നിരോധനാജ്ഞ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26 വരെ തുടരുമെന്ന് ഗൗതംബുദ്ധ നഗർ പൊലീസ് ഉത്തരവില്‍ പറയുന്നു.
വരാനിരിക്കുന്ന ചൈത്ര നവരാത്രി, ഈദ്, അംബേദ്ക്കർ ജയന്തി, രാമ നവമി തുടങ്ങിയ ആഘോഷങ്ങള്‍കൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും പൊലീസ് പറഞ്ഞു. ഈ ആഘോഷ പരിപാടികള്‍ക്കിടെ സാമൂഹ്യ വിരുദ്ധർ നഗരത്തിലെ സമാധാനം തകർക്കാനുള്ള സാധ്യതയുണ്ട്. ഗൗതംബുദ്ധ നഗറിലെ സമാധാനം നിലനിർത്തുന്നതിന് സാമൂഹ്യ വിരുദ്ധരെ തടയേണ്ടത് അത്യാവശ്യമാണ്. തടഞ്ഞില്ലെങ്കില്‍ അവർ പലതരം പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഉത്തരവനുസരിച്ച് പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നത്, അനധികൃത ഘോഷയാത്രകള്‍, പ്രകടനങ്ങള്‍, പൊതുസ്ഥലങ്ങളില്‍ ആളുകള്‍ വടിപോലുള്ള സാധനങ്ങള്‍ കൈവശം വെക്കുന്നത് ഉള്‍പ്പെടെ നിരോധിച്ചിട്ടുണ്ട്.
അതേസമയം ഒഴിവാക്കാനാകാത്ത മതപരമായ എന്തെങ്കിലും ചടങ്ങുകള്‍ ഉണ്ടെങ്കില്‍ അതിനായി പൊലീസ് കമീഷണറുടെയോ അഡീഷണല്‍ പൊലീസ് കമീഷണറുടെയോ അനുമതിവാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.