KeralaNEWS

വയനാടിനും വേണം ട്രെയിൻ; എന്നെങ്കിലും കൂട്ടിമുട്ടുമോ നിലമ്പൂർ റോഡ് – നഞ്ചൻകോട് റയിൽപ്പാത..?

170 വർഷങ്ങൾ പഴക്കമുള്ളതാണ് ഇന്ത്യയിലെ റെയിൽവേ സംവിധാനം.രാജ്യത്ത്  ഇന്ന് അതിവേഗം വികസനത്തിന്റെ പാതയിൽ ഓടിക്കൊണ്ടിരിക്കുന്നതും റയിൽവെ തന്നെയാണ്.ഇന്ത്യൻ റെയിൽവെയുടെ ഗതി തന്നെ മാറ്റിയ ഗതിമാൻ എക്സ്പ്രസും വന്ദേഭാരതുമൊക്കെ അതിൽ ചില ഉദാഹരണങ്ങൾ മാത്രം.ട്രെയിനുകളുടെ കാര്യത്തിൽ മാത്രമല്ല, റെയിൽപ്പാതകളുടെ നിർമ്മാണത്തിന്റെ കാര്യത്തിലും ഇന്ത്യ ഇന്ന് ഏറെ ‘ഉയരത്തിലാണ്’.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയിൽവെ പാലം കാശ്മീരിൽ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.റയിൽവെ ഇതുവരെ എത്തിയിട്ടില്ലാത്ത വടക്കുകിഴക്കൻ മലമടക്കുകളിലെ സിക്കിം എന്ന സംസ്ഥാനത്തെ റെയിൽപ്പാതയുടെ നിർമ്മാണം ഏതാണ്ട് അമ്പതു ശതമാനത്തിന് മുകളിൽ എത്തിയും നിൽക്കുന്നു.എന്നിരുന്നാലും രാജ്യത്തിന്റെ വടക്കൻ മേഖലയിലെ മലമുകളിലേക്ക് വലിഞ്ഞു കയറാനുള്ള റയിൽവേയുടെ ആ ഉത്സാഹം രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള ഏറെക്കുറെ ‘പരന്ന’ കേരളത്തിൽ കാണാനില്ല എന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു.അതിലൊന്നാണ് 1927-ൽ പാതിയിൽ അവസാനിപ്പിച്ച നിലമ്പൂർ-നഞ്ചൻകോട് പാത.
ബംഗളൂരു-കൊച്ചി ഇടനാഴിയായാണ് നിലമ്പൂർ – നഞ്ചൻകോട് പാത വിഭാവനം ചെയ്തത്.കേരളത്തില്‍ നിലമ്പൂര്‍ റോഡ് വരെ എത്തിനില്‍ക്കുന്ന പാതയും കര്‍ണാടകയില്‍ നഞ്ചന്‍കോട് വരെ എത്തി നില്‍ക്കുന്ന പാതയും തമ്മിൽ കൂട്ടിമുട്ടിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.കേന്ദ്രസര്‍ക്കാരിന്റെ പിങ്ക് ബുക്കില്‍ വരെ ഇടം പിടിച്ചിട്ടും പിന്നീട് പദ്ധതിക്ക് യാതൊരു നീക്കുപോക്കുമുണ്ടായില്ല എന്നതാണ് വാസ്തവം.
1927 ൽ ബ്രിട്ടിഷുകാരുടെ കാലത്താണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയായത്.നിലമ്പൂരും നഞ്ചന്‍കോടും ബന്ധിപ്പിച്ച് കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലൂടെ ഉത്തരേന്ത്യയിലേക്കുള്ള ഗതാഗതം സുഗമമാക്കുകയായിരുന്നു ബ്രിട്ടിഷുകാരുടെ ലക്ഷ്യം.എന്നാല്‍ രണ്ടാം ഘട്ടമായി ഉദ്ദേശിച്ചിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് പാത പൂര്‍ത്തിയാക്കാന്‍ അവർക്ക് കഴിഞ്ഞില്ല.ഇതിനകം തന്നെ അവർക്ക് ഇന്ത്യ വിടേണ്ടി വന്നതായിരുന്നു കാരണം.
 പിന്നീട് 2002 ലാണ് പദ്ധതിക്കായി വീണ്ടും ശ്രമങ്ങള്‍ ആരംഭിച്ചത്. ഒ.രാജഗോപാല്‍ കേന്ദ്ര റയിൽവേ സഹമന്ത്രിയായിരുന്നപ്പോള്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുടെ സര്‍വേക്ക് ഉത്തരവിട്ടെങ്കിലും രാഷ്ട്രീയ വടംവലികള്‍ മൂലം അത് നീണ്ടുപോയി.ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കുമൊടുവില്‍ വീണ്ടും 2013 ല്‍ സര്‍വേക്ക് ഉത്തരവായി.സാധ്യതാ പഠനത്തിനായി ഡോ. ഇ. ശ്രീധരനെയാണ് നിയോഗിച്ചത്.അങ്ങനെ 2016-17 ബജറ്റില്‍ പാത അനുവദിച്ചുകൊണ്ട് ഉത്തരവായി.രാജ്യത്തെ 30 പദ്ധതികള്‍ക്കായി 58,274 കോടി രൂപ അനുവദിച്ചുകൊണ്ട് പിങ്ക് ബുക്കില്‍ ചേര്‍ത്തതില്‍ 3000 കോടി നഞ്ചന്‍കോട് നിലമ്പൂര്‍ പദ്ധതിക്കായി വകയിരുത്തുകയും ചെയ്തു.തുടര്‍ന്ന് ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍) സര്‍വേ നടപടികള്‍ തുടങ്ങി.
2016 ജൂണ്‍ 24ന് സംസ്ഥാന സര്‍ക്കാര്‍ സര്‍വേക്കായി എട്ടു കോടി രൂപ അനുവദിച്ചതിനെ തുടർന്ന് ‍ഡിഎംആര്സി പ്രാരംഭ ജോലികള്‍ ആരംഭിച്ചുവെങ്കിലും കേന്ദ്രത്തിൽ നിന്നും കിട്ടേണ്ട സഹായമൊന്നും എത്തിയില്ല.പലവട്ടം ഡിഎംആര്‍സി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ല.ഇതോടെ ഡിഎംആര്‍സി പദ്ധതിയില്‍നിന്നു പിൻമാറുകയായിരുന്നു.പിന്നീട് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ ) 51 ശതമാനവും റെയിൽവേ മന്ത്രാലയം 49 ശതമാനവും പങ്ക് വഹിച്ചുകൊണ്ട് പദ്ധതി ഏറ്റെടുത്തിരുന്നെങ്കിലും കർണാടകയിലൂടെയുള്ള അലൈൻമെന്റ് കാര്യത്തിൽ കർണാടക സർക്കാർ എതിർപ്പു പ്രകടിപ്പിച്ചതോടെ  പദ്ധതിക്ക് ചുവപ്പ് സിഗ്നലും വീണു.

156 കിലോമീറ്ററാണ് നിലമ്പൂര്‍- നഞ്ചന്‍കോട് പാതയുടെ ദൈർഘ്യം. മൈസൂരുവിനടുത്തുള്ള നഞ്ചന്‍കോട് നിന്നു ചിക്കബര്‍ഗി- വള്ളുവാടി- മീനങ്ങാടി- കല്‍പറ്റ- മേപ്പാടി- വെള്ളരിമല വഴി നിലമ്പൂരിൽ എത്തുന്ന വിധത്തിലായിരുന്നു പാത വിഭാവനം ചെയ്തിരുന്നത്.പാതയുടെ നിർമ്മാണം പൂര്‍ത്തിയായാല്‍ കൊച്ചിയില്‍നിന്നു ബംഗളൂരുവിലേക്കുള്ള യാത്രാദൂരം 137 കിലോമീറ്ററും മൈസൂരുവിലേക്ക് 479 കിലോമീറ്ററും കുറയുമായിരുന്നു.തന്നെയുമല്ല,‍ബംഗളൂരുവില്നിന്നു ഷൊര്‍ണൂരെത്താൻ ഇപ്പോഴെടുക്കുന്ന പത്തു മണിക്കൂര്‍ അഞ്ചു മണിക്കൂറായി

കുറയുകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുുള്ള ചരക്കുനീക്കത്തിന് ആറു മണിക്കൂര്‍ വരെ സമയവും ലാഭിക്കുവാൻ സാധിക്കുമായിരുന്നു.ഹൈദരബാദ്, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, നാഗ്പൂർ, ഭോപ്പാൽ, ഡൽഹി തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാസമയത്തിലും ഇപ്പോഴുള്ളതിനേക്കാൾ ഏതാണ്ട് അഞ്ചു മണിക്കൂറോളം കുറവുമുണ്ടാകുമായിരുന്നു.
കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഷൊർണ്ണൂർ – നിലമ്പൂർ പാത.1921-ലാണ് ഈ പാതയുടെ നിർമ്മാണം ആരംഭിക്കുന്നത്.നിലവിൽ ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ റയിൽവെ റൂട്ടുകളിൽ ഒന്നാണ് ഈ പാത.66 കിലോമീറ്റർ നീളമുള്ള ഈ പാത പാലക്കാട് ജില്ലയിലെ ഷൊർണൂർ ജങ്ക്ഷനിൽ നിന്നും പുറപ്പെട്ടു മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ(നിലമ്പൂർ റോഡ്) അവസാനിക്കുന്നു.

ഷൊർണ്ണൂരിനും നിലമ്പൂർ റോഡിനുമിടയിൽ പത്ത് റെയിൽവേ സ്റ്റേഷനുകളാണുള്ളത്.വാടാനംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണ് ഒന്നിനൊന്നു  മനോഹരങ്ങളായ ആ റെയിൽവേ സ്റ്റേഷനുകൾ. മേൽപ്പറഞ്ഞവയിൽ അങ്ങാടിപ്പുറം സ്റ്റേഷൻ മാത്രമാണ് അൽപ്പം വലുതായിട്ടുള്ളത്.ബാക്കിയെല്ലാം ചെറിയ സ്റ്റേഷനുകളാണ്.ചെറുതെങ്കിലും ഗ്രാമീണഭംഗി വിളിച്ചോതുന്ന സ്റ്റേഷനുകൾ !!

Signature-ad

യാത്രാപ്രേമികൾ ഒരിക്കലെങ്കിലും യാത്ര ചെയ്തിരിക്കേണ്ട ഒന്നുതന്നെയാണ് ഷൊർണ്ണൂർ – നിലമ്പൂർ റൂട്ടിലൂടെയുള്ള ട്രെയിൻ യാത്ര.അതെ,കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതെന്നു ചോദിച്ചാൽ അതിന് ഒരേയൊരു ഉത്തരമേയുള്ളൂ ഷൊർണ്ണൂർ – നിലമ്പൂർ റൂട്ട് !!!

 

വാൽക്കഷണം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലം ഇന്ത്യൻ റെയിൽവേയുടേതാണ്…
ചെനാബ് ആർച്ച് പാലം & അൻജി ഖാഡ് കേബിൾ പാലം.
ഉധംപൂർ- ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിക്ക് കീഴിൽ ശ്രീമാതാ വൈഷ്ണോ ദേവി കത്രയേയും ബനിഹാളിനെയും ബന്ധിപ്പിക്കുന്ന 111 കിലോമീറ്റർ പ്രൊജക്ടിലാണ്  ചെനാബ് ആർച്ച് പാലവും അൻജി ഖാഡ് കേബിൾ പാലവും ഉള്ളത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  റെയിൽ പാലമായ ചെനാബ് നദിക്ക് കുറുകെയുള്ള ചെനാബ്  റെയിൽവേ ആർച്ച് പാലത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി.1,315 മീറ്റർ നീളമുള്ള പാലത്തിന് മണിക്കൂറിൽ 266 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെയും ഉയർന്ന തീവ്രതയുള്ള ഭൂകമ്പങ്ങളെയും നേരിടാൻ കഴിയും.
റിയാസി ജില്ലയിലെ ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽപാലം – അൻജി ഖാഡ്,  റിയാസിയെയും കത്രയെയും ബന്ധിപ്പിക്കുന്നു. 435 കോടി രൂപ ചെലവിൽ ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി (എച്ച്സിസി) ആണ് ഇതിന്റെ നിർമ്മാണം നടത്തുന്നത്. 2017 മാർച്ചിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചെനാബ് പാലത്തിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് അഞ്ജി ഖാഡ് പാലം സ്ഥിതി ചെയ്യുന്നത്. അരകിലോമീറ്ററിന് അടുത്ത് ( 473.25 മീറ്റർ) നീളമുള്ള ഇത് 96 സ്റ്റീൽ കേബിളുകളുടെ സഹായത്തോടെ നിൽക്കുന്നു. കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന, ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽവേ പാലമായിരിക്കും ഇത്. ഇന്ത്യൻ റെയിൽവേ ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതികളിൽ ഒന്നായിരുന്നു ഈ പദ്ധതി.

Back to top button
error: