മേയ് മൂന്നിന് തുടങ്ങിയ വംശീയ കലാപം നേരിടുന്നതിലും നിയന്ത്രിക്കുന്നതിലും തികഞ്ഞ ഉദാസീന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. കലാപം ഇത്രയും നാള്‍ നീണ്ടിട്ടും വളരെ കുറഞ്ഞ അറസ്റ്റുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. കുക്കി യുവതികളെ നഗ്‌നരായി നടത്തുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിലടക്കം പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേരിട്ട് വിശദീകരണം നല്‌കാൻ മണിപ്പൂര്‍ ഡി.ജി.പി സുപ്രീംകോടതിയില്‍ ഹാജരാകണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഉത്തരവിടുകയും ചെയ്തു.
മണിപ്പൂരിലെ വംശീയകലാപം രാജ്യമാകെ ചൂടുപിടിച്ച ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയത് കുക്കി യുവതികളെ നഗ്നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതോടെയാണ്. അതുവരെ തണുത്ത സമീപനം തുടര്‍ന്നിരുന്ന കേന്ദ്ര സര്‍ക്കാരിന്, അക്രമികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‌കേണ്ടിവന്നു. മണിപ്പൂരിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള സമിതിയെ നിയോഗിച്ചിരിക്കുകയുമാണ്. സാധാരണഗതിയില്‍ ഇത്രയുമൊക്കെ ആയാല്‍ ഒരു സംസ്ഥാനത്തും മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ കഴിയില്ല. പക്ഷേ ഇപ്പോഴും ബീരേൻസിംഗിനെ മാറ്റാൻ കേന്ദ്ര സര്‍ക്കാരും ബി.ജെ.പി നേതൃത്വവും തയ്യാറായിട്ടില്ലെന്നത് ആശാസ്യകരമായ കാര്യമല്ല.
രാഷ്ട്രീയ ഇടപെടലിന്റെ തണലില്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന തോന്നല്‍ പ്രബലമാകുമ്ബോഴാണ് അക്രമികള്‍ സകലസീമകളും ലംഘിച്ച് അഴിഞ്ഞാടാൻ തുനിയുന്നത്. മണിപ്പൂരിലും ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഈ സ്ഥിതിക്കാണ് അടിയന്തരമായി മാറ്റം വരേണ്ടത്. പ്രശ്നം പരിഹരിക്കാനുള്ള ഒരു ഫോര്‍മുലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപംനല്‌കുകയും വേണം. ഇതിനേക്കാള്‍ വലിയ പ്രക്ഷോഭങ്ങളും സംഘര്‍ഷങ്ങളും ഭിന്നതകളും ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കപ്പെട്ടതിന്റെ ചരിത്രം നമുക്ക് മുന്നിലുണ്ട്. പ്രതിപക്ഷമായാലും ഭരണപക്ഷമായാലും രാഷ്ട്രീയത്തിനല്ല സാധാരണ മനുഷ്യന്റെ ജീവനാണ് മുൻഗണന നല്കേണ്ടത്.