KeralaNEWS

വന്ദേഭാരത് വിശേഷങ്ങൾ; അറിയേണ്ടതെല്ലാം

ന്ദേ ഭാരത് ട്രെയിനുകളാണ് (Vande Bharat) ഇപ്പോൾ വാർത്തകളിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നത്.ഏറെ വൈകിയാണെങ്കിലും കേരളത്തിലേക്ക് എത്തിയതിനെ ഏവരും കൊണ്ടാടുകയാണ്. ഒരു സെമി ഹൈ സ്പീഡ് (Semi High Speed) ഇന്റർസിറ്റി ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റാണ് വന്ദേ ഭാരത് തീവണ്ടികൾ.
കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ.

16 കോച്ചുകളുള്ള ട്രെയിനാണ് വന്ദേഭാരത്.രാജ്യത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയും ഇതു തന്നെ.കേരളത്തിലെ ട്രാക്കുകളിലെ വേഗത പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പരമാവധി 160-180 കിലോമീറ്റർ വേഗതയിൽ വരെ ഇവയ്ക്ക് സഞ്ചരിക്കാനാവുമെന്നാണ് പറയപ്പെടുന്നത്. ‘ട്രെയിൻ 18’ എന്നറിയപ്പെട്ടിരുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് 54.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 145 സെക്കൻഡിനുള്ളിൽ പരമാവധി വേഗത കൈവരിക്കാനും കഴിയും.പക്ഷേ ഇവയെല്ലാം ട്രാക്കുകളുടെ നിലവാരവും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്.

ബോഗികളിൽ ട്രാക്ഷൻ മോട്ടോറുകളും അത്യാധുനിക സസ്പെൻഷൻ സംവിധാനവും ചേർത്തിട്ടുണ്ട് എന്നതിനാൽ ഓട്ടം സുഗമവും സുരക്ഷിതവുമാക്കുന്നു. 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്‌സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.

ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ ക്യാബിൻ ഉണ്ടെന്നത് ട്രെയിൻ അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിൽ തിരിക്കേണ്ടി വരുന്ന സമയം ലാഭിക്കാൻ സഹായിക്കും.സാധാരണ ട്രെയിനുകളിൽ നിന്നും ഏറെ വ്യത്യസ്‌തവും ആധുനികവുമാണ് ഇവ. ഭൂരിഭാഗം പാർട്‌സുകളും ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന വന്ദേ ഭാരതിന് ലോകോത്തര സൗകര്യങ്ങളാണുള്ളത്. യാത്രക്കാർക്ക് വിമാനത്തിലേതു പോലെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വേണമെങ്കിൽ പറയാം.
ശരാശരി ഇന്ത്യൻ ട്രെയിനുകളിലെ കടും നീല നിറത്തിലുള്ള സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി വന്ദേ ഭാരതിൽ എല്ലാ ക്ലാസുകളിലും ചാരിയിരിക്കുന്ന ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എക്സിക്യൂട്ടീവ് കോച്ചുകൾക്ക് 180-ഡിഗ്രി തിരിക്കാവുന്ന സീറ്റുകളുടെ അധിക സവിശേഷതയുമുണ്ട്. സാധാരണ ശതാബ്ദി ട്രെയിനുകളെ അപേക്ഷിച്ച് സീറ്റിംഗ് കപ്പാസിറ്റി പോലും വളരെ കൂടുതലാണ് വന്ദേ ഭാരതിന്. ആകെ 1,128 യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷിയാണ് ഈ സെമി ഹൈ-സ്പീഡ് തീവണ്ടിക്കുള്ളത്.
യാത്രക്കാർക്ക് ഓഡിയോ-വിഷ്വൽ പാസഞ്ചർ വിവരങ്ങളും ഇൻഫോടെയ്ൻമെന്റും നൽകുന്ന 32 ഇഞ്ച് സ്ക്രീനുകളും വന്ദേ ഭാരതിന്റെ പ്രത്യേകതയാണ്.ട്രെയിനിൽ വികലാംഗർക്ക് അനുയോജ്യമായ ശുചിമുറികളുണ്ട്.ടോയ്‌ലറ്റുകൾ ബയോ വാക്വം തരത്തിലുള്ളതാണ്.കൂടാതെ ട്രെയിനിന്റെ വിൻഡോകൾക്ക് വീതി കൂടുതലാണെന്നതിനാൽ കാഴ്ച്ചകളും എളുപ്പത്തിൽ ആസ്വദിക്കാനാവും. ട്രെയിനിൽ ഹോട്ട്‌സ്‌പോട്ട് വൈഫൈയും ഉണ്ട്.അതോടൊപ്പം കോച്ചുകളിൽ ബാഗേജുകൾക്ക് കൂടുതൽ ഇടമുണ്ടെന്നതും ശ്രദ്ധേയമായ കാര്യം തന്നെ.
റിയർ വ്യൂ ക്യാമറകൾ, ജിപിഎസ്, ഓട്ടോമാറ്റിക് ഡോറുകൾ, ഫയർ സെൻസറുകൾ, സിസിടിവി ക്യാമറകൾ, ഓൺബോർഡ് വൈഫൈ സൗകര്യങ്ങൾ, മൂന്ന് മണിക്കൂർ ബാറ്ററി ബാക്കപ്പ് എന്നിവ ഉൾപ്പെടെ കോച്ചിന് പുറത്ത് നാല് പ്ലാറ്റ്‌ഫോം സൈഡ് ക്യാമറകളുണ്ട്. ഇങ്ങനെ നാം കണ്ടുപരിചയിച്ച സാധാരണ ട്രെയിൻ ഗതാഗതങ്ങളിൽ നിന്നും ഏറെ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് വന്ദേ ഭാരത്.
കെ-റെയിലിന് പകരമാവില്ലെങ്കിലും മറ്റ് ഗതാഗത സൗകര്യങ്ങളേക്കാൾ വേഗത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ ഈ സെമി ഹൈ-സ്പീഡ് തീവണ്ടി ഉപകരിക്കും.നാല് വർഷങ്ങൾക്ക് മുമ്പ് 2019 ഫെബ്രുവരിയിലാണ് വന്ദേ ഭാരത് പുറത്തിറക്കുന്നത്.എന്തായാലും മാറ്റത്തിന്റെ പാതയിലേക്ക് കേരളത്തിലെ ട്രെയിൻ ഗതാഗതവും എത്തുന്നുവെന്നത് ഏറെ സ്വാഗതാർഹമായ കാര്യമാണ്.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊർണൂർ, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലാണ് വന്ദേ ഭാരതിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്.
തിരുവനന്തപുരത്ത് നിന്ന് (ചെയർകാർ, എക്സിക്യൂട്ടീവ് ചെയർകാർ)
കൊല്ലം- 435, 820
കോട്ടയം- 555, 1075
എറണാകുളം ടൗൺ- 765, 1420
തൃശൂർ- 880, 1650
ഷൊർണൂർ- 950, 1775
കോഴിക്കോട്- 1090, 2060
കണ്ണൂർ- 1260, 2415
കാസർകോട്- 1590, 2880
കാസർകോട് നിന്ന് (ചെയർകാർ, എക്സിക്യൂട്ടീവ് ചെയർകാർ)
കണ്ണൂർ- 445, 840
കോഴിക്കോട്- 625, 1195
ഷൊർണൂർ- 775, 1510
തൃശൂർ- 825, 1600
എറണാകുളം- 940, 1835
കോട്ടയം- 1250, 2270
കൊല്ലം- 1435, 2645
തിരുവനന്തപുരം- 1520, 2815
ചെയർകാറിൽ 914 സീറ്റും എക്സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുമാണ് ഉള്ളത്. ഐ.ആർ.സി.ടി.സി. വെബ്സൈറ്റ്, മൊബൈൽ ആപ്പ് വഴിയും സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ബുക്കിങ്ങിന്: https://www.irctc.co.in/nget/booking/train-list

Back to top button
error: