ആലപ്പുഴ: ഒരു രാത്രി മുഴുവന്‍ ആലപ്പുഴ നഗരത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ‘പൈപ്പ് ബോംബ്’ കൂടോത്രമെന്ന് പൊലീസ്. ആലപ്പുഴ ബീച്ചില്‍ കണ്ടെത്തിയ പൈപ്പിനുള്ളില്‍ കണ്ടെത്തിയ ലോഹത്തകിടുകളാണു പൊലീസിനെ ഈ നിഗമനത്തിലെത്തിച്ചത്ത്. പൈപ്പിനുള്ളില്നിന്നു ലഭിച്ച എഴുത്തുകളുള്ള ലോഹത്തകിടുകള്‍ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതാണെന്നു പൊലീസ് പറഞ്ഞു. ഇത്തരം കര്‍മങ്ങള്‍ ചെയ്യുന്ന ചിലരുടെ സാന്നിധ്യവും കഴിഞ്ഞ ദിവസം ബീച്ചില്‍ ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ബീച്ചില്‍ നാവിക സേനയുടെ പഴയ കപ്പല്‍ സ്ഥാപിച്ചതിനു സമീപമാണു ചൊവ്വാഴ്ച രാത്രി പൈപ്പ് ബോംബ് പോലുള്ള വസ്തു കണ്ടെത്തിയത്. 17 സെന്റി മീറ്റര്‍ നീളവും മൂന്നു സെന്റിമീറ്റര്‍ വ്യാസവുമുള്ള പെപ്പിന്റെ ഇരുവശവും അടച്ച നിലയിലായിരുന്നു. സ്കാനര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ പൈപ്പിനുള്ളില്‍ ലോഹസാന്നിധ്യം കണ്ടെത്തിയതോടെയാണ് പൈപ്പ് ബോംബ് ആണെന്ന സംശയമായത്.
കൊച്ചിയില്‍ നിന്നു ബോംബ് സ്ക്വാഡ് എത്തി. മണല്‍ച്ചാക്കുകള്‍ കൊണ്ട് സുരക്ഷിത മറയൊരുക്കി, പൈപ്പില്‍ ഡിറ്റണേറ്റര്‍ ഘടിപ്പിച്ചു ലഘു സ്ഫോടനം നടത്തി. ഡിറ്റണേറ്റര്‍ പൊട്ടിയതല്ലാതെ പൈപ്പ് പോലും പൊട്ടിയില്ല. പൈപ്പിനുള്ളില്‍ സ്ഫോടകവസ്തു ഇല്ലെന്നു വ്യക്തമായതോടെ നടത്തിയ പരിശോധനയിലാണ് കൂടോത്രമാണെന്നു വ്യക്തമായത്. ലോഹത്തകിടുകള്‍ പരിശോധനയ്ക്കായി എറണാകുളത്തെ റീജനല്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു.