മൂവാണ്ടൻ മാവിനെ കുറിച്ചു പറഞ്ഞാൽ തീരുമോ അതിന്റെ മഹത്വം. ഇന്ത്യയിൽ ഏറ്റവും ആദ്യം വിപണിയിൽ വരുന്ന മാങ്ങകളിൽ ഒന്നാണ് മൂവാണ്ടൻ. മഴ ഒന്ന് മാറി നിൽക്കുമ്പോഴേക്കും മാവ് പൂത്തു തുടങ്ങും. ആദ്യമായി വിപണിയിൽ വരുന്നത് കൊണ്ട് തന്നെ ഇതിനു അസാധ്യമായ വിപണ സാധ്യത മുന്നിൽ ഉണ്ട്.റബർ തോട്ടത്തിൽ പോലും വളരുമെന്നതിനാൽ റബർ കർഷകർ ഇക്കാലത്തു നേരിടുന്ന പ്രതിസന്ധിയിൽ ചിലപ്പോൾ മൂവാണ്ടൻ ഒരു പകരക്കാരൻ ആയി വന്നേക്കാം.
കാലാവസ്ഥയും മറ്റും ഒത്തുവന്നാൽ മൂന്നാമത്തെ വർഷം മുതൽ കായ്ച്ചു തുടങ്ങും എന്ന ഒരു പ്രത്യേകതയും ഈ മാവിന് കണ്ടു വരുന്നു.കൊല്ലത്തിൽ ഒന്നിൽ കൂടുതൽ പ്രാവശ്യം ഈ മാവ് പൂത്തു കായ്‌ഫലം തരുന്നു. കേരളത്തിൽ കൊല്ലം, പത്തനംതിട്ട, തൃശൂർ, എറണാകുളം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ആണ് മൂവാണ്ടൻ മാവ് ധാരാളമായി കണ്ടു വരുന്നത്.
വെള്ള കലർന്ന പച്ച നിറം ആണ് മാങ്ങകൾക്ക്. ഒരു കുലയിൽ ഒന്നോ അതിലധികമോ മാങ്ങകൾ പിടിക്കും. എന്നാൽ ഒരു ഞെട്ടിൽ ഒരു മാങ്ങയെ പിടിക്കുകയുള്ളൂ. ഞെട്ടുകൾ മാങ്ങ വളരും തോറും നീണ്ടു ഒരു വള്ളി പോലെ ആയി തീരും. മൂപ്പു എത്തിയ മാങ്ങയുടെ ഞെട്ട് ഭാഗം മഞ്ഞ കലർന്ന ക്രീം നിറം ആകും. ആ പ്രായത്തിലുള്ള മാങ്ങകൾ പൊട്ടിച്ചു ജ്യൂസ് ആക്കി കഴിക്കാൻ പ്രത്യേക രുചി ആണ്. ചെനച്ച മാങ്ങ ഉപ്പും മുളകും കൂട്ടി ഒരു പിടിപ്പിച്ചവർ ആ രുചി ജീവിതത്തിൽ മറക്കില്ല. നന്നായി പഴുത്ത മാങ്ങകൾ തൂമഞ്ഞ നിറവും അതിൽ കറുത്ത പുള്ളികളും വരും. മാവിൽ നിന്ന് പഴുത്തു വീഴുന്ന മാമ്പഴം മുഴുവൻ പഴുത്തത് ആയിരിക്കില്ല. പഴുത്തു തുടങ്ങിയ മാമ്പഴം ഒന്ന് രണ്ടു ദിവസം കൂടി എടുത്ത് വച്ചതിനു ശേഷം കഴിച്ചാൽ അപാര രുചി ആയിരിക്കും.
മാമ്പഴപുളിശ്ശേരിയും, അച്ചാറും, മീൻകറിയും എന്ന് വേണ്ട ഭൂമിയിലെ മാമ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന എല്ലാ ഇനങ്ങളും ഇവനെ കൊണ്ട് ഉണ്ടാക്കാം. മൂവാണ്ടൻ മാങ്ങയ്ക്ക് അതിന്റെതായ ഗന്ധം ഉണ്ട്. മാവിലകൾക്കും ഇതേ ഗന്ധം ഉണ്ടായിരിക്കും. അതിനാൽ ഇതിന്റെ തൈകൾ എവിടെ നിന്നാലും നമുക്ക് ഇല പൊട്ടിച്ചു നോക്കി മനസിലാക്കാൻ കഴിയും. വെള്ള മൂവാണ്ടനിൽ തന്നെ രണ്ടു മൂന്ന് ഇനങ്ങൾ കണ്ടു വരുന്നു. സ്വല്പം ഉരുണ്ടതും, പരന്നതും ചിലത് ഞെട്ടിയോട് കൂടി ചുവന്ന രാശി ഉള്ളവയും ആണ്.എന്നാൽ എല്ലാത്തിന്റെയും സ്വഭാവ ഗുണങ്ങൾ ഒന്ന് തന്നെ ആണ്.
ജനുവരി മുതൽ മെയ് വരെ കുറഞ്ഞതിന് അഞ്ച് മാസമെങ്കിലും മാങ്ങ വേണം എന്നുള്ളവർ മൂവാണ്ടൻ മാവിനെ നട്ടു വളർത്തി എടുക്കാൻ മടിക്കേണ്ട.മൂവാണ്ടൻ മാവ് എന്നു പറഞ്ഞാലേ മൂന്നാമത്തെ ആണ്ട് മുതൽ കായിച്ചു തുടങ്ങുന്ന മാവെന്നർത്ഥം !
‘മാവും പിലാവും പുളിയും കരിമ്പും തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും നിറഞ്ഞഹോ സസ്യ ലതാഢ്യമായ വീടൊന്നിതാ മുന്നിൽ വിളങ്ങിടുന്നു “-കുറ്റിപ്പുറത്ത് കേശവൻ നായർ കേരളത്തെ വർണിച്ചതു മറക്കണ്ട.