സൂര്യയും സിരുത്തൈ ശിവയും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിവിധ കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം വൻ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. ‘സൂര്യ 42’ എന്ന പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ദിഷാ പതാനി നായികയാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളെ കുറിച്ചുള്ള അപ്‍ഡേറ്റാണ് ഇപ്പോള്‍ പുറത്തിവരുന്നത്.
ജനുവരി നാല് മുതല്‍ ചെന്നൈയില്‍ ചിത്രം ചീത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശേഷമുള്ള ഷെഡ്യുള്‍ കേരളത്തില്‍ ആയിരിക്കും എന്നാണ് വാര്‍ത്തകള്‍. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുക. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്.
‘സൂര്യ 42’ന്റെ ഗോവയിലെ ഫസ്റ്റ് ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ‘സൂര്യ 42’ന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കില്‍ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പോസ്റ്റ് ചെയ്‍ത വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്‍താല്‍ അത് നല്ല കാര്യമാകും. ഭാവിയില്‍ ഷെയര്‍ ചെയ്യാതിരിക്കാനും അഭ്യര്‍ഥിക്കുന്നു. ഇത് തുടര്‍ന്നാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് നിര്‍മാതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്.