KeralaNEWS

ശബരി റെയില്‍ പാതയ്ക്ക് ബദലാകുമോ ചെങ്ങന്നൂർ-ശബരിമല എലവേറ്റഡ് പാത ?

 തീർത്ഥാടകർക്കും മലയോര മേഖലയ്ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന അങ്കമാലി-എരുമേലി ശബരി റെയില്‍ പാതയ്ക്ക് തുരങ്കം വയ്ക്കണമെന്ന് ആർക്കാണിത്ര വാശി? ആരുടേതാണെങ്കിലും അത് കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള ശ്രമമാണെന്നു വേണം കരുതാൻ.
മാറിമാറി വന്ന കേന്ദ്ര സർക്കാരുകൾ പോലും ഉപേക്ഷിച്ച പദ്ധതിയെ സ്ഥലം ഏറ്റെടുപ്പിനുള്ള 1,872 കോടി നൽകാമെന്നറിയിച്ച് സംസ്ഥാന സർക്കാർ വീണ്ടും ട്രാക്കിലാക്കിയതാണ്.എന്നാൽ ഇതിനു പകരം 12,000 കോടി ചെലവില്‍ ചെങ്ങന്നൂരില്‍ നിന്ന് പമ്ബയിലേക്ക് എലവേറ്റഡ് പാത നിർമ്മിക്കണമെന്നാണ് പുതിയ ആവശ്യം.
ശബരി റെയിൽപ്പാതയ്ക്കായി ഇതിനകം 264 കോടി ചെലവിട്ടു കഴിഞ്ഞു100 കോടി ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിലും ഉള്‍പ്പെടുത്തി.അതേസമയം എട്ട് കോച്ചുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനാണ് ചെങ്ങന്നൂര്‍-പമ്ബ പാത വന്നാല്‍ ഓടിക്കുക.പമ്ബാ തീരംവഴി ആകാശപ്പാത നിര്‍മ്മിച്ച് തീർത്ഥാടകരെ‌ പമ്ബയിലെത്തിക്കും.ചെങ്ങന്നൂരില്‍ നിന്ന് ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍പുഴ, റാന്നി, വടശേരിക്കര, അട്ടത്തോട് വഴി പമ്ബയില്‍ എത്തും.ആറന്മുളയില്‍ മാത്രമേ സ്റ്റോപ്പുണ്ടാവൂ.ഇതുവഴി തീർത്ഥാടകർക്കല്ലാതെ മറ്റാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല.തന്നെയുമല്ല മണ്ഡലകാലത്ത് മാത്രമാണ് തീർത്ഥാടകരുടെ തിരക്കുണ്ടാകുക എന്നതിനാൽ പാത നഷ്ടവുമാകും.
അങ്കമാലി – എരുമേലി പാത 111 കിലോമീറ്ററാണ്.ചെങ്ങന്നൂര്‍ – പമ്ബ പാത 60 കിലോമീറ്ററും.50 കിലോമീറ്റര്‍ ലാഭിക്കാമെന്നാണ് വാദം.പക്ഷേ തീര്‍ത്ഥാടനകാലത്ത് മാത്രമേ പമ്ബ പാത പ്രയോജനപ്പെടൂ.എരുമേലിയില്‍ ട്രെയിനെത്തുകയുമില്ല.ഭൂരിഭാഗം തീർത്ഥാടകരും എരുമേലിയിൽ എത്തിയാണ് ശബരിമലയിലേക്ക് പോകുന്നത്.തന്നെയുമല്ല അങ്കമാലി-എരുമേലി പാത വന്നാൽ രണ്ടു മണിക്കൂർ കൊണ്ട് അങ്കമാലിയിൽ നിന്നും എരുമേലിയിൽ എത്താം.അതേസമയം അങ്കമാലിയിൽ നിന്നും ചെങ്ങന്നൂരെത്താൻ നാലുമണിക്കൂറിലേറെ സമയം വേണ്ടിവരും.
കാല്‍നൂറ്റാണ്ട് മുന്‍പ് 517 കോടിക്ക് വിഭാവനം ചെയ്ത ശബരി റെയിലിന് പുതിയ എസ്റ്റിമേറ്റ് 3,744 കോടിയാണ്. ഇതുവരെ 264 കോടി ചെലവിട്ടു.സ്ഥലം ഏറ്റെടുപ്പിനുള്ള 1,872 കോടി കിഫ്ബി വഴി സംസ്ഥാനം നല്‍കും.അങ്കമാലി-കാലടി റൂട്ടില്‍ ഏഴ് കി.മീ റെയില്‍പാതയും പെരിയാറില്‍ മേല്‍പ്പാലവും നിര്‍മ്മിച്ചു. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അന്തിമ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കി.ഡി.പി.ആര്‍ അംഗീകരിച്ചാല്‍ ബാക്കി ഭൂമി ഏറ്റെടുക്കാം.ഇത്രയും തുക ചെലവവാക്കിയ ശേഷം മറ്റൊരു പാതയ്ക്കായുള്ള നീക്കം മലയോരവികസനം അട്ടിമറിക്കാനാണെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്.
അങ്കമാലി-എരുമേലി പാത വന്നാൽ അത് ശബരിമല തീർഥാടകർക്കൊപ്പം ആയിരക്കണക്കിന് മലയോര ജനതയ്ക്കും പ്രയോജനം ചെയ്യും.പിന്നീടിത് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ വഴി തിരുവനന്തപുരത്തേക്ക് നീട്ടാനും സാധിക്കും.ഇതോടെ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള പാതയ്ക്കൊപ്പം മറ്റൊരു പാത കൂടി കേരളത്തിന് ലഭിക്കും.റയിൽവെ ഇല്ലാത്ത ഇടുക്കി ജില്ലയ്ക്കും ഇത് പ്രയോജനം ചെയ്യും.നാളെ എരുമേലിയിൽ നിന്ന് തേനിയിലേക്കുള്ള മറ്റൊരു പാതയ്ക്കും വഴി തുറന്നേക്കാം.നിർദ്ദിഷ്ട ചെറുവള്ളി വിമാനത്താവളത്തിന്റെ സാമീപ്യവും പാതയ്ക്ക് ഏറെ ഗുണകരമാണ്.
കാലടിയിൽ നിന്നും മലയാറ്റൂർ വഴി പൊള്ളാച്ചി ലൈനുമായി ഈ‌ പാത ബന്ധിപ്പിച്ചാൽ പഴനി, തഞ്ചാവൂർ, വേളാങ്കണ്ണി,നാഗൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ കേരളത്തിന് തൊട്ടരികിലാകും.കൊച്ചിയീൽ നിന്നും നിലവിൽ പാലക്കാട് വഴി കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് പൊള്ളാച്ചിയിലോ പഴനിയിലോ എത്തുന്നത്.ശബരിമല, വേളാങ്കണ്ണി തീർത്ഥാടകർക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒരു പാതയാണിത്.പാലക്കാട്, കോയമ്പത്തൂർ വഴി ചുറ്റിക്കറങ്ങാതെ മധ്യതിരുവിതാംകൂറിലുള്ളവർക്ക് വളരെയെളുപ്പം ചെന്നൈയിൽ എത്താനും ഈ‌ പാത ഉപകരിക്കും.

Back to top button
error: