ന്യൂഡൽഹി:ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന വിഹിതം നിർബന്ധിത ചട്ടമല്ലെന്ന് കേന്ദ്രം. ഡോ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രേഖാമൂലമാണ് കേന്ദ്രം മറുപടി നൽകിയിരിക്കുന്നത്.
സംസ്ഥാനങ്ങളിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുമ്പോൾ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഒരു നിശ്ചിത തുക ഈടാക്കണം എന്ന നയം കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ടോ എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയിരിക്കുന്നത്.
അതേസമയം ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ആറു വർഷത്തിനിടെ കേരളം ദേശീയപാതാ അതോറിറ്റിക്ക് നൽകിയത് 4085 കോടി രൂപ.സ്ഥലം ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും അതോറിറ്റിയാണ് വഹിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നായ ഉത്തർപ്രദേശ് ഇതുവരെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും നൽകിയിട്ടില്ല.കൂടാതെ നിർമാണ സാമഗ്രികളുടെ ജിഎസ്ടിയും മറ്റും ഒഴിവാക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെങ്കിലും യുപി സർക്കാർ ഇതുവരെ അക്കാര്യം സമ്മതിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.