KeralaNEWS

കൊച്ചിക്ക് കോടികളുടെ കരാർ; യൂറോപ്പിനു വേണ്ടി കപ്പല്‍ നിര്‍മിക്കാൻ കൊച്ചി കപ്പല്‍ശാല

കൊച്ചി:  കൊച്ചിൻ ഷിപ്യാർഡിന് യൂറോപ്പില്‍ നിന്ന് കോടികളുടെ ഓർഡർ.തീരത്ത് നിന്നും ഏറെ അകലെ സമുദ്രത്തില്‍ പ്രവർത്തിക്കുന്ന സർവീസ് ഓപറേഷൻ വെസല്‍ (എസ്.ഒ.വി) വിഭാഗത്തില്‍പ്പെടുന്ന ഹൈബ്രിഡ് കപ്പലാണ് യൂറോപ്യൻ കമ്ബനിക്കു വേണ്ടി  കൊച്ചിയില്‍ നിർമ്മിക്കുന്നത്.

സമുദ്രമേഖലയില്‍ നിലയുറപ്പിച്ച്‌ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ഈ കപ്പല്‍ ഉപയോഗിക്കുക. രണ്ടു കപ്പൽ നിർമ്മിച്ചു നല്‍കാനാണ് നിലവിൽ കരാർ.

ലോകത്തിന്റെ ശ്രദ്ധ സുസ്ഥിര, പുനരുപയോഗ ഊർജ്ജത്തിലേക്ക് തിരിഞ്ഞതോടെ ആഗോള തലത്തില്‍ ഓഫ്ഷോർ ഊർജ്ജോല്‍പ്പാദന മേഖല വികസിക്കുകയാണ്. ഈ രംഗത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പടക്കുതിരയാകും കൊച്ചിൻ ഷിപ്യാർഡ് നിർമ്മിക്കുന്ന ഈ ഹൈബ്രിഡ് സർവീസ് ഓപറേഷൻ വെസല്‍. ഇത്തരം കപ്പലുകല്‍ നിർമ്മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള കപ്പല്‍ശാലയാണ് കൊച്ചിൻ ഷിപ്യാർഡ്. ഡീസലിനു പുറമെ വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഈ കപ്പല്‍ പരിസ്ഥിതി മലിനീകരണം വൻതോതില്‍ ലഘൂകരിക്കാനും സഹായിക്കും.

Signature-ad

ഹൈബ്രിഡ് ഇലക്‌ട്രിക് പ്രൊപ്പല്‍ഷൻ സിസ്റ്റവും മൂന്ന് 1300 ഇകെഡബ്ല്യു ഡീസല്‍ ജനറേറ്റർ സെറ്റുകളുമാണ് ഈ കപ്പലിന് കരുത്ത് പകരുന്നത്. കൂറ്റൻ ലിഥിയം ബാറ്ററി പാക്കാണ് ഇതിലുള്ളത്. ഇത് വൻതോതില്‍ കാർബണ്‍ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു. മികച്ച സുരക്ഷാ സംവിധാനങ്ങളും സുഖസൗകര്യങ്ങളുമുള്ള ഈ കപ്പലിലെ പ്രധാന ക്യാബിനില്‍ 54 ടെക്നീഷ്യൻമാരേയും ജീവനക്കാരേയും ഉള്‍ക്കൊള്ളും.

ഇതിനകം യുഎസ്‌എ, ജർമനി, നെതർലാൻഡ്സ്, നോർവെ, ഡെൻമാർക്ക്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കായി 50ലധികം അത്യാധുനിക കപ്പലുകള്‍ കൊച്ചിൻ ഷിപ്യാർഡ് നിർമ്മിച്ചു നല്‍കിയിട്ടുണ്ട്. ഓഫ്ഷോർ സപ്പോർട്ട് വെസലുകള്‍ നിർമ്മിക്കുന്നതില്‍ കൊച്ചിൻ ഷിപ്യാർഡ് ആഗോള തലത്തില്‍ പേരെടുത്തിട്ടുണ്ട്. നോർവീജിയൻ കമ്ബനിക്കു വേണ്ടി ഈയിടെ സ്വയംനിയന്ത്രിത ഇലക്‌ട്രിക് കാർഗോ ഫെറികള്‍ നിർമ്മിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജർമൻ കമ്ബനിക്കു വേണ്ടിയുള്ള എട്ട് മള്‍ട്ടി പർപ്പസ് വെസലുകളുടെ നിർമ്മാണവും കൊച്ചി കപ്പല്‍ശാലയില്‍ പുരോഗമിക്കുകയാണ്. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള കപ്പലുകള്‍ നിർമ്മിക്കുന്നതിലും കൊച്ചിൻ ഷിപ്യാർഡ് മികവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ഇന്ത്യൻ നാവിക സേനയ്ക്കു കൈമാറിയത് സമീപകാലത്താണ്. കൂടാതെ ആന്റി സബ്‌മറൈൻ യുദ്ധക്കപ്പലുകളും പുതുതലമുറ മിസൈല്‍ വെസലുകളും നിർമ്മിക്കാനുള്ള ഓർഡനും കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.

Back to top button
error: