കേരളത്തെ ഞെട്ടിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്, മൂന്ന് വർഷത്തിനിടയിൽ ഐ എസിൽ ചേർന്നത് 149 പേർ കൂടി
മൂന്ന് വർഷത്തിനിടയിൽ കേരളത്തിൽ നിന്ന് ഭീകര സംഘടനയിൽ ചേർന്നത് 149 പേരെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. 100 പേർ കുടുംബത്തോടെയാണ് പോയത്. ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ ഉള്ളതായി അറിയുന്നു. സംസ്ഥാനത്ത് നിന്നു ഇവരുമായി ബന്ധം പുലർത്തുന്നവർ നിരീക്ഷണത്തിൽ ആണ്.
കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് ഈ 149 പേർ. മൂന്ന് വർഷങ്ങൾക്കുള്ളിലാണ് ഇവർ സംസ്ഥാനം വിട്ടത് എന്നാണ് വിവരം. ഇതിനു പുറമെ 32 പേരെ ഗൾഫ് രാജ്യങ്ങളിൽ പിടികൂടി തടവിലിട്ട ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. വായനാട്ടുകാരായ മൂന്ന് പേർ ഇറാനിലെത്തി തിരികെ വന്നു.
ഐ എസ് താവളത്തിൽ എത്തിയ ഒരു യുവാവ് ദുരിതങ്ങൾ വിവരിച്ച് ടെലെഗ്രാമിൽ സന്ദേശം അയച്ചിരുന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഈ സന്ദേശം പിന്തുടരുക ആയിരുന്നു. എന്നാൽ ഈ യുവാവ് കൊല്ലപ്പെട്ടു എന്ന് പിന്നീട് അറിഞ്ഞു. കേരളത്തിലെ ഐ എസ് സാന്നിധ്യത്തെ കുറിച്ച് ഐക്യരാഷ്ട്ര സംഘടനാ സമിതിയുടെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസും സംസ്ഥാന ഭീകര വിരുദ്ധ സ്ക്വാഡും അന്വേഷിക്കുമെന്ന് ഡി ജി പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.