വിശാഖപട്ടണം: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ ഇന്ന് അതിന്റെ മൂന്നാം ദൗത്യവുമായി കുതിക്കും. ചന്ദ്രയാന്‍ 3ന്റെ കൗണ്ട്- ഡൗണ്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഇന്നലെ ആരംഭിച്ചു. പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റ് ഇന്ന് ഉച്ചയ്ക്ക് 2.35ന് വിക്ഷേപണത്തറയില്‍ നിന്നു ബഹിരാകാശത്തേക്ക് കുതിച്ചുയരും.
ഇന്നലെ ഉച്ചയ്ക്കാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട് ഡൗണ്‍. ഈ സമയത്തിനിടെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളും അവസാന ഘട്ടത്തിലെ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കും.
2019 ല്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം മറന്നു, പഴുതുകളെല്ലാം അടച്ചാണ് ഇക്കുറി ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3നെ ഭ്രമണ പഥത്തിലേക്ക് അയക്കുന്നത്. ചന്ദ്രയാന്‍ മൂന്നിന്റെ പ്രധാന വെല്ലുവിളിയും ഇതുതന്നെ. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റില്‍ സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 എന്ന് പേരുമാറ്റിയ ഐ.എസ്.ആര്‍.ഒ.യുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എസ്എല്‍വി മാര്‍ക്ക്-3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണ് ഇന്ന് നടക്കുന്നത്. 43.5 മീറ്റര്‍ ഉയരവും 642 ടണ്‍ ഭാരവുമുള്ള ഇതിന് ആദ്യ ഘട്ടത്തില്‍ ഖര ഇന്ധനവും രണ്ടാം ഘട്ടത്തില്‍ ദ്രവ ഇന്ധനവും മൂന്നാം ഘട്ടത്തില്‍ ക്രയോജനിക് ഇന്ധനവും കുതിപ്പേകും. 15 മിനിറ്റ് കഴിയുമ്പോഴേക്കും പേടകം റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ഭൂമിയില്‍ നിന്ന് 179 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണ പഥത്തിലെത്തും.
ചന്ദ്രനില്‍ ഇറങ്ങാനുള്ള ലാന്‍ഡറും ചന്ദ്രനില്‍ സഞ്ചരിക്കാനുള്ള റോവറും ഇവയെ ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള പ്രൊപ്പല്‍ഷന്‍ മൊഡ്യൂളുമാണ് ചന്ദ്രയാന്‍ പേടകത്തിന്റെ പ്രധാന ഭാഗങ്ങള്‍. റോക്കറ്റില്‍ നിന്ന് വേര്‍പെട്ടു കഴിഞ്ഞാല്‍ റോവറിനെയും ലാന്‍ഡറിനെയും ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള ചുമതല പ്രൊപ്പല്‍ഷന്‍ മോഡ്യൂളിന്റേതാണ്. ഭൂമിയെ ചുറ്റുന്നതിനിടെ ഭ്രമണ പഥത്തിന്റെ വ്യാസം വര്‍ധിപ്പിച്ചു കൊണ്ടുവന്നാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് കടക്കുക. അതിനുശേഷം ചന്ദ്രന്റെ ഭ്രമണ പഥത്തിന്റെ വ്യാസം കുറച്ചു കൊണ്ടുവരും. ഓഗസ്റ്റ് 23, 24 തീയതികളില്‍ ലാന്‍ഡറിനെ ചന്ദ്രനില്‍ ഇറക്കാനാണ് പദ്ധതി.
2008ലെ ചന്ദ്രയാന്‍ 1ല്‍ പരീക്ഷണോപകരണങ്ങളെ ചന്ദ്രോപരിതലത്തില്‍ സ്വതന്ത്രമായി വീഴാന്‍ അനുവദിക്കുകയാണ് ചെയ്തത്. വേഗം കുറച്ചുകൊണ്ടുവന്ന് ലാന്‍ഡറിനെ സുരക്ഷിതമായി ഇറക്കുകയായിരുന്നു 2019ലെ ചന്ദ്രയാന്‍ 2 ദൗത്യം. അവസാന നിമിഷം വരെ കൃത്യമായി മുന്നോട്ടു പോയെങ്കിലും റോവറിന് ചന്ദ്രനില്‍ ഇടിച്ചിറങ്ങേണ്ടിവന്നതിനാല്‍ ദൗത്യം വിജയിച്ചില്ല.
ഇത്തവണ സുരക്ഷിത സ്ഥലം കണ്ടെത്തി, വേഗം കുറച്ചാവും ചന്ദ്രനിലിറങ്ങുക. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍ കൂടി ചന്ദ്രയാന്‍ 2ല്‍ ഉണ്ടായിരുന്നു. ഈ ദൗത്യത്തില്‍ അതില്ല. പഴയ ഓര്‍ബിറ്റര്‍ നിലവില്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്. അതുവഴിയായിരിക്കും പുതിയ ദൗത്യം ഭൂമിയുമായി ആശയ വിനിമയം നടത്തുക.