തിരുവനന്തപുരം: സാധാരണക്കാർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന വിധത്തിൽ കേരള മൈൻസ് ആൻ്റ് മിനറൽസ് കൺസഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. 3000 ചതുരശ്ര അടിവരെയുള്ള വീടുകളുടെ നിർമ്മാണത്തിനായി മണ്ണ് മാറ്റുന്നതിനുള്ള അനുമതി നല്കാനുള്ള അധികാരം ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.
ഇതിന് പുറമെ ഗാർഹിക ആവശ്യത്തിനും മറ്റും 150 ടണ്ണിന് താഴെ മണ്ണ് പുറത്തേക്ക് കടത്തിക്കൊണ്ടുപോകുന്നതിന് പ്രത്യേക അനുമതി നൽകുന്നതിനും ഭേദഗതിയിൽ നിഷ്കർഷിക്കുന്നു. ഒപ്പം മണ്ണ് പുറത്തേക്ക് കൊണ്ടുപോകാതെ സ്ഥലം നിരപ്പാക്കുന്നതിന് വകുപ്പിനെ അറിയിച്ചുചെയ്യാനുള്ള അനുമതിയും ലഭ്യമാകും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടും സർക്കാർ പ്രവർത്തികളുമായി ബന്ധപ്പെട്ടും മണ്ണ് നീക്കം ചെയ്യുന്നതിനും പ്രത്യേക അനുമതി ലഭ്യമാകും.
നിരവധി സന്ദർഭങ്ങളിൽ കാലതാമസമുണ്ടാക്കിയതും സാധാരണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതുമായ സങ്കീർണതകളാണ് ഈ ഭേദഗതിയിലൂടെ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.