നല്ല ചൂട് പൊറോട്ടയിൽ ബീഫ് കറിയൊഴിച്ച് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി കേരളത്തിൽ ആരുമുണ്ടാകില്ല.അത്രമേൽ കേരളക്കരയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ബീഫും പൊറോട്ടയും.ആവശ്യക്കാർ കൂടിയതോടെ പൊറോട്ടയിലും ബീഫിലും വിവിധ വെറൈറ്റികളും ഇന്ന് ലഭ്യമാണ്. നൂൽ പൊറോട്ടയും കോയിൻ പൊറോട്ടയും കൊത്തു പൊറോട്ടയുമൊക്കെ ഇതിന്റെ ചില ഉദാഹരണങ്ങൾ മാത്രം.ബീഫിന്റെ വെറൈറ്റികളാകട്ടെ എഴുതിയാലും തീരില്ല.
എന്നാൽ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന കാരണത്താൽ പലരും ഇന്ന് പൊറോട്ടയോട് മുഖം തിരിക്കാറുമുണ്ട്.കാരണം പൊറോട്ട നിർമ്മിക്കുന്നത് മൈദ കൊണ്ടാണ്.ഈ മൈദ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണക്കാരനാണ്. ദഹനത്തെ ബാധിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം.മൈദയിൽ നാരുകൾ അടങ്ങിയിട്ടില്ല എന്നതിനാൽ ദഹന പ്രക്രിയയെ ഇത് സാവധാനത്തിലാക്കുന്നു.മാത്രമല്ല കൊളസ്ട്രോളിനും, ട്രാൻസ്ഫാറ്റിനും ഇത് കാരണമാകും.എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊറോട്ട ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധി വരെ മറികടക്കാമെന്നാണ് ആരോഗ്യ രംഗത്തുളളവർ പറയുന്നത്.
പൊറോട്ടയ്ക്കൊപ്പം സാലഡോ ഉള്ളിയോ കഴിക്കുന്നതും ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കും.മൈദ കൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങൾ മാറാൻ വിദേശികൾ എല്ലായ്പ്പോഴും സാലഡോ ഉള്ളിയോ കഴിക്കാറുണ്ട്. സവാളയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന പ്രക്രിയ വേഗത്തിലാക്കുന്നു.പൊറോട്ട കഴിച്ചാലുണ്ടാകുന്ന മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉള്ളി സഹായകമാണ്.അതിനാൽ പൊറോട്ടയ്ക്കൊപ്പം എല്ലായ്പ്പോഴും ഉള്ളി ശീലമാക്കുക.
അതേപോലെ ബീഫിലും ശരീരത്തിന് ഏറെ ഹാനികരമായ പൂരിതകൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.ഉള്ളി ലയിക്കുന്ന നാരുകളുടെ ഉറവിടമാണ്, ഇത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.