ദില്ലി: അപകീർത്തി കേസിൽ സൂറത്ത് കോടതി വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം ഇല്ലാതായിക്കഴിഞ്ഞു. എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിന് ഇനി 6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല. എന്നാൽ, രാഹുലിനെതിരായ നീക്കം ഇതിലൊന്നുമൊതുങ്ങില്ലെന്നാണ് പുറത്തുവരുന്ന വിലയിരുത്തലുകൾ. വിവിധ സംഭവങ്ങളിലായി രാജ്യത്താകെ 16 കേസുകളാണ് രാഹുലിനെതിരെ ഉള്ളത്.
കേസുകളിൽ മുന്നിലുള്ളത് നാഷണൽ ഹെരാൾഡുമായി ബന്ധപ്പെട്ടതാണ്. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നത്. നാഷണൽ ഹെരാൾഡ് പത്രത്തിൻറെ ഉടമകളായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിനെ പുതിയതായി രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്ന് സുബ്രഹ്മണ്യൻസ്വാമി ആരോപണം ഉയർത്തി. 2012 നവംബറിലാണ് ഇതു സംബന്ധിച്ച പരാതിയുമായി അദ്ദേഹം രംഗത്തെത്തിയത്.
മോദി എന്ന പേര് പരാമർശത്തിൽ സൂറത്തിനു പുറമേ പട്നയിലും ബിഹാറിലും റാഞ്ചിയിലും രാഹുലിനെതിരെ കേസുകളുണ്ട്. 2018ൽ അമിത് ഷായെ കൊലപാതകി എന്നു വിശേഷിപ്പിച്ചതിൽ റാഞ്ചിയിലും ചായിബാസയിലും രണ്ടു കേസുകളുണ്ട്. കൊലപാതകത്തിൽ ആരോപണവിധേയനായ ആളെ ബിജെപി അധ്യക്ഷനായി സ്വീകരിക്കും എന്നു പറഞ്ഞതിന് റാഞ്ചിയിൽ തന്നെ മറ്റൊരു കേസുമുണ്ട്. രാഹുലിനെ ശ്രീരാമനായി ചിത്രീകരിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്, മോദിയെ കള്ളൻ എന്നു വിളിച്ചത്, 1984 കലാപത്തെക്കുറിച്ചുള്ള പരാമർശം എന്നിവയിലുള്ള കേസുകളും രാഹുലിനെതിരെ നിലവിലുണ്ട്.
ആർഎസ്എസിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ മഹാരാഷ്ട്രയിലും അസമിലുമായി മൂന്ന് കേസുകൾ രാഹുലിനെതിരെ ഉണ്ട്. 2014-ൽ മഹാരാഷ്ട്രയിലെ താനെയിൽ തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെയാണ് കേസിനാസ്പദമായ ഒരു പരാമർശം ഉണ്ടായത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് രാഹുൽ പറഞ്ഞത്. ‘ആർഎസ്എസുകാർ ഗാന്ധിജിയെ കൊലപ്പെടുത്തി. എന്നിട്ടിപ്പോൾ അദ്ദേഹത്തെക്കുറിച്ച് പറയുന്നു. ആർഎസ്എസുകാർ സർദാർ പട്ടേലിനെയും ഗാന്ധിജിയെയും എതിർത്തവരാണ്’ രാഹുൽ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകർ നൽകിയ കേസിൽ വിചാരണ നടക്കാനിരിക്കുകയാണ്.
2016ലാണ് രാഹുലിനെതിരെ അസമിൽ ആർഎസ്എസുകാർ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. വൈഷ്ണവ മഠമായ ബാർപേട്ട സത്രത്തിൽ പ്രവേശിക്കാൻ ആർഎസ്എസ്സുകാർ തന്നെ അനുവദിച്ചില്ല എന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതാണ് കേസിലേക്ക് നയിച്ചത്. അസം കാമരൂപ് മെട്രോപൊളിറ്റൻ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. കേസിൽ വിചാരണ അന്തിമഘട്ടത്തിലാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2018ൽ ആർഎസ്എസിനെതിരെ നടത്തിയ പരാമർശത്തിലും മുംബൈ അഡീഷണൽ മെട്രോപൊളിറ്റൻ കോടതിയിൽ രാഹുലിനെതിരെ കേസുണ്ട്.
നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തിൽ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും കുറിച്ച് ട്വീറ്റ് ചെയ്തതിലാണ് മറ്റൊരു കേസ്. നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനുള്ളിൽ അമിത് ഷാ ഡയറക്ടറായ ബാങ്ക് 745.58 കോടി രൂപയുടെ പഴയ നോട്ടുകൾ മാറി എന്നായിരുന്നു രാഹുൽ ആരോപിച്ചത്. ഈ കേസിൽ വാദം ആരംഭിക്കാനിരിക്കുകയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായെ കൊലപാതകക്കേസിൽ ആരോപണവിധേയനായ ആൾ എന്നു വിളിച്ചതിൽ അഹമ്മദാബാദ് കോടതിയിൽ എത്തിയ ഹർജിയിലും നടപടി തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കമാൻഡർ ഇൻ തീഫ്’ എന്നു വിളിച്ചതിൽ മുംബൈ ഗിർഗാവ് കോടതിയിൽ രാഹുലിനെതിരെ സ്വകാര്യ വ്യക്തി നൽകിയ ഹർജിയും നിലവിലുണ്ട്.