തിരുവനന്തപുരം:സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ആകാവുന്ന സിൽവർ ലൈൻ പദ്ധതിക്ക് അന്തിമാനുമതി നൽകുന്നതിൽ ഒളിച്ചുകളി തുടരുകയാണ് കേന്ദ്രം.കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതോടെ തുടക്കമിട്ട പ്രാരംഭപ്രവർത്തനങ്ങൾ തുടർ അനുമതി നൽകാത്തതിനാൽ മുടങ്ങിക്കിടക്കുകയാണ്.
വിശദ പദ്ധതിരേഖ റെയിൽവേ ബോർഡിനുമുന്നിലുണ്ട്.പദ്ധതിയിൽ നിക്ഷേപത്തിനുമുമ്പുള്ള പ്രവർത്തനങ്ങളെല്ലാം ആരംഭിക്കാമെന്ന് 2016 ആഗസ്ത് അഞ്ചിന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സാധ്യതാ പഠനം, വിശദ പദ്ധതിരേഖ തയ്യാറാക്കൽ, പ്രാരംഭ പരീക്ഷണങ്ങൾ, സർവേകളും അന്വേഷണങ്ങളും, ഭൂമിക്ക് നഷ്ടപരിഹാരം നൽകൽ, അതിർത്തി മതിൽ, റോഡ്, ചെറുപാലങ്ങളും കലുങ്കുകളും, ജല–-വൈദ്യുത ലൈൻ, പദ്ധതിപ്രദേശത്തെ ഓഫീസ്, താൽക്കാലിക താമസ സൗകര്യം തുടങ്ങിയവയുടെ നിർമാണം, പരിസ്ഥിതി പരിപാലന പദ്ധതി തയ്യാറാക്കൽ, വനം–-വന്യജീവി വകുപ്പുകളുടെ അനുമതി, ബദൽ വനവൽക്കരണം, വനഭൂമി തരംമാറ്റാനുള്ള പണം നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഏറ്റെടുക്കാമെന്നായിരുന്നു അറിയിപ്പ്.
കേരള വികസനത്തിന് അത്യന്താപേക്ഷിതമായ സംയോജിതവും സന്തുലിതവുമായ ഗതാഗത സംവിധാനം ഒരുക്കാനാണ് സിൽവർലൈൻ പദ്ധതി വിഭാവനം ചെയ്‌തത്.കേന്ദ്രവുമായുള്ള സുദീർഘമായ വികസന ചർച്ചകളിലൂടെയാണ് ഇത് രൂപംകൊണ്ടത്.കേരള സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായിട്ടായിരുന്നു കെ– റെയിലിന്റെ പിറവിയും.
അലൈൻമെന്റിൽ വരുന്ന റെയിൽവേ ഭൂമിയുടെയും ലെവൽ ക്രോസുകളുടെയും വിശദാംശം കെ–- -റെയിലിന്റെയും സതേൺ റെയിൽവേയുടെയും സംയുക്ത പരിശോധനയിലാണ് തയ്യാറാക്കിയത്. ഇതാണ് റെയിൽവേ ബോർഡിന് സമർപ്പിച്ചത്.2020 സെപ്തംബർ ഒമ്പതിന് സിൽവർ ലൈൻ ഡിപിആറും റെയിൽവേ ബോർഡിന് നൽകിയിരുന്നു. ഇതു പരിശോധിച്ച് ബോർഡ് ഉന്നയിച്ച മറ്റു സംശയത്തിനെല്ലാം നേരത്തേതന്നെ മറുപടിയും ലഭ്യമാക്കിയിരുന്നു.
കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന, എഴുതപ്പെടാൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ.കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ് കോറിഡോര്‍ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്‌പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ കുറഞ്ഞചിലവിൽ നടത്താനാകും.11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിലുള്ളത്.തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചും ഒരു സ്റ്റേഷൻ ഉണ്ടാകും.11 ജില്ലകളിലൂടെ ഈ പാത കടന്നുപോകും. 20 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ സർവീസ് നടത്തും.675 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്ളാസുള്ള ഇഎംയു (ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളാണ് ഇതിലൂടെ ഓടുക.
നിലവിലെ റെയിൽവേ ലൈനിൽ ഇതിൽ കൂടുതൽ വേഗത സ്വീകരിക്കാൻ പല പരിമിതികളുമുണ്ട്.വളവുകളും, കയറ്റിറക്കങ്ങളും നിരവധിയുള്ള ഈ വഴിയിലൂടെ മണിക്കൂറിൽ പരമാവധി 70-80 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളൂ.എന്നാൽ കെ റെയിൽ വരുന്നതോടെ ഈ കാത്തിരിപ്പിന് അവസാനമാകും. കേവലം മൂന്നര, നാല് മണിക്കൂറിനുള്ളിൽ കേരളത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കഴിയും.ഇതാണ് പദ്ധതിയുടെ മുഖ്യ ആകർഷണം.
എന്നാൽ സിൽവർ ലൈനിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്നത് വ്യാമോഹം മാത്രമെന്നായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രസ്‌താവന.സിൽവർ ലൈനിന്റെ പേരിൽ കേരളത്തിന്റെ കണ്ണായ പല സ്ഥലങ്ങളിലും വിലയിടിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുംബൈ – അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR ബുള്ളറ്റ് ട്രെയിൻ) പദ്ധതിയുടെ നിർമാണം അതിവേഗം
പുരോഗമിക്കുകയാണ്.മൊത്തം നിളം-508.17 കിലോമീറ്റർ ആണ്.
മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 12 സ്റ്റേഷനുകളാണുള്ളത്. ചിലവ് 1.1 ലക്ഷം കോടി (15 ബില്യൺ യുഎസ് ഡോളർ).നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) ജപ്പാനിൽ നിന്ന് 0.1% പലിശ നിരക്കിൽ ₹88,087 കോടി (12 ബില്യൺ യുഎസ് ഡോളർ) വായ്പയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.പാത 2026-ൽ തുറക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതി ചിലവ് ഇപ്രകാരമാണ്:
ജപ്പാൻ (JICA) : രൂപ. 88000 കോടി
ഇന്ത്യാ ഗവൺമെന്റ് : Rs. 17,000 കോടി
മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകൾ : Rs. 5000 കോടി
ഡിപ്പോകൾ :
സബർമതി റെയിൽ ഡിപ്പോ, സൂറത്ത് റെയിൽ ഡിപ്പോ, താനെ റെയിൽ ഡിപ്പോ
സ്റ്റേഷനുകളുടെ എണ്ണം : 12
സ്റ്റേഷന്റെ പേരുകൾ: ബാന്ദ്ര , താനെ, വിരാർ, ബോയ്സർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്/നാദിയാദ്, അഹമ്മദാബാദ്, സബർമതി
മുംബൈ ഒഴികെ ഭൂമിയിൽ നിന്ന് 10-15 മീറ്റർ ഉയരമുള്ള ഒരു വയഡക്‌റ്റിലാണ് ട്രെയിൻ ഓടുന്നത്.