പത്തനംതിട്ട:ശക്തമായ കാറ്റിലും മഴയിലും അടൂർ, ചെങ്ങന്നൂർ മേഖലകളിൽ വ്യാപക നാശനഷ്ടങ്ങൾ.
ചെങ്ങന്നൂരിൽ റെയില്‍വേ സ്റ്റേഷന് പരിസരം,പേരിശ്ശേരി, തിട്ടമേല്‍, പാണ്ടനാട്, നാക്കട മേഖലകളിലാണ് ഏറെ നാശമുണ്ടായത്. വീട്ടിനു മുകളിലേക്കും റോഡിനു കുറുകെയും മരങ്ങള്‍ വീണും വൈദ്യുതി കമ്ബികള്‍ പൊട്ടിയും തൂണുകള്‍ ഒടിഞ്ഞു വീണുമാണ് നാശമുണ്ടായത്. ഈ മേഖലയിലെ വൈദ്യുതി ബന്ധവും നിലച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 ഓടെ അതിശക്തമായി വീശിയടിച്ച കാറ്റിനെ തുടര്‍ന്നാണ് നാശം വിതച്ചത്.
അടൂരിൽ പള്ളിക്കല്‍, ഏറത്ത് പഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ.മരങ്ങള്‍ വീണ് നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതിപോസ്റ്റ് ഒടിയുകയും ലൈനുകള്‍ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്.
മുണ്ടപ്പള്ളി പ്ലാക്കാട് ജംഗ്ഷന് സമീപം പുത്തന്‍പുരയില്‍ പുരുഷോത്തമന്, അനില്‍ ഭവനത്തില്‍ അനില്‍ കുമാര്‍, സന്തോഷ് ഭവനത്തില്‍ സന്തോഷ് കുമാര്‍, ശ്രീഭവനത്തില്‍ ഉമ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. രൂദ്രാണി മന്ദിരത്തിരത്തില്‍ പ്രസാദിന്റെ വീടിന് മുകളിലേക്ക് തെങ്ങും മാവും ഒടിഞ്ഞ് വീണ് വീടിന്റ ഒരുഭാഗം നിലംപതിച്ചു. മീനാക്ഷി ഭവനത്തില്‍ പ്രസാദിന്റെ വീടിന് മുകളിലേക്ക് റബര്‍മരം പിഴുതുവീണ് നാശമുണ്ടായി. കരുണാലയത്തില്‍ രത്നകുമാറിന്റെ വീടിന് മുന്നില്‍ നിന്ന രണ്ട് മാവുകള്‍ വീടിന്റെ ഇരുവശത്തേക്കായി ഒടിഞ്ഞ് വീണു. തെങ്ങമം കിഴക്ക് പുഷ്പമംഗലത്ത് രാമചന്ദ്രക്കുറുപ്പിന്റേയും മുണ്ടപ്പള്ളി ബിനു ഭവനത്തില്‍ പി.ജി ബാബുവിന്റെയും വീട്ടുകളുടെ മേല്‍ക്കൂരയിലെ ഓടുകള്‍ ശക്തമായ കാറ്റില്‍ ഇളകിപ്പോയി. തെങ്ങമം കിഴക്ക്, മുണ്ടപ്പള്ളി പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞു വീണ് വൈദ്യുതി ബന്ധവും തകരാറിലായി.
റാന്നിയിൽ വൈദ്യുതി പോസ്റ്റ് ലൈനുൾപ്പടെ പൊട്ടി മാരുതി വാനിന് മുകളിൽ വീണെങ്കിലും വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു.അങ്ങാടി ബൈപ്പാസിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പരുത്തിക്കുഴി ഗവ.എല്‍.പി.സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. ഒരു മാസത്തിന് മുമ്ബ് നിര്‍മ്മിച്ച പ്രവേശന കവാടവും നിലംപതിച്ചു.
സ്കൂളിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഓഫീസ് മുറി പ്രവര്‍ത്തിക്കുന്ന ഭാഗത്തുള്ള ഷീറ്റുകളാണ് ഇളകിത്തെറിച്ചത്. മഴവെള്ളം മുഴുവന്‍ ഓഫീസില്‍ നിറഞ്ഞതോടെ ഫയലുകളും ഫര്‍ണിച്ചറുകളും തകര്‍ന്നു. കമ്ബ്യൂട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും വെള്ളം കയറി. ഗേറ്റിന് വെളിയില്‍ ഒരു മാസം മുമ്ബ് സ്ഥാപിച്ച പ്രവേശന കവാടം പൂര്‍ണമായി നിലം പതിച്ചു.