തണ്ണിമത്തൻ കഴിക്കുമ്പോൾ നമ്മൾ വലിച്ചെറിയുന്ന കുരു ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. തണ്ണിമത്തനിൽ ഉള്ളതുപോലെ തന്നെ പോഷകഗുണം അതിന്റെ കുരുവിലും ഉണ്ട്. അതുകൊണ്ടുതന്നെ തണ്ണിമത്തൻ കുരുവിന്റെ ഗുണങ്ങളെ കുറിച്ച് നമുക്കൊന്ന് നോക്കാം.
തണ്ണിമത്തന്റെ കുരുവിൽ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നീ പോഷകങ്ങളുടെയും മികച്ച കലവറയാണ്. 4 ഗ്രാം തണ്ണിമത്തന്റെ കുരുവിൽ ഏകദേശം 21 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ക്യത്യമാക്കാനും നാഡി, പേശി, ഹൃദയം എന്നിവയുടെ ആരോഗ്യകരമായ പ്രവർത്തനം നിലനിർത്തുന്നതിനും ഇത് ഉപകരിക്കും.
കലോറി കുറഞ്ഞ ഭക്ഷണമായതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലതാണ്. ഇതിന്റെ ഉപയോഗത്തിലൂടെ അമിതവണ്ണം നിയന്ത്രണവിധേയമാക്കി ഗുരുതരമായ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം.
തണ്ണിമത്തന്റെ കുരുവിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തണ്ണിമത്തന് കുരു വറുത്ത് പൊടിച്ച് ഇത് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇത് പ്രമേഹത്തിന് പരിഹാരമാകും.
മഗ്നീഷ്യം, ആന്റിഓക്സിഡന്റുകൾ, സിങ്ക് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ തണ്ണിമത്തൻ കുരു ചർമ്മത്തിന് വളരെ നല്ലതാണ്. ഇത് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുക മാത്രമല്ല, പ്രായംകൂടുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. തണ്ണിമത്തൻ കുരുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ പല ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
തണ്ണിമത്തന്റെ കുരു എടുത്തശേഷം ഒരു ചട്ടിയിലിട്ട് നന്നായി വറുത്തെടുക്കുക.ശേഷം അതിനെ ഒരു അടപ്പുള്ള ടിന്നിൽ സൂക്ഷിക്കുക. ഈ വിത്തുകളെ നിങ്ങൾക്ക് നിങ്ങളുടെ രാവിലത്തെ ഡയറ്റിൽ ഉൾപ്പെടുത്താം,നാലുമണിക്ക് കാപ്പിയോടോ ചായക്കൊപ്പമോ സ്നാക്സായും ഉപയോഗിക്കാം.