ഒരു മതത്തിലും ഞാൻ ചിരിയും പുഞ്ചിരിയും കണ്ടിട്ടില്ല എന്ന് പറഞ്ഞാണ് ബുദ്ധൻ ആചാരബദ്ധമായ സംഘടിത മതത്തെ നിരാകരിച്ചത്.ചൈനയിലെ ” ചിരിക്കുന്ന ബുദ്ധൻ” പ്രസിദ്ധമാണ്. ബാംഗ്ലൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്ററിലെ ചാപ്പലിൽ ചിരിക്കുന്ന ക്രിസ്തുവിന്റെ മനോഹരമായ ഒരു ചിത്രം ഉണ്ട്. ” ആകാശത്തിലെ മിന്നൽ പിണരിൽ ഞാൻ ദൈവത്തിന്റെ പുഞ്ചിരി കണ്ടു” എന്ന് റൂമി പറഞ്ഞിട്ടുണ്ട്.
സമൂഹത്തിൽ ഹാസ്യവും ചിരിയും ഇല്ലാതാകുമ്പോഴാണ് അക്രമവും അസമാധാനവും വർധിക്കുന്നത്.ഇങ്ങനെ ചിരിയും സമാധാനവും ഹാസ്യവും നഷ്ടപ്പെട്ട ആധ്യാത്മിക/ സാംസ്കാരിക പരിസരത്താണ് ക്രിസോസ്റ്റം വലിയ തിരുമേനിയും ഇന്നസെന്റും വ്യത്യസ്തരായത്… രണ്ടുപേരുടെയും ഉള്ളിലുണ്ടായിരുന്ന ചിരി നന്മയാണ് ഇതുവരെയും അടുത്ത സുഹൃത്തുക്കൾ ആക്കിയതും നല്ല മനുഷ്യരാക്കിയതും. അതേ ചിരി മരുന്നാണ് രണ്ടുപേരെയും അർബുദരോഗത്തെ അതിജീവിക്കുവാൻ സഹായിച്ചതും.
ക്രിസോസ്റ്റം തിരുമേനിയിൽ നിന്നും നേരിട്ടും ഇന്നസെന്റിൽ നിന്ന് നിരവധി സിനിമകളിൽ കൂടിയും മാനവികതയുടെ നന്മ എനിക്കും ആസ്വദിക്കുവാൻ കഴിഞ്ഞത് മഹാഭാഗ്യമാണ്.രണ്ടുപേരുടെയും പേരുകൾ പരസ്പരം രണ്ടുപേർക്കും ചേരുന്നതായിരുന്നു,അക്ഷരാർത്ഥത്തിൽ.അതുകൊണ്ടുതന്നെ ഇന്നല്ലെങ്കിൽ നാളെ അവർ രണ്ടുപേരും സ്വർഗ്ഗത്തിൽ ഒരുമിക്കേണ്ടവർ തന്നെയായിരുന്നുഅതിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു…
ഇനി സ്വർഗ്ഗത്തിൽ ചിരിപ്പൂരം… നമ്മുടെ നഷ്ടം സ്വർഗ്ഗത്തിന്റെ ലാഭം! പകരം വയ്ക്കാൻ ഇല്ലാത്ത രണ്ട് നന്മ മരങ്ങളെയാണ് നമുക്ക് ഇവിടെ നഷ്ടമായിരിക്കുന്നത്…
(യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനാണ് ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്)