IndiaNEWS

എന്തുകൊണ്ട് ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു…? ഈ ദിവസത്തിന്റെ പ്രാധാന്യം അറിയൂ

  ഇന്ന്  രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ ഡെല്‍ഹിയിലെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നു. രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനം രാജ്യത്തിന്റെ ദേശീയ ഉത്സവമാണ്. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വരെ രാജ്പഥില്‍ അതിഗംഭീരവും ആകര്‍ഷകവുമായ പരേഡ് റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പ്രധാനമാണ്.

എന്തുകൊണ്ട് ജനുവരി 26…?

Signature-ad

ഒരു പ്രത്യേക കാരണമുണ്ട് ഇതിന്. 1930 ജനുവരി 26 ന് കോണ്‍ഗ്രസ് രാജ്യത്തിന്റെ സമ്പൂര്‍ണ സ്വരാജ് എന്ന മുദ്രാവാക്യം ഉയര്‍ത്തി. ഇതിന്റെ ഓര്‍മയ്ക്കായി 1950 ജനുവരി 26 വരെ ഭരണഘടന നടപ്പാക്കാന്‍ കാത്തിരുന്നു. 1929 ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍, കോണ്‍ഗ്രസിന്റെ ലാഹോര്‍ സമ്മേളനത്തിലാണ് ആദ്യമായി സമ്പൂര്‍ണ സ്വരാജ് പ്രഖ്യാപിച്ചത്. ആ സെഷനില്‍, 1930 ജനുവരി 26 നകം ഇന്ത്യക്ക് പരമാധികാര പദവി നല്‍കണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആവശ്യം ഉയര്‍ത്തി. തുടര്‍ന്ന് 1930 ജനുവരി 26 ന് പൂര്‍ണ സ്വരാജ് അഥവാ സ്വാതന്ത്ര്യ ദിനം ആദ്യമായി ആഘോഷിച്ചു.

ഇതിനുശേഷം, 1947 ഓഗസ്റ്റ് 15 വരെ, അതായത്, അടുത്ത 17 വര്‍ഷം, ജനുവരി 26 നാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഈ ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 1950 ജനുവരി 26 ന് രാജ്യത്തിന്റെ ഭരണഘടന നടപ്പിലാക്കുകയും അത് റിപ്പബ്ലിക് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഡോ. ഭീം റാവു അംബേദ്കര്‍ ഭരണഘടനയുടെ കരട് സമിതിയുടെ അധ്യക്ഷനായിരുന്നു. 1949 നവംബര്‍ 26 ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26ന് രാജ്യം പൂര്‍ണമായും റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.

ആദ്യത്തെ റിപ്പബ്ലിക് ദിനം

രാജ്യത്തിന്റെ ആദ്യ റിപ്പബ്ലിക് ദിനം 1950 ജനുവരി 26 ന് ഡല്‍ഹിയില്‍ ആഘോഷിച്ചു. തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തിലെ ആദ്യ പരേഡും സംഘടിപ്പിച്ചു. മുമ്പ് ചെങ്കോട്ടയ്ക്ക് സമീപം ബ്രിട്ടീഷ് സ്റ്റേഡിയം ഉണ്ടായിരുന്നു. ഇവിടെയാണ് ആദ്യ പരേഡ് ജനങ്ങള്‍ കണ്ടത്. ഇന്ന് ഈ സ്ഥലം ഒരുപാട് മാറി. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ രാജ്യത്തിന്റെ പ്രഥമ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് പതാക ഉയര്‍ത്തി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

റിപ്പബ്ലിക് പരേഡിൽ  കാർത്യായനിയമ്മയുടെ പ്രതിമ മുന്നിൽ

ഈ റിപ്പബ്ലിക്ദിന പരേഡില്‍ കേരളത്തിലെ നിശ്ചലദൃശ്യത്തിന്റെ ഏറ്റവും മുന്നില്‍ 2018ലെ നാരീശക്തി പുരസ്‌കാരജേതാവ് ചേപ്പാട്ടെ കാര്‍ത്ത്യായനിയമ്മ (101) യുടെ പൂര്‍ണകായ പ്രതിമ. പക്ഷേ ഇതൊന്നുമറിയാതെ രോഗക്കിടക്കയിലാണ് അവര്‍.

രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവ്, സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാംറാങ്ക് ജേതാവ്., ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ 96 വയസ്സ് പിന്നിട്ടശേഷം സ്വന്തമാക്കിയ നേട്ടങ്ങളാണിത്. ഇപ്പോള്‍ 101 വയസ്സ്.

ആ ദൃശ്യം സന്തോഷത്തോടെ കാണാവുന്ന അവസ്ഥയിലല്ല കാര്‍ത്ത്യായനിയമ്മ. രോഗശയ്യയിലാണവർ. നിശ്ചലദൃശ്യത്തില്‍ കാര്‍ത്ത്യായനിയമ്മയുടെ പ്രതിമ വെക്കുന്നതിനെപ്പറ്റി ആരുമറിയിച്ചിട്ടില്ല. പത്രങ്ങളില്‍വന്ന വിവരം മാത്രമാണു വീട്ടുകാര്‍ക്കുള്ളത്.

ഗീതാകുമാരി, റിപ്പബ്ലിക് ദിന പരേഡ് നയിച്ച ആദ്യത്തെ മലയാളി പെൺകുട്ടി

‘ദഹ്നേ സല്യൂട്ട്’ എന്ന കമാൻഡിൽ 90 വനിതാ എൻസിസി കെഡറ്റുകൾ ഒരേ സമയം രാഷ്ട്രപതി വി.വി ഗിരിയെ സല്യൂട്ട് ചെയ്ത് മുന്നോട്ടു നീങ്ങി. ന്യൂഡൽഹിയിൽ 1973ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന് അഭിമാനമായി മുഴങ്ങിക്കേട്ട ആ കമാൻഡിനു നാളെ സുവർണജൂബിലി തിളക്കം. 73ലെ പരേഡിൽ സീനിയർ വിങ് ഗേൾസിന്റെ 90 അംഗ പ്ലറ്റൂണിനെ നയിച്ചത് കണ്ടിൻജന്റ് കമാൻഡറായ കോട്ടയം നാഗമ്പടം പുതുപ്പറമ്പിൽ കെ.വി ഗീതാകുമാരിയാണ്.

വിജിലൻസ് അഡീഷനൽ സെക്രട്ടറിയായി വിരമിച്ച ഗീതാകുമാരി ഇപ്പോൾ കോട്ടയം നാഗമ്പടത്തെ വീട്ടിൽ ഭർത്താവ് ബി.എസ്.എൻ.എൽ റിട്ട. ഡപ്യൂട്ടി എൻജിനീയർ ടി.എൻ.രാജപ്പനും മകൻ കൃഷ്ണ ആനന്ദിനുമൊപ്പം കഴിയുന്നു. എൻജിനീയറിങ് കോളജ് അധ്യാപിക മകൾ ആര്യ രാജനും എൻസിസി കെഡറ്റായിരുന്നു.

Back to top button
error: