ഇടുക്കി: നാട്ടുകാർക്ക് ശല്യമായി മാറിയ അരിക്കൊമ്പൻ എന്ന കാട്ടാനയെ തളയ്ക്കാനായി പത്തനംതിട്ടക്കാരുടെ പ്രിയപ്പെട്ട കോന്നി സുരേന്ദ്രൻ എന്ന ആനയെത്തി.
അരിക്കൊമ്പൻ എന്ന തെമ്മാടി ആനയെ പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തിലാണ്.ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിലാണ് ദൗത്യം നീളുന്നത്.മാർച്ച് 29-ന് വിഷയം വീണ്ടും കോടതി പരിഗണിക്കുമ്പോൾ അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് വനംവകുപ്പിന്റെ ഇപ്പോഴത്തെ ഒരുക്കങ്ങൾ.
ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾക്ക് കീഴിലുള്ള ജനവാസ മേഖലകളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ‘അരിക്കൊമ്പൻ’ ശല്യം സൃഷ്ടിക്കുകയാണ്.ഇതേത്തുടർന്ന് ആനയെ ശാന്തമാക്കാനും പിടികൂടാനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു.എന്നാൽ ഹൈക്കോടതി ഇടപ്പെട്ട് ഇത് താൽക്കാലികമായി തടയുകയായിരുന്നു. അരീക്കൊമ്പനെ പിടികൂടാൻ ചീഫ് ഫോറസ്റ്റ് വെറ്റ് സർജനും ഡാർട്ടിംഗ് സ്പെഷ്യലിസ്റ്റുമായ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 26 അംഗ പ്രത്യേക സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പാലക്കാട് ധോണി ഗ്രാമത്തെ ഏറെക്കാലമായി വിറപ്പിച്ച പി ടി സെവൻ എന്ന കാട്ടാനയെ തടഞ്ഞതുൾപ്പടെ നിരവധി റിക്കാർഡുകൾക്കുടമയാണ് കോന്നി സുരേന്ദ്രൻ എന്ന കുങ്കി ആന. ശബരിമല വനത്തിൽനിന്നു കിട്ടിയ ഈ കുട്ടിക്കൊമ്പനെ കുപ്പിപ്പാൽ വരെ നൽകിയാണ് കോന്നി ആന പരിപാലന കേന്ദ്രത്തിൽ വനപാലകരും നാട്ടുകാരും ചേർന്ന് സംരക്ഷിച്ചു പോന്നിരുന്നത്.
ശബരിമല രാജാമ്പാറയിൽനിന്നു ലഭിച്ച കുട്ടിക്കൊമ്പനെ വനം വകുപ്പിന്റെ ജീപ്പിലാണ് അന്ന് കോന്നി ആനത്താവളത്തിൽ എത്തിച്ചത്.അമ്മയാന മരിച്ചുകിടക്കുമ്പോൾ മുലകുടിച്ച് നിൽക്കുകയായിരുന്നു അന്ന് സുരേന്ദ്രൻ. തുമ്പിക്കൈക്ക് നല്ല നീളവും നല്ല തലപ്പൊക്കവും, ഉടൽ വണ്ണം കുറവും, വാലിന് നീളം തുടങ്ങി ആകാരത്തിൽ സുരേന്ദ്രൻ ലക്ഷണമൊത്ത ആനയാണ്.
അതേസമയം ധോണിയിൽ പിടി സെവനെ തളയ്ക്കാൻ മുമ്പിലുണ്ടായിരുന്ന കുംകി ആന സുരേന്ദ്രനെ കോന്നി ആനക്കൂട്ടിൽ തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഒരു കാലത്ത് കോന്നിയുടെ സ്വത്തായിരുന്ന സുരേന്ദ്രനെ പരിശീലനത്തിനെന്ന പേരിലാണ് ഇവിടെ നിന്ന് കൊണ്ടുപോയത്. അന്ന് തന്നെ ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പിടി സെവനെ പിടിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി വാർത്തകളിൽ നിറഞ്ഞ സുരേന്ദ്രനെ കോന്നി ആനക്കൂട്ടിലേക്ക് തിരിച്ചെത്തിക്കണമെന്നാണ് ആനപ്രേമികൾ ഇപ്പോൾ വീണ്ടും ആവശ്യപ്പെടുന്നത്.