LIFELife Style

കടലില്‍ മുങ്ങി, ജീസസിനെ കണ്ടു; മതം മാറിയതിനെപ്പറ്റി ജയസുധയുടെ വെളിപ്പെടുത്തല്‍

‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ജയസുധ. 225 തെലുങ്ക് ചിത്രം അടക്കം മൂന്നൂറിലധികം ചിത്രങ്ങളില്‍ ജയസുധ അഭിനയിച്ചിട്ടുണ്ട്. മതം മാറിയതുമായി ബന്ധപ്പെട്ടുള്ള നടിയുടെ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

1985ലായിരുന്നു നടിയുടെ വിവാഹം. നിധിന്‍ കപൂറിനെയാണ് ജയസുധ വിവാഹം കഴിച്ചത്. ഹണിമൂണിനായി തായ്ലാന്‍ഡില്‍ പോയപ്പോള്‍ നടന്ന ഒരു സംഭവമാണ് മതം മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് താരം പറയുന്നത്.

Signature-ad

”ഞങ്ങള്‍ ബാങ്കോക്കിലെ ഒരു റിസോര്‍ട്ടില്‍ പോയി. എനിക്ക് വെള്ളം പേടിയാണ്, നീന്താന്‍ കഴിയില്ല. അതിനാല്‍ത്തന്നെ കടലിനടുത്ത് നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ബീച്ച് റിസോര്‍ട്ടാണ്. വാട്ടര്‍ ആക്ടിവിറ്റീസില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് എന്നെ നിര്‍ബന്ധിച്ചു. കണ്ട് നില്‍ക്കാനാണ് ഇഷ്ടമെന്നും വാട്ടര്‍ ആക്ടിവിറ്റീസില്‍ പങ്കെടുക്കാന്‍ തയ്യാറല്ലെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം എല്ലാ റൈഡുകളും എന്‍ജോയ് ചെയ്തു.

അവസാനത്തെ ദിവസം, നിനക്കൊപ്പം കടലിലെ ഒരു ആക്ടിവിറ്റിയിലെങ്കിലും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഞാനുണ്ട്, പേടിക്കേണ്ട, എല്ലാം നന്നായി വരുമെന്നും അദ്ദേഹം ധൈര്യം തന്നു. ഹണിമൂണാണ് അതിനാല്‍ത്തന്നെ, ഭര്‍ത്താവിനെ നിരാശപ്പെടുത്താന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ ജെറ്റ് സ്‌ക്രീയില്‍ പോയി. ഞാന്‍ കണ്ണടച്ചു. കുറച്ച് മിനിട്ടുകള്‍ കടല്‍ ശാന്തമായിരുന്നു. എന്നാല്‍ കുറച്ചുദൂരം പോയപ്പോള്‍ എല്ലാം മാറിമറിഞ്ഞു. ബാലന്‍സ് തെറ്റി ഞാന്‍ കടലില്‍ വീണു. കടലില്‍ വീഴുമ്പോള്‍ ഇത് ജീവിതത്തിന്റെ അവസാനമാണെന്ന് എനിക്ക് തോന്നി, കാരണം നീന്താനറിയില്ല.

വെള്ളത്തില്‍ വീണപ്പോള്‍ ഞാന്‍ മരിക്കുകയാണെന്ന് തോന്നി. കരഞ്ഞു. ഹിന്ദു ദൈവങ്ങളുടെ പേര് വിളിച്ചാണ് ഞാന്‍ കരയേണ്ടത്. കാരണം എനിക്ക് ഹിന്ദു ദൈവങ്ങളെയാണ് അറിയുന്നത്. പക്ഷേ ജീസസ് ക്രൈസ്റ്റിന്റെ പേര് വിളിച്ചാണ് കരഞ്ഞത്. മുങ്ങിപ്പോകാന്‍ തുടങ്ങിയപ്പോള്‍ ശ്വാസം അടക്കിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു.”- ജയസുധ പറഞ്ഞു.

പിന്നെ കണ്ണുതുറന്നപ്പോള്‍, ഇടതുവശത്തും വലതുവശത്തും മെല്ലെ ഒഴുകുന്ന കടല്‍പ്പായലും സൂര്യകിരണങ്ങളും കണ്ടുവെന്നും സൂര്യകിരണങ്ങള്‍ക്ക് പിന്നില്‍ യേശുവും ഉണ്ടായിരുന്നുവെന്നും ജയസുധ അവകാശപ്പെട്ടു. ഇതാണ് മതമാറ്റത്തിന് കാരണമായതെന്ന് നടി വ്യക്തമാക്കി.

 

Back to top button
error: