തിരുവനന്തപുരം: സ്റ്റേഷനുകളിലും ബറ്റാലിയനുകളിലുമടക്കം സംസ്ഥാനത്ത് പൊലീസിന്റെ പക്കലുള്ളത് 52,649 തോക്കുകള്‍. ഇവയുടെ പരിപാലനത്തിന് ആര്‍മര്‍ വിഭാഗത്തില്‍ ആകെയുള്ളത് ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 166 പൊലീസുകാരും.
ഒന്നരപ്പതിറ്റാണ്ടിനിടെ തോക്കുകളുടെ എണ്ണം പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടും ആര്‍മര്‍ വിഭാഗത്തിന്റെ അംഗസംഖ്യ കൂട്ടിയില്ല. പരിപാലനം കൂടാതെ തോക്കുകളുടെ പരിശോധനയും പൊലീസുകാര്‍ക്ക് പരിശീലനം നല്‍കേണ്ടതും ഇവരാണ്. അംഗബലം കുറവായതിനാല്‍ ഇതെല്ലാം വഴിപാടായി മാറുന്നുവെന്ന് ആക്ഷേപം.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ടി.എം.സി 45, 303 റൈഫിള്‍സ്, എ.കെ 47, ആധുനിക സ്‌നൈപ്പര്‍ 7.62 തോക്കുകള്‍വരെ പൊലീസ് ശേഖരത്തിലുണ്ട്. 39ലധികം മോഡലുകള്‍. കൃത്യമായ ഇടവേളകളില്‍ ഇവ പരിശോധിച്ച് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആര്‍മര്‍ വിഭാഗത്തിന്റെ ചുമതലയാണ്.
തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ പൊലീസുകാര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിന് ആകെയുള്ളത് ഒരു ഹെഡ്‌കോണ്‍സ്റ്റബിള്‍ മാത്രം. ഇവിടെയുള്ള 3525 തോക്കുകളുടെ പരിപാലനവും റിപ്പയറിംഗും നിര്‍വഹിക്കേണ്ടതും ഇദ്ദേഹം തന്നെ. 1992 ലാണ് ആര്‍മര്‍ വിഭാഗത്തെ ഡിവൈ.എസ്.പിയുടെ കീഴിലാക്കിയത്. അതിനുശേഷം ജോലിഭാരത്തിന് അനുസൃതമായി അംഗബലം കൂട്ടാന്‍ നടപടിയുണ്ടായില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ തസ്തികകള്‍ക്കായി ശുപാര്‍ശ സമര്‍പ്പിച്ചെങ്കിലും ധനവകുപ്പ് എതിര്‍ത്തതിനാല്‍ നടന്നില്ല. കോണ്‍സ്റ്റബിള്‍മാരില്‍ നിന്ന് ഐ.ടി.ഐ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ യോഗ്യതയുള്ളവരെയാണ് ആര്‍മര്‍ വിഭാഗത്തില്‍ നിയോഗിക്കുന്നത്.
സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും മൂന്നുമാസത്തിലൊരിക്കല്‍ ആര്‍മര്‍ എസ്.ഐമാരും ആറുമാസത്തിലൊരിക്കല്‍ സി.ഐമാരും വര്‍ഷത്തിലൊരിക്കല്‍ ഡിവൈ.എസ്.പിയും പരിശോധിക്കണം. തോക്കുകളുടെ പ്രവര്‍ത്തനക്ഷമത, പരിപാലനം, സുരക്ഷിതത്വം ഉറപ്പാക്കണം. ഓരോവര്‍ഷവും സ്റ്റേഷനിലെ പൊലീസുകാരെ ഫയറിംഗ് പരിശീലിപ്പിക്കണം. മേജര്‍ മെയിന്റനന്‍സ് ഒഴികെ നടത്തണം എന്നൊക്കെയാണ് ചട്ടങ്ങള്‍.