നാടെങ്ങും ദസറ, നവരാത്രി ആഘോഷങ്ങളുടെ ഒരുക്കത്തിലാണ്. പ്രധാന ക്ഷേത്രങ്ങളിലെല്ലാം നവരാത്രിയുടെ അവസാന ദിവസങ്ങൾ ഏറ്റവും ആഘോഷപൂർവ്വമാക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
കൊല്ലൂർ മൂകാംബിക ക്ഷേത്രവും മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രവും എല്ലാം വിശ്വാസികളാൽ നിറഞ്ഞു കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളെ ഏറ്റവും ഭക്ത്യാദരപൂർവ്വം സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇതോടൊപ്പം തിരുപ്പതി തിരുമല ക്ഷേത്രവും ബ്രഹ്മോത്സവത്തിനായി ഒരുങ്ങിയിരിക്കുകയാണ്.
ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ദസറ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബ്രഹ്മോത്സവം തിരുപ്പതിയിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ്. ആയിരക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ തിരുപ്പതി ക്ഷേത്രത്തിലെത്തുന്നത്. വിശ്വാസികൾ കാത്തിരിക്കുന്ന ബ്രഹ്മോത്സവത്തിൽ വലിയ പ്രദക്ഷിണം ഉൾപ്പെടെയുള്ള ഗംഭീര ചടങ്ങുകൾ ആണ് തിരുപ്പതിയിൽ നടക്കുന്നത്.
നവരാത്രിക്കാലത്തെ ആഘോഷം എന്തുകൊണ്ടാണ് ബ്രഹ്മോ്സവം എന്നറിയപ്പെടുന്നത് എന്നാലോചിച്ചിട്ടുണ്ടോ? ഐതിഹ്യങ്ങള്‍ പറയുന്നതനുസരിച്ച് താൻ ചെയ്ത ചില കാര്യങ്ങളുടെ ഭാഗമായി ബ്രഹ്മാവിന് ആരാധനകളും യജ്ഞങ്ങളും യാഗങ്ങളും നടത്തുന്നതിന് വിലക്ക് കിട്ടി. ശാപമോക്ഷത്തിനായി വിഷ്ണുവിനോട് അപേക്ഷിച്ച ബ്രഹ്മാവിന് തന്റെ കൈകൊണ്ട് എല്ലാ ഉത്സവങ്ങളും നടത്താൻ വിഷ്ണു അനുമതി നൽകി. അതുകൊണ്ടാണ് ഈ ആഘോഷങ്ങളെ ബ്രഹ്മോത്സവങ്ങൾ എന്ന് വിളിക്കുന്നത്.മഹാവിഷ്ണുവിന്റെ അവതാരമായ വെങ്കിടേശ്വരനാണ് തിരുപ്പതിയിലെ ബ്രഹ്മോത്സവം സമർപ്പിച്ചിരിക്കുന്നത്. ഇത് വെങ്കിടേശ്വര ദേവിയും പദ്മാവതി ദേവിയും തമ്മിലുള്ള വിവാഹത്തെ സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്.
പ്രധാനമായും അഞ്ച് ചടങ്ങുകളാണ് ബ്രഹ്മോത്സവത്തിനുള്ളത്. ധ്വജാരോഹണം, രഥോത്സവം,സ്നാപന തിരുമഞ്ജനം, വാഹന സേവ, ചക്രസ്നാനം എന്നിവയാണിവ. ധ്വജാരോഹണത്തിൽ പതാക ഉയർത്തുന്ന ചടങ്ങാണ്. രഥോത്സവത്തിൽ വെങ്കിടേശ്വരന്‍റെ പ്രതിമ രഥത്തിൽ എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. വാഹന സേവയിൽ ഗരുഡൻ, ഹനുമന്ത തുടങ്ങിയ വിവിധ വാഹനങ്ങളിൽ ദേവതകൾ ഇരിക്കുന്നു. തുടർന്ന് ദേവതകളെ പുണ്യസ്നാനം നടത്തുന്ന ചടങ്ങാണ് സുദർശന ചക്രം.
ബ്രഹ്മോത്സവത്തിൽ മൂന്നു തരം ദർശനങ്ങളാണ് വിശ്വാസികൾക്ക് ലഭിക്കുന്നത്. സർവദർശനം എല്ലാവർക്കുമായി ലഭിക്കുന്നു. വാഹന സേവാ ദർശനം ഗരുഡൻ, ഹനുമന്ത തുടങ്ങിയ വിവിധ വാഹനങ്ങളിൽ ദേവതകൾ ഇരിക്കുന്ന സമയത്ത് ലഭിക്കുന്ന ദർശനമാണ് രണ്ടാമത്തേത്. മൂന്നാമത്തേത് അരിജിത സേവയാണ്. ഇതിനായി പ്രത്യേകം ബുക്കിങ് നടത്തി വേണം വരാൻ.