ്പാക്കുന്ന ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തപ്പോഴും അമേരിക്കക്ക് ഇസ്രായേലിന്റെ കൂട്ട് ആവശ്യമായി വന്നു.
പശ്ചിമേഷ്യയിൽ അമേരിക്ക സ്ഥിരത ആഗ്രഹിക്കുന്നതെന്തിനാണെന്ന് ചോദിച്ചാൽ ഉത്തരമുണ്ട്. എണ്ണ വിപണി തന്നെ പ്രധാന കാരണം. സദ്ദാമിൻ്റെ ഇറാഖും സിറിയയും ഇറാനും മറുചേരിയിൽനിന്നപ്പോൾ അമേരിക്ക ഇസ്രായേൽ, ഈജിപ്റ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ ഒപ്പം നിർത്തി. മറ്റൊരു പ്രധാന കാരണം അമേരിക്കൻ ജൂതൻമാരാണ്. ന്യൂനപക്ഷമെങ്കിലും പ്രബലരാണ് അമേരിക്കയിലെ ജൂതന്മാർ.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ജൂത വംശജനാണ്. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭർത്താവ് ഡഗ്ലസ് എംഹോഫ്, ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീൽബെർഗ്, ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്, ഫാഷൻ ബ്രാൻഡ് കാൽവിൻ ക്ലീന്റെ സ്ഥാപകൻ കാൽവിൻ റിച്ചാർഡ് ക്ലീൻ എന്നിങ്ങനെ പോകുന്നു അമേരിക്കയിലെ പ്രമുഖ ജൂതവംശജരുടെ പട്ടിക. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന, സ്വാധീനിക്കാൻ കഴിയുന്ന ശക്തിയായി അമേരിക്കൻ ജൂതന്മാർ പണ്ടേ മാറി കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അമേരിക്ക സന്ദർശിക്കുന്ന രാഷ്ട്രതലവൻമാർക്കും അമേരിക്കൻ പ്രസിഡന്റിന് തന്നെയും ജൂത കേന്ദ്രത്തിലെ സന്ദർശനം ഒരു പ്രധാന കർമമായി മാറുന്നതും.
അമേരിക്കയുടെ ആഭ്യന്ത നയരൂപീകരണങ്ങളിൽ പോലും വൻ സ്വാധീനം ചെലുത്തുന്ന ശക്തിയാണ് ലോബിയിങ് ഗ്രൂപ്പായി അറിയപ്പെടുന്ന എഐപിഎസി അഥവാ അമേരിക്കൻ ഇസ്രയേൽ പബ്ലിക് അഫയേർസ് കമ്മിറ്റി. 17 മേഖലാ ഓഫീസുകളും ഒരു ലക്ഷത്തിലിധകം അംഗങ്ങളും, കൃത്യമായ സംഭാവനകളുമായി അവർ വളർന്നുകൊണ്ടേയിരിക്കുന്നു. വാഷിങ്ടണിൽ കാപിറ്റോൾ ഹില്ലിൽ എല്ലാം നടക്കുന്ന നയരൂപീകരണ ചർച്ചകളിലും നിയമനിർമാണത്തിലും എഐപിഎസി യുടെ പങ്ക് ചെറുതല്ല.
മറ്റൊന്ന് അമേരിക്കൻ ജനതയുടെ പിന്തുണയാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജൂതർ അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനം അവർക്ക് അനുകൂലമായ വികാരം ലോകത്ത് ഉണ്ടാക്കി. അത് അമേരിക്കയിൽ ഏറ്റവും ശക്തമായിരുന്നു. പലസ്തീൻ – ഇസ്രയേൽ തർക്കത്തിൽ അമേരിക്കൻ ജനത പണ്ടേ ഇസ്രയേലിനൊപ്പമാണ്. പശ്ചിമേഷ്യയിലെ യഥാർത്ഥ ജനാധിപത്യ രാജ്യമെന്ന നിലയ്ക്കാണ് അമേരിക്കക്കാർ ഇസ്രായേലിനെ കാണുന്നത്.
അങ്ങനെ അമേരിക്ക ഇസ്രായേൽ ബന്ധം ദൃഢമായി നിലനിൽക്കുന്നതിന് കാരണം പലതാണ്. അത് ഒരു ദിവസത്തിൽ തുടങ്ങിയതല്ല. പല ദുരന്തങ്ങളും യുദ്ധങ്ങളും സമ്മർദങ്ങളും, കാലഘട്ടങ്ങളും താണ്ടിയ ഈ ബന്ധം ഉടനൊന്നും ഉലയുന്ന ലക്ഷണവുമില്ല, അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അത് ഈ യുദ്ധത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ടുകിടക്കുകയും ചെയ്യും.