KeralaNEWS

മഴ ചതിച്ചു: കടന്നു പോയത് പിന്നിട്ട 123 വർഷത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ദുർബലകാലവർഷം, ജൂലൈയിലെങ്കിലും മഴ കനിഞ്ഞില്ലെങ്കിൽ കേരളം പട്ടിണി മരണങ്ങളുടെ നെരിപ്പോടിൽ വീണു പിടയും

    കേരളത്തില്‍ സമൃദ്ധമായി മ‍ഴ ലഭിക്കുന്ന  മാസമാണ് ജൂണ്‍. സ്കൂള്‍ തുറക്കലും മ‍ഴയുമാണ് മലയാളികളുടെ മനസില്‍ ജൂണ്‍ എന്ന് കേ‍ള്‍ക്കുമ്പോള്‍ ഓടിയെത്തുന്നത്. എന്നാല്‍ ഇത്തവണ അതായിരുന്നില്ല സ്ഥിതി. വലിയ പ്രതീക്ഷയോടെയെത്തിയ കാലവർഷം ജൂൺ മാസത്തിൽ കനക്കാത്തതിന്‍റെ നിരാശയിലാണ് കേരളം. 60 ശതമാനത്തിന്‍റെ ഇടിവാണ് കാലവർഷത്തിൽ ഉണ്ടായത്. ജൂണിൽ ‘ചതിച്ച’ കാലവർഷം പക്ഷേ ജൂലൈയിലും പ്രതീക്ഷയ്ക്കൊപ്പം കനിയാനിടയില്ല.

സാധാരണ കാലവർഷം തിമിർത്ത് പെയ്യുന്ന വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ലഭിക്കേണ്ട 70 ശതമാനത്തിലധികം മഴ ഇനിയും ലഭിച്ചിട്ടില്ല. കെഎസ്ഇബി, ജലസേചന അണക്കെട്ടുകളിൽ പലയിടങ്ങളിലും ശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം മാത്രം ജലമാണ്.

Signature-ad

കാലവർഷം ആരംഭിച്ച് ഇതിനോടകം കേരളത്തിൽ ലഭിക്കേണ്ടിയിരുന്നത് 600 മില്ലിമീറ്റർ മഴയായിരുന്നു. എന്നാൽ ലഭിച്ചത് 240 മില്ലിമീറ്റർ മഴ മാത്രം. 60 ശതമാനത്തിന്റെ കുറവ്. 637 മില്ലിമീറ്റർ മഴ ലഭിക്കേണ്ട വയനാട്ടിൽ പെയ്തത് 135 മില്ലിമീറ്റർ മഴ. 79  ശതമാനത്തിന്റെ കുറവ്. 816 മില്ലിമീറ്റർ മഴ ലഭിക്കേണ്ട കോഴിക്കോട് 75 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. 207 മില്ലി മീറ്റർ മഴ. 71 ശതമാനം കുറവ് മഴ ലഭിച്ച ഇടുക്കി ജില്ലയിൽ ലഭിക്കേണ്ടിയിരുന്നത് 680 മില്ലിമീറ്റർ മഴ. പെയ്തതാകട്ടെ 196 മില്ലിമീറ്ററും.

കണ്ണൂർ, കാസർഗോഡ്, കോട്ടയം, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഈ സമയം ലഭിക്കേണ്ട 60 ശതമാനത്തോളം മഴ ലഭിച്ചിട്ടില്ല. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. 328 മില്ലിമീറ്റർ, ലഭിക്കേണ്ടിയിരുന്നത് 476 മില്ലിമീറ്ററും. എറണാകുളം, തിരുവനന്തപുരം ആലപ്പുഴ ജില്ലകളിൽ 45 ശതമാനത്തോളം കുറവ് മഴയാണ് ലഭിച്ചത്.

തെക്ക് പടിഞ്ഞാറൻ മൺസൂൺ സീസൺ  തുടക്കം തന്നെ കേരളത്തിൽ മഴകുറയാൻ കാരണമായി വിലയിരുത്തുന്ന കാരണങ്ങൾ  പലതാണ്. മെയ് അവസാനമൊ ജൂൺ ആദ്യമൊ എത്തേണ്ട കാലവർഷം ഇത്തവണ വൈകി. കാലവർഷം കേരളത്തിലെത്തിയത് ജൂൺ എട്ടിന്. മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം ജൂൺ 21- 22 വരെ പ്രകടമായിരുന്നു. അത് കേരളത്തിലേക്കുള്ള കാലവർഷക്കാറ്റിനെ ദുർബലമാക്കി. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ചുഴലി കൊടുങ്കാറ്റിന്റെ സ്വാധീനവും നിഴലിച്ചു.

ഇതിനോടകം പകുതിയിലധികം ജലം സംഭരിക്കേണ്ടയിരുന്ന അണക്കെട്ടുകളിൽ പലതിലും സംഭരണശേഷിയുടെ 15 ശതമാനത്തോളം ജലം മാത്രമാണുള്ളത്. കെഎസ്ഇബി അണക്കെട്ടുകളിൽ ഇടുക്കിയിലുള്ളത് 14 ശതമാനം ജലം. പമ്പയിൽ 2.73ശതമാനം ജലം, ഇടമലയാറ്റിൽ 18.5 ശതമാനവും കക്കി, ആനയിറങ്ങൽ, ഇരട്ടയാർ, ബാണസുര സാഗർ ഡാമുകളിൽ സംഭരണശേഷിയുടെ 15 ശതമാനത്തിൽ താഴെ മാത്രമാണ് ശേഷിക്കുന്നത്.
ജലസേചന അണക്കെട്ടുകളിലെ സ്ഥിതിയും സമാനം തന്നെ. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും മഴ കുറഞ്ഞ ജൂൺ മാസങ്ങളിലൊന്നായി ഈ ജൂൺ മാറുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

മ‍ഴകുറയാനുള്ള കാരണം എന്താണെന്ന്  ചോദ്യം ഉയരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന കാരണമെന്ന് അഭിപ്രായവും പല കോണുകളിലും ശക്തമാണ്. ആവശ്യത്തിനുള്ള മ‍ഴ ജൂലൈയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും അതിനുള്ള സാധ്യത പ്രകടമല്ല..  ഇനിയും മഴ കുറഞ്ഞാൽ വരും വേനലിൽ കനത്ത വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വരും. കാലവർഷം ദുർബ്ബലമായതോടെ കാർഷിക വിളകൾ മുഴുവൻ കരിഞ്ഞുണങ്ങും. ഫലം കൃഷി സമ്പൂർന്നമായി നശിക്കുന്നതോടെ പട്ടിണി മരണങ്ങളിലേയ്ക്ക് നാട്  കൂപ്പുകുത്തും.

 ജൂണിലെ മഴ ജൂലൈയിൽ പെയ്താല്‍ അത് മറ്റ് പ്രശന്ങ്ങളലേക്ക് വ‍ഴിവയ്ക്കുമോ എന്ന ഒരു ആശങ്ക പല കേന്ദ്രങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്.  എന്തായാലും കേര‍ളത്തിലെ മ‍ഴ ഒരു സമസ്യയായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ 123 വർഷത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും മോശപ്പെട്ട മ‍ഴമാസങ്ങളില്‍ ക‍ഴിഞ്ഞുപോയ ജൂണും ഇടംപിടിച്ചിരിക്കുകയാണ്.

Back to top button
error: