പാലക്കാട്: അട്ടപ്പാടിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസുകാരന്‍ തല്ല് കേസില്‍ അറസ്റ്റില്‍. മുട്ടികുളങ്ങര പൊലീസ് ക്യാമ്പിലെ സിവിൽ പൊലീസ്സ് ഓഫിസറായ രാജ് കുമാറിനെ ആണ് അരസ്റ്റ് ചെയ്തത്. രാജ് കുമാറിനെ ഇന്നലെ കേരള പൊലീസ് ആംഡ് വിഭാഗം കമാണ്ടാന്റ് വി.എം സന്ദീപ് സസ്പെന്റ് ചെയ്തിരുന്നു. ഭൂതുവഴി സ്വദേശിയായ അലിഅക്ബറിനെ മർദ്ദിച്ച കേസിലാണ് പൊലീസ് ഓഫിസറെ അറസ്റ്റ് ചെയ്തത്. എഐവൈഎഫ് അഗളി മേഖലാ പ്രസിഡന്‍റാണ് മര്‍ദ്ദനമേറ്റ അലി അക്ബര്‍.
കഴിഞ്ഞ 23ന് രാത്രിയാണ് പൊലീസുകാരന്‍ അലി അക്ബറിനെ മര്‍ദ്ദിച്ചത്. അഗളി മിനി സിവിൽ സ്റ്റേഷനോട് ചേർന്ന വ്യാപാര സമുച്ചയത്തിൽ രാജ് കുമാറും മറ്റുചിലരും മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. നേരത്തെ രാജ് കുമാർ മദ്യപിച്ചെത്തി സ്റ്റേഷനിൽ ബഹളമുണ്ടാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം രാജ് കുമാറിന്‍റെ പരാതിയിൽ അലി അക്ബറിനെതിരേയും കേസുണ്ട്.
മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ അലി അക്ബര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ആണ്. അതേസമയം വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് രാജ്കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്.