LocalNEWS

പത്തനംതിട്ടയിൽ കർഷകരുടെ പ്രതീക്ഷ കാറ്റെടുത്തു

പത്തനംതിട്ട: ഓണവിപണി ലക്ഷ്യമിട്ട് നട്ടുപരിപാലിച്ചുപോന്ന ഏത്തവാഴകൾ ഒന്നിനുപിറകെ ഒന്നായി ഒടിഞ്ഞു വീഴുന്നത് കണ്ടുനിൽക്കാനേ അവർക്കായുള്ളു.വേനൽമഴയ്ക്കൊപ്പം എത്തിയ കാറ്റിൽ ആയിരക്കണക്കിന് ഏത്തവാഴകളാണ് ജില്ലയിൽ നശിച്ചത്.
പത്തനംതിട്ട ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ വേനൽ മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ കാർഷിക മേഖലയിൽ മാത്രം രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ട് പാകമാക്കിയ ഏത്തവാഴ കർഷകർക്കാണ് കനത്ത നാശം  നേരിട്ടത്.അടൂർ, ഏറത്ത്,ഏഴംകുളം, കടമ്പനാട് എന്നിവിടങ്ങളിലാണ് ഏറെ നാശം. കാർഷിക മേഖലയായ മൂന്നു പഞ്ചായത്തുകളിൽ മുപ്പതിനായിരത്തിലധികം വാഴ നശിച്ചു. ഏറത്ത്. മണ്ണടി, നിലാവൽ. ഏനാത്ത് ഭാഗങ്ങളിൽ മിക്ക വയലുകളിലും കൃഷിനാശം സംഭവിച്ചു.
വാഴ കൃഷിക്കൊപ്പം പന്തൽ ഇട്ടു ചെയ്യുന്ന പാവൽ, പടവലം, പയർ, വെറ്റില കൃഷികളും നിലംപതിച്ചിട്ടുണ്ട്.ഇതുമൂലം വിളകൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടില്ലാത്ത പാട്ടക്കർഷകരാണ് ഏറെ ദുരിതത്തിലായത്.ബാങ്കിൽ നിന്ന് വായ്പയെടുത്താണ് ഇവരിൽ ഭൂരിഭാഗവും കൃഷി ഇറക്കിയത്. ഇനി വായ്പത്തുക എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തെ കർഷകർ.

Back to top button
error: