മരണശേഷവും നിലനില്‍ക്കുന്ന സമ്പാദ്യം സത്കര്‍മ്മങ്ങൾ മാത്രം, അല്ലെങ്കില്‍ ജീവിതത്തിന് എന്തർത്ഥം…?
വെളിച്ചം
ആ വ്യാപാരി ദിവസവും രാവിലെ കുറെ നേരം പ്രാര്‍ത്ഥിക്കും. പിന്നീട് ഉച്ചവരെ കട തുറക്കും. ഉച്ചകഴിഞ്ഞ് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങും. ഒരിക്കല്‍ നാട്ടിലെ ധനികന്‍ എത്തി വ്യാപാരിയുടെ തലയില്‍ ഒരു തൊപ്പിവെച്ചുകൊടുത്തിട്ടു പറഞ്ഞു:
“ഇത് ഏറ്റവും വിഢ്ഢിയായ മനുഷ്യനുളള കിരീടമാണ്. താങ്കളല്ലാതെ മറ്റാരെങ്കിലും ഉച്ചവരെമാത്രം കട തുറന്നിരിക്കുമോ…? രാത്രിവരെ കടതുറന്നാല്‍ എത്രയധികം വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. നിങ്ങളേക്കാള്‍ വിഢ്ഢിയായ ഒരാളെ എന്നെങ്കിലും കാണുകയാണെങ്കില്‍ അന്ന് ഈ തൊപ്പി അയാള്‍ക്ക് കൊടുക്കണം.”
വര്‍ഷങ്ങള്‍ കടന്നുപോയി. ധനികന്‍ രോഗബാധിതനായി. സന്ദര്‍ശനത്തിനെത്തിയ വ്യാപാരി ചോദിച്ചു:
“മരിച്ചുപോകുമ്പോള്‍ നിങ്ങളുടെ കൂടെപോരുന്ന എന്തെങ്കിലും നിങ്ങള്‍ സമ്പാദിച്ചിട്ടുണ്ടോ…? ഭാര്യയോ മക്കളോ പോരുമോ…? സാമ്പാദിച്ചുവെച്ച ധനം നിങ്ങള്‍ക്കു കുടെ കൊണ്ടുപോകാന്‍ പറ്റുമോ?”
വ്യാപാരി ഇല്ലെന്ന് മറുപടി നല്‍കി.
” ഇപ്പോള്‍ ഞാന്‍ എന്നേക്കാള്‍ വിഢ്ഢിയായ ഒരു മനുഷ്യനെ കണ്ടുമുട്ടിയിരിക്കുന്നു. നിങ്ങള്‍ സമ്പാദിച്ചതൊന്നും നിങ്ങളുടെ കൂടെ പോരില്ല. പക്ഷേ ഞാന്‍ ചെയ്ത പ്രവര്‍ത്തികളുടെ പേര് എന്റെ കൂടെയുണ്ടാകും…”
വ്യാപാരി നിശബ്ദനായി കേട്ടു കിടന്നു.
വിനിമയ ശേഷിയാണ് സമ്പാദനമികവിനേക്കാള്‍ പ്രസക്തം. രണ്ടു തരം നിക്ഷേപങ്ങളുണ്ട്. ഒന്ന് നിര്‍ജ്ജീവവും രണ്ട് ക്രിയാത്മകവും. ലാഭമാണ് നിര്‍ജ്ജീവ നിക്ഷേപത്തിന്റെ മുഖമുദ്ര. ഏറ്റവും അധികം ലാഭം കിട്ടുന്നിടത്താകും നിക്ഷേപം മുഴുവന്‍. പ്രയോജനമാണ് ക്രിയാത്മക നിക്ഷേപത്തിന്റെ താങ്ങുവില. ഓരോ മരണവും ജീവിച്ചിരിക്കുന്നവര്‍ക്കുള്ള സന്ദേശമാണ്. ചരമപ്രസംഗത്തില്‍ ആരും സമ്പാദ്യത്തെക്കുറിച്ച് സംസാരിക്കാറില്ല. സത്കര്‍മ്മങ്ങളെക്കുറിച്ചാണ് വാചാലമാകുക. എല്ലാവരും എല്ലാറ്റിന്റെയും കാവല്‍ക്കാര്‍ മാത്രമാണ്. മരണശേഷവും നിലനില്‍ക്കുന്ന ഒന്നും തന്നെ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെന്തിനാണ് ജീവിതം.. സമ്പാദിക്കുന്നതോടൊപ്പം തന്നെ, അത് പങ്കുവെയ്ക്കാനും നമുക്ക് ശീലിക്കാം.
ശുഭദിനം.
സൂര്യനാരായണൻ
ചിത്രം: നിപുകമാർ