KeralaNEWS

കേരളാ കോൺഗ്രസ് ഇടതുപക്ഷത്തിന് ഒപ്പം, പക്ഷേ പരമ്പരാഗത കൃസ്ത്യൻ വോട്ടുകൾ കോൺഗ്രസിനും ബി.ജെ.പിക്കും മാത്രം: പലമണ്ഡലങ്ങളിലും നിർണായകമായത് ക്രൈസ്തവ വോട്ടുകൾ

    ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരവും ആറ്റിങ്ങലും പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും എറണാകുളവും തൃശ്ശൂരും ഉൾപ്പടെ ഒട്ടേറെ മണ്ഡലങ്ങളിൽ നിർണായകമായത് ക്രൈസ്തവ വോട്ടുകൾ. തിരുവനന്തപുരത്ത് ലത്തീൻ അതിരൂപത വോട്ടുകൾ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ പോൾ ചെയ്തു. തൃശ്ശൂരിലും ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി. പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തത് ഇടതുമുന്നണിക്ക് തിരിച്ചടിയായി

തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം വ്യക്തികേന്ദ്രീകൃതമാണ്, എങ്കിലും നിർണായക സ്വാധീനം ചെലുത്തിയത് ന്യൂനപക്ഷ വോട്ട് തന്നെ. തൃശ്ശൂർ അതിരൂപതയ്ക്ക് കീഴിൽ വരുന്ന ഒരു ലക്ഷത്തിലധികം വോട്ടുകളിൽ ഭൂരിഭാഗവും സുരേഷ് ഗോപിക്ക് ലഭിച്ചു. ചാവക്കാട് മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള തീരദേശ മേഖലകളിലെ മുസ്ലിം വോട്ടുകളിലും വിള്ളൽ ഉണ്ടായി എന്നാണ് വിലയിരുത്തൽ. അതേ സാഹചര്യമാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും പ്രകടമായത്. തോൽവി മുന്നിൽ കണ്ട തരൂരിനെ കൈപിടിച്ച് കയറ്റിയ തീരദേശ മേഖലയിൽ നിന്ന് പോലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ല. പരസ്യമായി ആർഎസ്എസ് വിരുദ്ധ നിലപാട് ലത്തീൻ അതിരൂപത സ്വീകരിച്ചെങ്കിലും ഒരു വിഭാഗം ന്യൂനപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് പോയി. തീരദേശ മേഖലകളിൽ ഇടതുമുന്നണിക്ക് ചലനം സൃഷ്ടിക്കാനേ കഴിഞ്ഞില്ല.

Signature-ad

ആറ്റിങ്ങലിലെ ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായി യുഡിഎഫിലേക്ക് പോയതാണ് എൽഡിഎഫ് തോൽവിക്ക് കാരണം.  ക്രൈസ്തവ സഭകൾ സമദൂര നിലപാട് സ്വീകരിച്ചെങ്കിലും വോട്ടെടുപ്പിലെ അവസാനവട്ട അടിയൊഴുക്കുകൾ നിയന്ത്രിക്കാനായില്ല. ഇതാണ് മുന്നണികളുടെ ജയപരാജയങ്ങളിൽ ഏറെ നിർണായകമായതും.

പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ ക്രൈസ്തവ വോട്ടുകൾ ഒന്നടങ്കം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കു ലഭിച്ചു. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരെ ഒപ്പം കൂട്ടാനാണ് ഇടതുമുന്നണി, മാണി കേരളാ കോൺഗ്രസിനെ യു.ഡി.എഫിൽ അടർത്തി എടുത്തത്. പക്ഷേ ഉദ്ദേശ്യം ഫലിച്ചില്ല. അസംബ്ലി ഇലക്ഷനിൽ പാലായിൽ ജോസ് കെ മാണിയുടെ പരാജയവും ഇപ്പോൾ കോട്ടയത്തെ തോമസ് ചാഴികാടൻ്റെ പരാജയവും ഉദാഹരണങ്ങൾ.

ക്രൈസ്തവരെ അടുപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്‍റെ ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയം കണ്ടുവന്ന് വ്യക്തം. അത് ഭാവിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും കലരുമ്പോഴാണ് ഇടതും കോണ്‍ഗ്രസും ഞെട്ടാനിരിക്കുന്നത്.

Back to top button
error: