IndiaNEWS

ബജറ്റില്‍ മൂന്ന് റെയില്‍വേ ഇടനാഴികള്‍; മെട്രോയും നമോഭാരതും കൂടുതല്‍ നഗരങ്ങളിലേക്ക്

ന്യൂഡൽഹി: ഇടക്കാല ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായത് റെയില്‍വേ മേഖലയില്‍ മൂന്ന് ഇടനാഴികള്‍ സ്ഥാപിക്കുമെന്നതാണ്.

ചരക്കുനീക്കവും യാത്രസൗകര്യവും ഒരുപോലെ മികവുറ്റതും ചെലവുകുറഞ്ഞതുമാക്കാന്‍ ഉന്നമിടുന്നതാണ് പ്രധാനമന്ത്രി ഗതിശക്തി കാമ്ബയിനില്‍ ഊന്നിയുള്ള ഈ മൂന്ന് ഇടനാഴികള്‍.

ഊര്‍ജം (Energy), ധാതു (Mineral), സിമന്റ് ഇടനാഴിയും തുറമുഖ കണക്റ്റിവിറ്റി ഇടനാഴിയും ഉയര്‍ന്ന ചരക്കുനീക്കവും യാത്രയും (high traffic corridor) നടക്കുന്ന ഇടനാഴിയുമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

ഉയര്‍ന്ന ട്രാഫിക്കുള്ള മേഖലയില്‍ ഇടനാഴി സ്ഥാപിക്കുന്നതിലൂടെ യാത്ര കൂടുതല്‍ സുഗമമാകും. യാത്ര ട്രെയിനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടും. യാത്രാസമയം കുറയും. മാത്രമല്ല, യാത്രക്കാരുടെ സുരക്ഷാസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇടനാഴി പദ്ധതി ജി.ഡി.പി വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും നിര്‍മ്മല പറഞ്ഞു.

കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍

നിലവിലുള്ള 40,000 സാധാരണ ട്രെയിന്‍ ബോഗികള്‍ വന്ദേഭാരതിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. മെട്രോ, നമോ ഭാരത് ട്രെയിന്‍ പദ്ധതികള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

റെയില്‍വേക്ക് റെക്കോഡ് തുക

റെയില്‍വേ മന്ത്രാലയത്തിന് റെക്കോഡ് തുകയാണ് ഇക്കുറി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് – 2.55 ലക്ഷം കോടി രൂപ. ഇത് 2013-14നെ അപേക്ഷിച്ച്‌ 9 മടങ്ങ് അധികവുമാണ്. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത് 2.40 ലക്ഷം കോടി രൂപയായിരുന്നു.

നേട്ടമുണ്ടാക്കാതെ റെയില്‍വേ ഓഹരികള്‍

റെയില്‍വേക്കുള്ള ബജറ്റ് വിഹിതം റെക്കോഡ് തുകയായി ഉയര്‍ത്തിയെങ്കിലും റെയില്‍വേ ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറിയ ഐ.ആര്‍.എഫ്.സി., ആര്‍.വി.എന്‍.എല്‍., കോണ്‍കോര്‍, റെയില്‍ടെല്‍, ഐ.ആര്‍.സി.ടി.സി എന്നിവ ഇന്ന് 2.5 ശതമാനം വരെ നഷ്ടം നേരിട്ടു.

Back to top button
error: